മോദി സര്‍ക്കാര്‍ ഫാഷിസ്റ്റല്ലെന്ന കണ്ടുപിടുത്തത്തിന് പിന്നിൽ കേരളത്തിലെ പോളിറ്റ് ബ്യൂറോ അംഗങ്ങൾ, ഇത് സംഘ്പരിവാറിന് സി.പി.എം നൽകുന്ന സർട്ടിഫിക്കറ്റാണ് -വി.ഡി സതീശൻ
text_fieldsമലപ്പുറം: മോദി സര്‍ക്കാര്‍ ഫാഷിസ്റ്റല്ലെന്ന കണ്ടുപിടുത്തം സംഘ്പരിവാറിന് വിധേയരായി പ്രവര്‍ത്തിക്കാനുള്ള സിപി.എം തീരുമാനത്തിന്റെ ഭാഗമാണെന്നും കരട് രേഖയുണ്ടാക്കാന്‍ നേതൃത്വം നല്‍കിയത് കേരളത്തിലെ പി.ബി അംഗങ്ങളാണെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
സി.പി.എമ്മിന്റെ പുതിയ രേഖ ഒരിക്കലും ഞെട്ടലുണ്ടാക്കുന്നതല്ല. കാരണം കാലങ്ങളായി ബി.ജെ.പിയുമായുള്ള രഹസ്യബന്ധമാണ് ഇപ്പോള്‍ പുറത്തായതെന്ന് അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ രണ്ടു സമ്മേളനങ്ങളിലെയും തീരുമാനങ്ങളെ മറികടന്ന് മോദി സര്‍ക്കാര്‍ ക്ലാസിക് ഫാഷിസ്റ്റുകളുമല്ല നവഫാഷിസ്റ്റുകളുമല്ല, ഇങ്ങനെ പോയാല്‍ അവര്‍ അങ്ങനെ ആകാനുള്ള സാധ്യതയുണ്ടെന്നുമാണ് സി.പി.എം കണ്ടുപിടിച്ചിരിക്കുന്നത്. ഫാഷിസവുമായി എല്ലാ കാലത്തും കേരളത്തിലെ സി.പി.എം സന്ധി ചെയ്തിട്ടുണ്ട്. സംഘ്പരിവാറുമായും സന്ധി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഫാഷിറ്റ് സര്‍ക്കാരല്ലെന്ന പുതിയ രേഖ അവതരിപ്പിച്ചിരിക്കുന്നത്. മോദിയുമായി കൈകോര്‍ക്കാനും സംഘ്പരിവാറുമായി സന്ധി ചെയ്യാനും അവര്‍ക്ക് കീഴടങ്ങാനുമുള്ള സി.പി.എം തീരുമാനത്തിന്റെ ഭാഗമാണിതെന്നും വി.ഡി സതീശൻ പറഞ്ഞു.
കേരളത്തിലെ പോളിറ്റ് ബ്യൂറോ അംഗങ്ങളാണ് ഇത്തരമൊരു രേഖ ഉണ്ടാക്കാന്‍ നേതൃത്വം നല്‍കിയതും അവരാണ് സംഘ്പരിവാര്‍ ബാന്ധവം ആഗ്രഹിക്കുന്നതും. അതിന്റെ പരിണിതഫലമായാണ് മോദി സര്‍ക്കാര്‍ ഫാഷിസ്റ്റല്ലെന്ന് തീരുമാനിച്ചത്.
ഇടതു മുന്നണിയില്‍ ഉള്‍പ്പെട്ട സി.പി.ഐയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണിയും അതിശക്തമായാണ് മോദി സര്‍ക്കാര്‍ ഫാഷിസ്റ്റാണെന്നാണ് പറയുന്നത്. മോദി സര്‍ക്കാര്‍ ഫാഷിസ്റ്റ് അല്ലെന്ന, ഇന്ത്യ മുന്നണിയില്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന്റെ കണ്ടുപിടുത്തം സംഘ്പരിവാറിന് വിധേയരായി പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിന്റെ ഭാഗവും സംഘ്പരിവാറിന് സി.പി.എം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമാണ്. എന്ത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു കരട് രേഖ തയാറാക്കിയത്. മോദി സര്‍ക്കാര്‍ ഫാഷിസ്റ്റ് ആണോ അല്ലയോ എന്നാണോ സി.പി.എം സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. സംഘ്പരിവാറുമായി സി.പി.എം പൂര്‍ണമായും സന്ധി ചെയ്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.