കോവിഡ് സംവിധാനങ്ങളിലെ പാളിച്ച പരിഹരിക്കാൻ സർക്കാർ തയാറാകുന്നില്ല -വി.ഡി. സതീശൻ
text_fieldsപത്തനംതിട്ട: സംസ്ഥാനത്തെ കോവിഡ് സംവിധാനങ്ങളിലെ തകരാർ പരിഹരിക്കാൻ സർക്കാർ തയാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉദ്യോഗസ്ഥർ എഴുതിക്കൊണ്ടു വരുന്നത് മുഖ്യമന്ത്രി വായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ചെയ്യുന്നത് മുഴുവൻ ആർ.ടി.പി.സി.ആർ ടെസ്റ്റായിരുന്നെങ്കിൽ ദിവസേനെയുള്ള കോവിഡ് രോഗികളുടെ എണ്ണം ഇതായിരിക്കില്ല, ഗണ്യമായി വർധിക്കും. ആൻറിജൻ ടെസ്റ്റിൽ നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റുമായി ആളുകൾ ആൾക്കൂട്ടത്തിലേക്ക് പോകുകയാണ്. അതിൽ പകുതി പേർക്കും യഥാർത്ഥത്തിൽ അസുഖമുണ്ട്. ഇത്തരം കാരണങ്ങളാലാണ് കേരളത്തിൽ രോഗം നിയന്ത്രിക്കാനാവാത്തത്. തമിഴ്നാട്ടിൽ പൂർണമായി ആർ.ടി.പി.സി.ആർ ടെസ്റ്റാക്കി. കേരളത്തിൽ എന്തുകൊണ്ട് ഇത് മാറ്റുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
വാക്സിൻ വിതരണത്തിലും പാളിച്ചയുണ്ടായി. വാക്സിൻ ചലഞ്ചിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ ഉപയോഗിച്ച് സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് സൗജന്യ വാക്സിൻ വിതരണം നടത്തണം. പൊള്ളയായ അവകാശ വാദങ്ങൾ നടത്താൻ എന്തിനാണ് വിവരങ്ങൾ മറച്ചുവെക്കുന്നത്. എന്തിനാണ് സർക്കാറിന് ദുരഭിമാനം?
കുടുംബത്തിൽ ഒരാൾ പോസിറ്റീവ് ആയാൽ ബാക്കി എല്ലാവരും ക്വാറൻറീനിൽ പോണം, പക്ഷേ ആരെയും ടെസ്റ്റ് ചെയ്യില്ല. ഒരാൾക്ക് അസുഖം വന്നാൽ 20 പേരെ പരിശോധിക്കണമെന്നാണ് ഐ.സി.എം.ആർ പറയുന്നത്. എന്നാൽ, കേരളത്തിൽ രണ്ട് പേർക്ക് അസുഖം വന്നാൽ മൂന്നു പേരെ മാത്രമാണ് പരിശോധിക്കുന്നത്. അടിസ്ഥാനപരമായി വളരെ ഗുരുതരമായ പ്രശ്നങ്ങൾ ടെസ്റ്റ് ചെയ്യുന്നതിലും മറ്റും ഉണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.