‘സര്‍ക്കാര്‍ ആശുപത്രിയിലെ ജോലിക്ക് കരാട്ടേ പഠിക്കണോ?’; ആരോഗ്യ മന്ത്രിക്കെതിരെ വി.ഡി. സതീശൻ
text_fieldsകോട്ടയം: സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിക്ക് പോകണമെങ്കില്‍ കരാട്ടേയും കളരിപ്പയറ്റും പഠിക്കണമോയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡോ. വന്ദനക്ക് പരിചയക്കുറവാണെന്ന് പറയുന്ന നിലയിലേക്ക് മന്ത്രി തരംതാഴരുതായിരുന്നു. എന്ത് പരിചയക്കുറവാണ് ആ കുട്ടിക്കുള്ളത്? എന്ത് പരിചയമാണ് വേണ്ടത്? എത്ര ന്യായീകരിച്ചാലും മന്ത്രി പറഞ്ഞത് കേരളം കേട്ടതാണ്. ആര്‍ക്കാണ് പരിചയക്കുറവെന്നത് ജനം വിലയിരുത്തുമെന്നും സതീശൻ പറഞ്ഞു.
ആശുപത്രി കാഷ്വൽറ്റികളില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ നിരവധി തവണ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടും ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ല. ഒരു സുരക്ഷാ സംവിധാനവുമില്ലാതെ അക്രമകാരിയായ ക്രിമിനലിനെ ഒരു പെണ്‍കുട്ടിയുടെ മുന്നിലേക്കിട്ടുകൊടുക്കുകയാണ് പൊലീസ് ചെയ്തത്. ഇയാള്‍ വാദിയാണെന്നാണ് എ.ഡി.ജി.പി പറയുന്നത്.
രാത്രി മുഴുവന്‍ ആളുകളെ ഉപദ്രവിച്ചു കൊണ്ടിരുന്ന ക്രിമിനല്‍ എങ്ങനെയാണ് വാദിയാകുന്നത്? അനാസ്ഥ മറയ്ക്കാന്‍ പൊലീസ് പുതിയ തിരക്കഥയുണ്ടാക്കുകയാണ്. രാത്രി മിക്ക ആശുപത്രികളിലെയും കാഷ്വൽറ്റികളില്‍ ഭീതിയോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു. ഡോ. വന്ദന ദാസിന് അന്തിമോപചാരം അര്‍പ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.