Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി സിറ്റി പൊലീസ്...

കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ കസേരയില്‍ സി.പി.എം ഏരിയ സെക്രട്ടറിയെ ഇരുത്തണം -വി.ഡി. സതീശൻ

text_fields
bookmark_border
കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ കസേരയില്‍ സി.പി.എം ഏരിയ സെക്രട്ടറിയെ ഇരുത്തണം -വി.ഡി. സതീശൻ
cancel

കൊച്ചി: സി.പി.എം ഏരിയ സെക്രട്ടറി സ്റ്റേഷനില്‍ എത്തി കേസിലെ വകുപ്പ് മാറ്റുന്നത് എന്തൊരു വിരോധാഭാസമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘കരിങ്കൊടി കാട്ടിയവരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാനാണ് ശ്രമിച്ചത്. ആദ്യം ജാമ്യം ലഭിക്കുന്ന കേസ് ചുമത്തി. പിന്നീട് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെയും മറ്റു നേതാക്കളുടെയും നിര്‍ദ്ദശപ്രകാരമാണ് ജാമ്യം ഇല്ലാത്ത കേസാക്കി മാറ്റിയത്. സി.പി.എം ഏരിയ സെക്രട്ടറിയാണോ നഗരത്തിലെ പൊലീസ് കമ്മിഷണര്‍? ഇങ്ങനെയെങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ആ കസേരയില്‍ നിന്നും മാറി സി.പി.എം ഏരിയ സെക്രട്ടറിയെ ആ കസേരയില്‍ ഇരുത്തണം’ -സതീശൻ പറഞ്ഞു.

എം.പിയും എം.എല്‍.എമാരും ഡി.സി.സി അധ്യക്ഷനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാത്രി തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ പൊലീസ് തയാറായത്.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ പ്രതിഷേധിക്കാന്‍ പാടില്ലെന്ന പുതിയ നയമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സി.പി.എം പ്രദേശിക നേതാക്കള്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചതും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തത്.

ഉപജാപകസംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥനാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. അതിനായി പ്രത്യേക സംഘമുണ്ട്. ആ സംഘത്തിന്റെ പേര് വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ വിളിച്ചപ്പോഴും കമ്മിഷണര്‍ അദ്ദേഹത്തിന്റെ നിസഹായാവസ്ഥയാണ് പറഞ്ഞത്. അതുകൊണ്ടാണ് ഏരിയ സെക്രട്ടറിയെ കമ്മിഷണര്‍ കസേരയില്‍ ഇരുത്തിയാല്‍ മതിയെന്നു പറഞ്ഞത്. പോയി കക്കൂസ് കഴുകെടാ എന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞപ്പോള്‍ അതുകേട്ട് മറ്റൊരു ഉന്നത ഉദ്യോഗസ്ഥര്‍ ചിരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു.

തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാട്ടിയ എസ്.എഫ്.ഐക്കാരും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസുകാരും ചെയ്തത് ഒരേ കുറ്റമാണ്. എന്നിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ജാമ്യമില്ലാത്ത കേസും എസ്.എഫ്.ഐക്കാര്‍ക്കെതിരെ ജാമ്യമുള്ള കേസുമാണ് പൊലീസ് ചുമത്തിയത്. ഒരേ പോലെ എഫ്.ഐ.ആര്‍ ഇട്ട കേസിലാണ് പൊലീസ് ഇത്രയും വൃത്തികേട് കാട്ടിയത്. ഇതാണ് കേരളത്തില്‍ നടക്കുന്ന പച്ചയായ യാഥാര്‍ത്ഥ്യം. പുതുവത്സരദിനത്തില്‍ പിണറായിയുടെ പൊലീസ് ചെയ്ത ഇരട്ടനീതിയാണിത്.

മുഖ്യമന്ത്രിക്ക് എതിരെ ആരും പ്രതിഷേധിക്കാന്‍ പാടില്ലെന്നത് ജനാധിപത്യവിരുദ്ധമാണ്. കേരളം മുഴുവന്‍ സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ സാഹചര്യത്തില്‍ എല്‍.ഡി.എഫ് നടത്തിയ തെരഞ്ഞെടുപ്പ് കാമ്പയിനാണ് നവകേരള സദസെന്ന ആര്‍ഭാടസദസ്. മന്ത്രിമാരെ ഉപയോഗിച്ച് ആളുകളെ അധിക്ഷേപിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

സജി ചെറിയാന്‍ ബിഷപ്പുമാര്‍ക്കെതിരെ നടത്തിയ അധിക്ഷേപം തള്ളിപ്പറയാന്‍ മുഖ്യമന്ത്രി ഇപ്പോഴും തയാറായിട്ടില്ല. നവകേരള സദസ് യു.ഡി.എഫ് ബഹിഷ്‌ക്കരിച്ചിട്ടും മുഖ്യമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണത്തിന് പോയ ആരെയും ഞങ്ങള്‍ അധിക്ഷേപിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ യോഗത്തിന് പോയതിന്റെ പേരില്‍ സഭാമേലധ്യക്ഷന്‍മാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാന്‍ നടപടി ഗുരുതരമായ തെറ്റാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സജി ചെറിയാന്‍ ഇത് പറഞ്ഞത്. അതുകൊണ്ടാണ് തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയാറാകാത്തത്.

