ജലീൽ പറഞ്ഞത് ഒരിന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്ക് -വി.ഡി. സതീശൻ
text_fieldsപാലക്കാട്: മുൻമന്ത്രി കെ.ടി. ജലീൽ നടത്തിയ 'അസാദ് കശ്മീർ' എന്ന പ്രയോഗം ഒരിന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാകിസ്താൻ കൈവശപ്പെടുത്തിയ കശ്മീരിനെ കുറിച്ച് അവർ നയതന്ത്ര വേദികളിൽ നിരന്തരം ഉപയോഗിക്കുന്ന വാക്കാണ് 'ആസാദ് കശ്മീർ' എന്നത്. ആ വാക് പ്രയോഗമാണ് ജലീൽ നടത്തിയത്. നമ്മുടെ കശ്മീരിനെ കുറിച്ച് ഇന്ത്യൻ അധീന കശ്മീർ എന്നതും പാകിസ്താന്റെ പ്രയോഗമാണ്. പാകിസ്താന്റെ കൈവശമുള്ള കശ്മീരിനെ ഇന്ത്യ പാക് അധീന കശ്മീർ എന്നാണ് വിളിക്കുന്നത്. ഇതൊന്നും അറിയാതെയാണോ ജലീൽ ആ വാക്ക് ഉപയോഗിച്ചത് എന്ന് വ്യക്തമല്ല. അറവില്ലായ്മ കൊണ്ട് തെറ്റ് പറ്റിയതാണെങ്കിൽ ജലീൽ അവ പിൻവലിച്ച് പൊതുജനത്തോട് മാപ്പ് പറയണം' -സതീശൻ പറഞ്ഞു.
പാകിസ്താന്റെ കൈവശമുള്ള കശ്മീർ സ്വതന്ത്ര കാശ്മീർ ആണെന്ന പാക് വാദത്തെയാണ് ജലീൽ പ്രചരിപ്പിക്കുന്നത്. ഇത് അറിവില്ലായ്മയാണോ, വിവാദവിഷയങ്ങളിൽ നിന്ന് സർക്കാറിനെ രക്ഷിക്കാൻ സി.പി.എം പയറ്റുന്ന തന്ത്രമാണോ എന്ന് വ്യക്തമല്ല. രാഹുൽ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചതും എ.കെ.ജി സെന്ററിന് പടക്കമെറിഞ്ഞതും ഭരണഘടന വിരുദ്ധ പരാമർശം നടത്തിയതും കെ.കെ. രമയെ അധിക്ഷേപിച്ചതും കണക്കിലെടുത്താൽ ഇതും അത്തരമൊരു തന്ത്രമാണോ എന്ന് സംശയിക്കാവുന്നതാണ്.
ജലീൽ തുടർച്ചയായി വിവാദം സൃഷ്ടിക്കുകയാണ്. മാധ്യമത്തിന്റെ യു.എ.ഇ പതിപ്പ് പൂട്ടിക്കാൻ പേര് മാറ്റി അബ്ദുൽ ജലീൽ എന്ന പേരിൽ യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതി ഗുരുതരമായ പ്രോട്ടോകോൾ ലംഘനമാണ് നടത്തിയത്. ഇത്ര ഗുരുതരമായ നിയമലംഘനം നടത്തിയെന്ന് പിണറായി ശരിവെച്ചിട്ടും ജലീലിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ലോകായുക്തയെ വ്യക്തിപരമായി ആക്ഷേപിച്ച് ഒരാഴ്ച തുടർച്ചയായി ജലീൽ പോസ്റ്റിട്ടിരുന്നു.
ഇതിനെതിരെയും നടപടി എടുത്തിട്ടില്ല. ഇൗ സാഹചര്യത്തിൽ സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണോ ജലീൽ ഇത്തരം പരാമർശം നടത്തുന്നതെന്ന് അവർ വ്യക്തമാക്കണം. ജലീലിന്റെ പരാമർശം രാജ്യതാൽപര്യത്തിന് വിരുദ്ധമാണ്. ജലീലിന് ഇങ്ങനെ ഒരു നിലപാട് ഉണ്ടെങ്കിൽ അത് തുറന്ന് പറയട്ടെ. സി.പി.എമ്മും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കട്ടെ -സതീശൻ പറഞ്ഞു.
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കശ്മീർ യാത്രാ വിവരണത്തിലാണ് ജലീൽ വിവാദ പരാമർശങ്ങൾ നടത്തിയത്. 'ആസാദ് കശ്മീർ', 'ഇന്ത്യൻ അധീന ജമ്മു കശ്മീർ' എന്നിങ്ങനെയായിരുന്നു പരാമർശങ്ങൾ. ഇതിനെതിരെ കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. കെ.ടി ജലീലിനെ രാജ്യദ്രോഹി എന്ന് വിളിച്ചാണ് പ്രൾഹാദ് ജോഷി വിമർശിച്ചത്.
'കോൺഗ്രസിലോ കമ്യൂണിസ്റ്റ് പാർട്ടിയിലോ ആണ് അവർ പ്രവർത്തിക്കുന്നത്. അവർ ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടതുണ്ട്. ഇതുപോലെയാണ് അവർ സംസാരിക്കുന്നതെങ്കിൽ അവർ രാജ്യദ്രോഹിയാണ്. കേരള സർക്കാർ ഇക്കാര്യം കർശനമായി കൈകാര്യം ചെയ്യണം' -പ്രൾഹാദ് ജോഷി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കെ.ടി. ജലീൽ ഫേസ്ബുക്കിലെഴുതിയ കശ്മീർ യാത്രാ വിവരണം വിവാദത്തിലായത്. പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു എന്നാണ് ലേഖനത്തിലുള്ളത്ത്‍. വിഭജന കാലത്ത് കശ്മീരിനെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ പറയുന്നു. ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് കുറിപ്പിൽ വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.