‘ഇങ്ങോട്ട് ഒരു തണ്ട് പറഞ്ഞാൽ തിരിച്ച് രണ്ട് പറയുന്നവരാണ് പാലാക്കാർ’; മുഖ്യമന്ത്രിയുടെ വിമർശനത്തിൽ പ്രതികരിക്കാത്ത ചാഴിക്കാടനെതിരെ വി.ഡി. സതീശൻ
text_fieldsപാലാ: കോട്ടയത്ത് കേരള കോൺഗ്രസ് എം നേതാവും ലോക്സഭ സ്ഥാനാർഥിയുമായ തോമസ് ചാഴിക്കാടനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നവകേരള യാത്രയുടെ ഭാഗമായി പാലായിലെത്തിയ മുഖ്യമന്ത്രിയെ സദസിലിരുത്തി റബർ വിലയിടവിനെ കുറിച്ച് തോമസ് ചാഴിക്കാൻ പരാമർശം നടത്തിയിരുന്നു.
അന്ന് ചാഴിക്കാടന്‍റെ പരാമർശത്തെ വേദിയിൽ വെച്ച് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കാൻ തയാറാകാത്ത കേരള കോൺഗ്രസിന്‍റെയും ചാഴിക്കാടന്‍റെയും നടപടിയെയാണ് സമരാഗ്നി യാത്രയുടെ വേദിയിൽ വി.ഡി. സതീശൻ വിമർശിച്ചത്.
പാലായിലെ യോഗത്തിൽ റബറിനെ കുറിച്ച് സ്ഥലം എം.പി പറയാൻ പാടില്ലെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. റബറിനെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ മുഖ്യമന്ത്രി ക്ഷുഭിതനായി. പാലായിൽ വെച്ചല്ലാതെ എവിടെ വെച്ചാണ് റബറിന്‍റെ കാര്യം പറയേണ്ടതെന്നും വി.ഡി. സതീശൻ ചോദിച്ചു.
20 വയസുള്ളപ്പോൾ പാലായിൽ താൻ വന്നിട്ടുണ്ട്. അന്ന് മുതൽ പാലായുമായി തനിക്ക് ബന്ധമുണ്ട്. അങ്ങോട്ട് ഒരു തണ്ട് വർത്തമാനം പറഞ്ഞാൽ തിരിച്ച് ഇങ്ങോട്ട് തണ്ട് വർത്തമാനം പറയുന്നതാണ് പാലാക്കാരുടെ പൊതുസ്വഭാവം. പാലായിലെ വേദിയിൽ നേതാക്കളെല്ലാം വിനീതവിധേയനായി മുഖ്യമന്ത്രിക്ക് മുമ്പിൽ നിൽക്കുകയാണ് ചെയ്തതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് സ്ഥാനാർഥിയെ പോലെ കോട്ടയം ലോക്സഭ സീറ്റിൽ മത്സരിക്കുന്ന ഫ്രാൻസിസ് ജോർജിനെ ജനങ്ങൾ ഏറ്റെടുക്കണമെന്നും വി.ഡി. സതീശൻ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.