ഒമ്പത് വി.സിമാരെയും യു.ജി.സി നിയമം ലംഘിച്ച് നിയമിച്ചത് മുഖ്യമന്ത്രിയും ഗവർണറും ആലോചിച്ചെന്ന് സതീശൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഒന്നിച്ചുചേര്‍ന്നാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഒമ്പത് വി.സിമാരെയും യു.ജി.സി നിയമം ലംഘിച്ച് നിയമിച്ചത് അവര്‍ ഒന്നിച്ചാലോചിച്ചാണ്.
ഇപ്പോള്‍ ഒരു പ്രതിക്കെതിരെ മറ്റൊരു പ്രതി സമരം ചെയ്യുകയാണ്. സുപ്രീംകോടതി വിധിക്കെതിരായ എൽ.ഡി.എഫ് സമരത്തെ തമാശയായി മാത്രമേ ജനം കാണൂ. ഉന്നത വിദ്യാഭ്യാസരംഗം തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കൈകഴുകാന്‍ നടത്തുന്ന നാടകമാണ് രാജ്ഭവനിലേക്കുള്ള സമരം. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോര്‍പറേഷനിലെ കത്ത് വിവാദവും വിലക്കയറ്റവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് എല്‍.ഡി.എഫ് രാജ്ഭവനിലേക്ക് പ്രകടനം നടത്തിയത്. നിയമന വിവാദത്തിലെ തെളിവായ കത്ത് നശിപ്പിച്ചതിന് ഉത്തരവാദി സി.പി.എം ജില്ല സെക്രട്ടറിയാണ്.
അതിനാൽ ജില്ല സെക്രട്ടറിയെ പ്രതിയാക്കി കേസെടുക്കണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം വെറും നാടകമാണ്. സി.പി.എം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണ് ക്രൈബ്രാഞ്ച് അന്വേഷണം നടക്കുന്ന കേസിലെ തെളിവ് നശിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.