മുഖ്യമന്ത്രി നടത്തുന്നത് ആര്‍ത്തി പ്രഭാഷണ പരമ്പര -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണമാണുള്ളതെന്നും വളരെ പ്രധാനപ്പെട്ട അന്വേഷണം നടക്കുന്നതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയം നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും ഇന്ന് നിയമസഭയില്‍ പോലും വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ ബഹിഷ്‌കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ.
കഴിഞ്ഞ കുറെ ദിവസങ്ങളായി മുഖ്യമന്ത്രി ആര്‍ത്തിയെ കുറിച്ചുള്ള പ്രഭാഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആര്‍ത്തി പാടില്ല, ആര്‍ത്തിയാണ് മനസമാധാനം നഷ്ടപ്പെടുത്തുന്നത്, മനസമാധാനം ഇല്ലെങ്കില്‍ ഉറങ്ങാന്‍ പറ്റില്ല... തുടങ്ങി ആര്‍ത്തി പ്രഭാഷണത്തിന്റെ പരമ്പരയാണ് മുഖ്യമന്ത്രി നടത്തുന്നത്.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കും മുഖ്യമന്ത്രിക്കും എതിരെ രണ്ട് സ്റ്റ്യാറ്റൂട്ടറി അതോറിട്ടികളുടെ കണ്ടെത്തലുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡും രജിസ്ട്രാര്‍ ഓഫ് കമ്പനീസും നടത്തിയ അന്വേഷണങ്ങളില്‍ ഗൗരവതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഒരു സേവനവും നല്‍കാതെ വലിയ തുക മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് എത്തിയെന്നാണ് കണ്ടെത്തല്‍. ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കുന്ന മുഖ്യമന്ത്രിയെ കൊണ്ടുള്ള കാര്യസാധ്യത്തിന് വേണ്ടി പണം നല്‍കിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതേക്കുറിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസും അന്വേഷിക്കുകയാണ്.
വിഷയം അവതരിപ്പിക്കാതിരിക്കാന്‍ ഭരണപക്ഷാംഗങ്ങളാണ് ബഹളം ഉണ്ടാക്കിയത്. സഭാ നടപടികള്‍ തടസപ്പെടുത്തിയതും ഭരണപക്ഷമാണ്. മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ ഒരു വാക്കും പറയാന്‍ പാടില്ല, തെരുവില്‍ പ്രതിഷേധങ്ങള്‍ പാടില്ല എന്നതാണ് അവരുടെ നിലപാട്. പ്രതിപക്ഷ അവകാശങ്ങള്‍ റോഡില്‍ അടിച്ചമര്‍ത്തപ്പെടുകയും നിയമസഭയില്‍ നിഷേധിക്കപ്പെടുകയുമാണ്. അതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചത്.
നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി പറഞ്ഞ ദിവസവും ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഗുരുതര ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഇതുവരെ ഒരു മറുപടിയും പറഞ്ഞിട്ടില്ല. രണ്ട് കയ്യും പൊക്കിപ്പിടിച്ച് കൈകള്‍ പരിശുദ്ധമാണെന്നാണ് പറഞ്ഞത്.
മാസപ്പടി ആരോപണം മാത്യു കുഴല്‍നാടന്‍ ആദ്യം നിയസഭയില്‍ ഉന്നയിച്ചപ്പോള്‍ ഒരു രേഖയും ഹാജരാക്കാന്‍ ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് അനുവദിച്ചില്ലെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അവസരം നല്‍കിയിട്ടും ഒരു രേഖയും ഹാജരാക്കിയില്ലെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് പറയുന്നത്. അപ്പോള്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണ്. ഇക്കാര്യം സഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു മറുപടിയും ഇല്ലാത്തതു കൊണ്ടാണ് രണ്ട് കയ്യും പൊക്കി പരിശുദ്ധമാണെന്ന് പറഞ്ഞത്. അധികാരം ദുരുപയോഗപ്പെടുത്തിക്കൊണ്ടുള്ള വലിയ അഴിമതിയാണ് നടന്നത്. അഴിമതി അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണം പ്രതിപക്ഷത്തിന്റേതല്ല സ്റ്റാറ്റിയൂട്ടറി അതോറിട്ടികളുടെ കണ്ടെത്തലാണ്. ഈ കണ്ടെത്തലില്‍ മറ്റൊരു സ്റ്റാറ്റിയൂട്ടറി അതോറിട്ടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാര്യം പ്രതിപക്ഷമല്ലാതെ ആരാണ് നിയമസഭയില്‍ കൊണ്ടു വരേണ്ടത്. നിയമസഭയില്‍ അല്ലാതെ തെരുവിലാണോ ചര്‍ച്ച ചെയ്യേണ്ടത്. അന്വേഷത്തിന്റെ രേഖകള്‍ ഇന്നാണ് പുറത്ത് വന്നത്. അതുകൊണ്ടാണ് ഈ വിഷയം ഇന്ന് നിയമസഭയില്‍ ഉന്നയിച്ചത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം സെറ്റില്‍മെന്റില്‍ അവസാനിക്കും. അതിന്റെ ഭാഗമായാണ് അന്വേഷണത്തിന് എട്ട് മാസത്തെ സാവകാശം നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം മറ്റ് നിയമ നടപടികള്‍ ആലോചിക്കും.
എല്‍.ഡി.എഫിനും സി.പി.എമ്മിനും ഒപ്പം കേന്ദ്രത്തിനെതിരായ സമരത്തിനും ഇല്ലെന്ന് യു.ഡി.എഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഡെവലൂഷന്‍ ഓഫ് ടാക്‌സ് സംബന്ധിച്ച വിഷയം യു.ഡി.എഫ് എം.പിമാര്‍ കേന്ദ്ര ധനകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാം കേന്ദ്ര അവഗണനയാണെന്ന് വരുത്തി തീര്‍ത്ത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ധൂര്‍ത്തും മറച്ചുവയ്ക്കാനുള്ള ശ്രമത്തിനൊപ്പം പ്രതിപക്ഷം ചേരില്ല.
പി.വി അന്‍വറിന്റെ ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രി പോലും ഒന്നും പറഞ്ഞില്ല. ആരോപണം കേട്ട് സ്പീക്കറും മന്ത്രിമാരും നിയമസഭാ അംഗങ്ങളും ഒന്നിച്ച് ചിരിച്ചല്ലോ -സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.