മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കണം, അല്ലെങ്കിൽ പുറത്താക്കണം -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കോർപറേഷനിലെ താത്കാലിക തസ്തികകളിൽ ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ല സെക്രട്ടറിക്ക് കത്തയച്ചത് കേരളത്തിലെ തൊഴിലന്വേഷിക്കുന്ന ചെറുപ്പക്കാരെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉത്തരവാദിത്തം ഏറ്റെടുത്ത് മേയർ രാജിവെക്കണമെന്നും രാജി വെക്കാൻ തയാറായില്ലെങ്കിൽ അവരെ മേയർ സ്ഥാനത്തുനിന്ന് പുറത്താക്കാൻ സി.പി.എം തയാറാകണമെന്നും സതീശൻ പറഞ്ഞു.
സി.പി.എം കൂടി അറിഞ്ഞാണ് ഈ ഏർപ്പാടുകൾ നടക്കുന്നത്. നേരത്തെയും ഇതുപോലെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. എസ്.എ.ടി ആശുപത്രിയിലേക്ക് നിയമിക്കാനുള്ള ആളുകളുടെ പട്ടിക ആവശ്യപ്പെട്ടായിരുന്നു അന്ന് കത്തയച്ചത് -പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാത്രമല്ല, പൊതുമേഖല സ്ഥാപനങ്ങളിൽ വ്യാപകമായി സി.പി.എം ജില്ല സെക്രട്ടറിമാർ കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചുള്ള നിയമനങ്ങൾ നടക്കുകയാണ്. ഈ പിൻവാതിലിലൂടെ നിയമിക്കപ്പെടുന്ന താൽക്കാലികക്കാർ തുടരുന്നത് കൊണ്ടാണ് പി.എസ്.സി മുഖേനെ നിയമനം ലഭിച്ച പലർക്കും അവരുടെ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ ഡിപാർട്മെന്‍റ് ഹെഡ് മടിക്കുന്നത് -അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിൽ ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ല സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തായത്. 295 ഒഴിവുകൾ ഉണ്ടെന്ന് കാട്ടിയാണ് മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്.
എന്നാൽ, കത്ത് വ്യാജമാണെന്ന് ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ജില്ല സെക്രട്ടറിയും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.