പ്രതിപക്ഷ നേതാവ് ജില്ലയിൽ വരുന്നതും പോകുന്നതും അറിയിക്കുന്നില്ല- കോട്ടയം ഡി.സി.സി പ്രസിഡന്റ്
text_fieldsകോട്ടയം: പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്. വി.ഡി സതീശൻ ജില്ലയിൽ വരുന്നതും പോകുന്നതും അറിയിക്കുന്നില്ലെന്നാണ് പരാതി. ഡി.സി.സി പ്രസിഡന്റ് എന്ന പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കാനാണ് ഇന്നലെ യു.ഡി.എഫ് യോഗത്തിൽ നിന്നും വിട്ടുനിന്നതെന്നും സുരേഷ് പറഞ്ഞു. ഇന്നലെ നടന്ന കെ റെയിൽ പ്രതിഷേധ ജനസദസ്സിൽ നാട്ടകം സുരേഷ് പങ്കെടുത്തിരുന്നില്ല. ഇതിനെ തുടർന്നാണ് വിശദീകരണം.
അതേസമയം, ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്നുള്ള വി.ഡി സതീശന്റെ പ്രസ്താവന അനവസരത്തിലെന്ന് ഐ.എൻ.ടി.യു.സി ജില്ലാ നേതാക്കളുടെ യോഗത്തിൽ വിമർശനമുയർന്നു. പോഷക സംഘടനയാണോ അല്ലയോ എന്നതിൽ വ്യക്തത വേണമെന്നാണ് യോഗത്തിന്‍റെ ആവശ്യം. സംഘടനാ പ്രവർത്തകരെ സതീശൻ ആശയക്കുഴപ്പത്തിലാക്കി. പ്രസ്താവനയിൽ പാർട്ടി നേതൃത്വം നിലപാട് അറിയിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ചങ്ങനാശ്ശേരിയിൽ വി.ഡി സതീശനെതിരെ ഉയർന്ന പ്രതിഷേധം സ്വാഭാവിക സ്വാഭാവികമാണെന്നാണ് യോഗത്തിന്‍റെ വിലയിരുത്തൽ.
വിഷയത്തിൽ നിലപാട് വിശദീകരിക്കാൻ തിങ്കളാഴ്ച ഐ.എൻ.ടി.യു.സി വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് വി.ഡി സതീശൻ പറഞ്ഞതിനെതിരെയായിരുന്നു ചങ്ങനാശ്ശേരിയിൽ ഐ.എൻ.ടി.യു.സി പ്രവർത്തകർ ഇന്നലെ പ്രതിഷേധ മാർച്ച് നടത്തിയത്. നൂറോളം പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്നും പ്രതിഷേധം പാർട്ടി പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നലെ പ്രസ്താവന നടത്തിയിരുന്നു.
യൂത്ത് കോൺഗ്രസും കെ.എസ്.യുവുമാണ് കോൺഗ്രസിന്റെ പോഷക സംഘടനകളെന്നും ഐ. എൻ.ടി.യു.സി കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടന മാത്രമാണെന്നും എന്നാൽ പാർട്ടിയുടെ അഭിവാജ്യ ഘടകമാണ് അവരെന്നതിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.