Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസതിയമ്മയെ പുറത്താക്കിയ...

സതിയമ്മയെ പുറത്താക്കിയ നടപടി മനഃസാക്ഷിയില്ലാത്തത്; അപമാനഭാരത്താൽ തല കുനിക്കുന്നു -വി.ഡി സതീശൻ

text_fields
bookmark_border
VD Satheesan, sathiyamma
cancel

കോട്ടയം: ഉമ്മൻചാണ്ടി ചെയ്ത സഹായങ്ങൾ വാർത്താ ചാനലിനോട് പറഞ്ഞ മൃഗാശുപത്രി താൽകാലിക ജീവനക്കാരി സതിയമ്മയെ ജോലിയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സതിയമ്മയെ ജോലിയിൽ നിന്ന് പുറത്താക്കിയ നടപടി മനഃസാക്ഷിയില്ലാത്തതെന്ന് വി.ഡി സതീശൻ പറഞ്ഞു.

എല്ലാവരെയും വേദനിപ്പിക്കുന്ന സംഭവമാണ്. അവരുടെ ജീവിതത്തില്‍ പ്രയാസം വന്നപ്പോള്‍ ജനപ്രതിനിധിയായിരുന്ന ഉമ്മന്‍ ചാണ്ടി അവരെ ചേര്‍ത്ത് നിര്‍ത്തി സഹായിച്ചു. ഇക്കാര്യം അവര്‍ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. ഇതാണോ ജോലിയില്‍ നിന്നും പിരിച്ചു വിടാനുള്ള കാരണം? ഇക്കാര്യം പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കില്ലേ? മനഃസാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. രാഷ്ട്രീയ വിരോധത്തിന്‍റെയും അസഹിഷ്ണുതയുടെയും പേരിലാണ് സതി അമ്മയുടെ ജീവിതം വഴിമുട്ടിച്ചത്. ഒരു ദയയും ഇല്ലാത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്നോര്‍ത്ത് ഈ നാട് അപമാന ഭാരത്താല്‍ തലകുനിച്ച് നില്‍ക്കുകയാണ്. സതി അമ്മയെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ആ കുടുംബത്തെ വഴിയാധാരമാക്കാന്‍ അനുവദിക്കില്ല. എല്ലാ അർഥത്തിലും ഞങ്ങള്‍ അവര്‍ക്കൊപ്പമുണ്ടാകും.

ഇന്നലെ വരെ സതിയമ്മ ജോലി ചെയ്തിരുന്നുവെന്നത് യാഥാർഥ്യമാണ്. അവര്‍ക്ക് 8000 രൂപ ശമ്പളവും കിട്ടിയിരുന്നു. ഇപ്പോള്‍ പിരിച്ചുവിടാന്‍ കാരണമെന്താണ്? അവരുടെ ജീവിതത്തിലുണ്ടായ കാര്യം മാധ്യമങ്ങളോട് പറഞ്ഞതിനാണ് പിരിച്ചുവിട്ടത്. മന്ത്രി പറയുന്നത് അവര്‍ അവിടെ ജോലി ചെയ്തിട്ടില്ലെന്നാണ്. അങ്ങനെയെങ്കില്‍ അവരെ എങ്ങനെയാണ് പിരിച്ചുവിട്ടത്? വഴിയിലൂടെ പോകുന്ന ആളെ പിരിച്ച് വിടാനാകുമോ? ഇനിയും സാങ്കേതിക കാര്യങ്ങള്‍ പറയാം. സതിയമ്മ എന്നൊരാള്‍ ഭൂമിയില്‍ ഇല്ലായിരുന്നെന്നു വരെ പറയാം. പൊലീസ് കേസെടുത്തതിന് 84 വയസുള്ള ഭാരതിയമ്മ നാല് വര്‍ഷമാണ് പിന്നാലെ നടന്നത്. നാല് വര്‍ഷം കഴിഞ്ഞപ്പോഴാണ് ആള് മാറിപ്പോയെന്ന് പറഞ്ഞത്. എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വമെന്ന് തെളിയിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. എല്ലാ സാങ്കേതികത്വവും മാറ്റിവച്ച് സതിയമ്മയെ ജോലിക്കെടുക്കണം. മന്ത്രി ചിഞ്ചുറാണി ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം.

