ജനങ്ങൾ ദുരിതാവസ്ഥയിലുള്ളപ്പോൾ കോടികൾ പൊടിച്ചുള്ള നവകേരള സദസ്സിന്‍റെ ഉദ്ദേശ്യം മനസിലാകുന്നില്ല -വി.ഡി. സതീശൻ
text_fieldsഅടിമാലി: കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സർക്കാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഹൈകോടതി നോട്ടീസ് അയക്കാൻ തീരുമാനിച്ചത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മക്കളുടെയും അവരുടെ ബന്ധുകളുടെയും പേരിലാണ് പിണറായി വിജയൻ വൻ അഴിമതിക്കരാറുകളെല്ലാം നടത്തുന്നത്. എ.ഐ കാമറ, കെ. ഫോൺ ഉൾപ്പെടെ കരാറുകാരുടെ പേരുകൾ പിണറായി വിജയനിലേക്കാണ് എത്തുന്നത്. കേരളത്തിൽ എവിടെ അഴിമതി നടന്നാലും മുഖ്യമന്ത്രിയുടെ മാജിക് ബോക്സിലേക്ക് പണം എത്തുന്നുവെന്നും സതീശൻ ആരോപിച്ചു. അടിമാലിയിൽ യു.ഡി.എഫ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ മുൾമുനയിൽ നിർത്തുംവിധം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം ഉണ്ടായിട്ടും ജനങ്ങളുടെ പോക്കറ്റിലേക്ക് തുറന്നുവെച്ചിരിക്കുന്ന കാമറകൾ കണ്ണടച്ചു. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ലാഭത്തിലായിരുന്ന വൈദ്യുതി ബോർഡ് അടക്കമുള്ള സ്ഥാപനങ്ങൾ ഇപ്പോൾ കോടാനുകോടിയുടെ നഷ്ടത്തിലാണ്. കെ.എസ്.ആർ.ടി.സി അടക്കം അടച്ചുപൂട്ടേണ്ട അവസ്ഥയായി. വിവിധ ക്ഷേമനിധി ഓഫിസുകൾ അടച്ചുപൂട്ടി.
സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളില്ല. ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് പണം നൽകുന്നില്ല. കരാറുകാർക്കും പണംനൽകുന്നില്ല. ട്രഷറിയിൽ അഞ്ച് ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ മാറുന്നില്ല. ഇതുവരെ കാണാത്ത ധനപ്രതിസന്ധിയിലാണ് സംസ്ഥാനം. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ജനങ്ങൾ ഏറ്റവും ദുരിതപൂർണമായ അവസ്ഥയിലൂടെ പോകുമ്പോൾ കോടികൾ പൊടിച്ചുള്ള നവകേരള സദസ്സിന്‍റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല.
അഞ്ചുമാസം മുമ്പ് മന്ത്രിമാർ നിരവധി സദസ്സുകൾ നടത്തി സ്വീകരിച്ച അപേക്ഷകൾ ഫ്രീസറിൽ വെച്ചിട്ടാണ് മുഖ്യമന്ത്രി വീണ്ടും അപേക്ഷകൾ വാങ്ങുന്നത്. ഇടുക്കിയിലെ പട്ടയങ്ങളുടെ പേരിൽപോലും അഴിമതിക്കാണ് സർക്കാർ ശ്രമിക്കുന്നത്. ഉപാധിരഹിതമായും സർവസ്വാതന്ത്ര്യത്തോടെയുമുള്ള പട്ടയമാണ് വേണ്ടത്. യു.ഡി.എഫ് വന്നാൽ അത് യാഥാർഥ്യമാക്കുമെന്നും മുഖ്യമന്ത്രിക്ക് ഇത്തരമൊരു നടപടിക്ക് ധൈര്യമുണ്ടോയെന്നും സതീശൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.