ഭരണഘടനാ പദവിയില്‍ ഇരുന്ന് ഇത്തരം പരാമര്‍ശം നടത്തിയ മന്ത്രിയോട് രാജിവച്ച് പുറത്ത് പോകാനാണ് ആവശ്യപ്പെടേണ്ടത്. സജി ചെറിയാനെ തള്ളിപ്പറയാന്‍ എം.വി ഗോവിന്ദനും തയാറായിട്ടില്ല. പ്രസംഗത്തെ തള്ളിപ്പറയാനും ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെടാനും ഗോവിന്ദന്‍ തയാറുണ്ടോ? ഇക്കാര്യത്തില്‍ ജോസ് കെ. മാണിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നിലപാട് എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ട്.

സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയെന്ന ബി.ജെ.പിയുടെ അതേരീതിയാണ് സി.പി.എം കേരളത്തില്‍ നടപ്പാക്കുന്നത്. ഏകസിവില്‍ കോഡ്, ഫലസ്തീന്‍, അയോധ്യ വിഷയങ്ങളില്‍ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി അതില്‍ നിന്നും ലാഭം ഉണ്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്. എന്നാല്‍ സ്പീക്കറുടെ മിത്ത് വിവാദത്തെ ഭിന്നിപ്പ് ഉണ്ടാക്കുന്ന തരത്തിലേക്ക് വളര്‍ത്തരുതെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. കോണ്‍ഗ്രസ് മലപ്പുറത്ത് ഫലസ്തീന്‍ ഐക്യറാലി നടത്തി ഒരാഴ്ച കഴിഞ്ഞാണ് സി.പി.എം റാലി നടത്തിയത്. എന്നിട്ടാണ് കോണ്‍ഗ്രസ് റാലി വൈകിയെന്ന് മുഖ്യമന്ത്രി നവകേരള സദസില്‍ പ്രസംഗിച്ചത്.

അയോധ്യയിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഔദ്യോഗിക ക്ഷണമില്ല. വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനം പറയും. സമതയുടെ ജിഫ്രി തങ്ങളും പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഭിന്നിപ്പുണ്ടാകരുതെന്ന മനസോടെയാണ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സി.പി.എം ശ്രമിക്കുന്നത്.

ആശുപത്രിയില്‍ മരുന്ന് പോലും ഇല്ലാത്ത സ്ഥിതിയാണ്. സാമൂഹിക ക്ഷേമ, വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. ഗുരുതരമായ ഭരണസ്തംഭനം നിലനില്‍ക്കുമ്പോഴാണ് നാട്ടുകാരില്‍ നിന്നും പണം പിരിച്ച് കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അശ്ലീലസദസ് സംഘടിപ്പിച്ചത്.

കേരള ചരിത്രത്തിലെ ഏറ്റവും ദയനീയമായ ധനപ്രതിസന്ധിയിലേക്കാണ് സര്‍ക്കാര്‍ കൂപ്പുകുത്തിയിരിക്കുന്നത്. ട്രഷറി താഴിട്ട് പൂട്ടിയിട്ടാണ് ധനമന്ത്രി 44 ദിവസവും തിരുവനന്തപുരത്ത് നിന്ന് മാറി നിന്നത്. നവകേരള സദസിലെ കെ.എം മാണിയുടെ നാട്ടിലെ എം.പിക്ക് റബറിനെ കുറിച്ച് സംസാരിക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലായിരുന്നു. ഇതല്ലെങ്കില്‍ പിന്നെ എന്ത് വിഷയമാണ് ചര്‍ച്ച ചെയ്യേണ്ടത്. 44 ദിവസത്തെ ആര്‍ഭാട നാടകത്തിലൂടെ ഏതെങ്കിലും ഓരാളുടെ കണ്ണീരൊപ്പാന്‍ സാധിച്ചിട്ടുണ്ടോ?

എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും പ്രതിഷേധിക്കും. അടിച്ചാല്‍ തിരിച്ചും കൊടുക്കും. യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം ഒരുക്കും -സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeVD satheesan
News Summary - VD satheesan against kerala police
Next Story