അരി വില 65: ജനം നട്ടംതിരിയുന്നത് സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു -വി.ഡി. സതീശൻ
text_fieldsപറവൂർ: വിലക്കയറ്റവും പൊലീസ് അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും മൂലം ജനം നട്ടംതിരിയുന്നത് കണ്ടില്ലെന്ന് നടിക്കുന്ന സർക്കാറിനെതിരെ യു.ഡി.എഫും കോണ്‍ഗ്രസും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് അരി വില 65 രൂപയായിട്ടും വിപണിയിൽ ഇടപെടാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഓണത്തിനുശേഷം രൂക്ഷമായ വിലക്കയറ്റമുണ്ടായിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ല. ആന്ധ്രയില്‍നിന്ന് അരി കൊണ്ടുവരുമെന്ന് ഒരു മാസമായി മന്ത്രി പറയുകയാണ്. മുഖ്യമന്ത്രിക്ക് മുന്നില്‍ എല്ലാ ദിവസത്തെയും വിലനിലവാരം എത്തും. ഏതെങ്കിലും ദിവസം മുഖ്യമന്ത്രി അത് പരിശോധിച്ചിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങളും കെടുകാര്യസ്ഥതയും വര്‍ധിച്ചിരിക്കുകയാണ്. വിലക്കയറ്റത്തിനും പൊലീസ് അതിക്രമങ്ങൾക്കുമെതിരെയും മുന്‍ മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കുമെതിരായ വെളിപ്പെടുത്തലില്‍ കേസെടുക്കാത്തതിലും പ്രതിഷേധിച്ച് യു.ഡി.എഫും കോണ്‍ഗ്രസും സമരമുഖത്തേക്ക് കടക്കും. ചൊവ്വാഴ്ച എറണാകുളത്ത് മയക്കുമരുന്ന് വിരുദ്ധ കാമ്പയിന് യു.ഡി.എഫ് തുടക്കം കുറിക്കും.
നവംബര്‍ മൂന്നിന് സെക്രട്ടേറിയറ്റിലേക്കും ജില്ല കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കും. എട്ടിന് യു.ഡി.എഫ് നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച് നടക്കും. മൂന്നാം ഘട്ടത്തില്‍ സെക്രട്ടേറിയറ്റ് വളയും. ഇതിനൊപ്പം യു.ഡി.എഫ് കോണ്‍ഗ്രസ് പോഷക സംഘടനകളും വിവിധ വിഷയങ്ങളുന്നയിച്ച് സമരത്തിലേക്ക് കടക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.