ജലീല്‍ സി.പി.എമ്മിന്‍റെ സേഫ്ടി വാല്‍വ്; പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പറയിപ്പിക്കുമെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: സി.പി.എമ്മിന് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പറയിക്കാനുള്ള സേഫ്റ്റി വാല്‍വായി കെ.ടി. ജലീലിനെ മാറ്റിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാര്‍ട്ടി അംഗമല്ലെന്ന് പറയുകയും പറയാന്‍ പറ്റാത്ത അപകടകരമായ കാര്യങ്ങള്‍ പറയിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജലീല്‍ നമ്മളെ കുഴപ്പത്തിലാക്കുമെന്ന് ശൈലജ ടീച്ചര്‍ തന്നെ പറഞ്ഞു. മുഖ്യമന്ത്രിയും രണ്ടു തവണ ജലീലിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍, ലോകായുക്തക്കെതിരെ അസഭ്യവര്‍ഷം നടത്തിയപ്പോള്‍ തള്ളിപ്പറഞ്ഞില്ല.
മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നതിന്റെ പേരില്‍ ആരെയും കരുതല്‍ തടങ്കലില്‍ ആക്കിയിട്ടില്ലെന്ന് നിയമസഭയില്‍ മറുപടി നല്‍കിയത് അവാസ്ഥവമാണ്. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ളവരെ കരുതല്‍ തടങ്കലിലാക്കി.
ഫെമിനിസം, ജെന്‍ഡര്‍ ജസ്റ്റിസ്, ജെന്‍ഡര്‍ നൂട്രാലിറ്റി തുടങ്ങിയ വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ അതിന്റെ യഥാർഥ അർഥം മനസിലാക്കി കൃത്യമായി ആശയവിനിമയം ചെയ്തില്ലെങ്കില്‍ അത് തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകളായി മാറും. സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്ന ഡ്രാഫ്റ്റ് വായിച്ചാല്‍ അവ്യക്തതയും ആശയക്കുഴപ്പവും ഉണ്ടാകും.
ജെന്‍ഡര്‍ നൂട്രാലിറ്റിക്കും ജെന്‍ഡര്‍ ജസ്റ്റിസിനും വേണ്ടി സംസാരിക്കുന്നവര്‍ പോലും സര്‍ക്കാര്‍ ഡ്രാഫ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി യോജിക്കുമെന്ന് തോന്നുന്നില്ല. അത് മാറ്റാന്‍ സര്‍ക്കാര്‍ തയാറായെങ്കില്‍ നല്ലകാര്യമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.