മാസപ്പടി വിവാദവും മാധ്യമ സൃഷ്ടിയാണെന്നാണ് മന്ത്രിമാരും സി.പി.എമ്മും പറഞ്ഞത്. ഹൈകോടതി വിധി വന്നാലും മാധ്യമ സൃഷ്ടിയെന്ന് പറയുമോ? ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണ്. മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയേണ്ട. ഉദ്യോഗസ്ഥര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയും കാട്ടേണ്ട. സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ പ്രതീകമാണ് സതിയമ്മ. സര്‍ക്കാര്‍ മനുഷ്യത്വം കാട്ടുമോ സാങ്കേതികത്വം ഉയര്‍ത്തിപ്പിടിച്ച് മാധ്യമ സൃഷ്ടിയാണെന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സതിയമ്മയെ ഞങ്ങള്‍ വഴിയാധാരമാക്കില്ല. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് സംസാരിച്ചതിന് സതിയമ്മയുടെ ജോലി കളയാന്‍ ശ്രമിച്ചവരാണ് പുതുപ്പള്ളിയില്‍ വോട്ട് തേടി ഇറങ്ങിയിരിക്കുന്നതെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.


സതിയമ്മയെ ജോലിയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് കൈതേപ്പാലം മൃഗാശുപത്രിക്ക് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സംസ്ഥാന അധ്യക്ഷ ജെബി മേത്തറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. സതിയമ്മയും ഭർത്താവ് രാധാകൃഷ്ണനും പ്രതിഷേധത്തിൽ പങ്കെടുത്തു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെയ്ത സഹായം വാർത്താ ചാനലിനോട് പറഞ്ഞ മൃഗാശുപത്രിയിലെ താൽകാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നാണ് പരാതി. കൈതേപ്പാലം മൃഗാശുപത്രിയിൽ സ്വീപ്പറായി ജോലി ചെയ്തിരുന്ന പുതുപ്പള്ളി പള്ളികിഴക്കേതിൽ പി.ഒ സതിയമ്മയെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. 11 വർഷമായി ചെയ്ത് വന്നിരുന്ന ജോലിയാണ് 52കാരിയായ സതിയമ്മക്ക് നഷ്ടമായത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് ചാനൽ റിപ്പോർട്ടർ മണ്ഡലത്തിലെ വോട്ടർമാരുടെ പ്രതികരണം തേടിയിരുന്നു. ഇതിനിടെ സതിയമ്മയോടും ഉമ്മൻചാണ്ടിയെ കുറിച്ച് ചോദിച്ചു. മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും മകളുടെ വിവാഹത്തിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തും കാമറക്ക് മുമ്പിൽ സതിയമ്മ വിശദീകരിച്ചു. ഉമ്മൻചാണ്ടി ചെയ്ത സഹായത്തിന് നന്ദിയായി ചാണ്ടി ഉമ്മന് ഇത്തവണ വോട്ട് ചെയ്യുമെന്നും അവർ വ്യക്തമാക്കി.

സതിയമ്മയുടെ പ്രതികരണം ഞായറാഴ്ച ചാനൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച ജോലിക്കെത്തിയപ്പോൾ മൃഗസംരക്ഷണ വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്ക് കയറേണ്ടെന്ന് അറിയിക്കുകയായിരുന്നു. തന്നെ ഒഴിവാക്കാൻ മുകളിൽ നിന്ന് സമ്മർദമുണ്ടെന്ന സൂചനയിലാണ് വിവരം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചതെന്നും സതിയമ്മ പറയുന്നു.

വൈക്കത്തെ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണ് സ്വീപ്പറായി സതിയമ്മ ജോലിയിൽ പ്രവേശിച്ചത്. നാല് വർഷത്തിന് ശേഷം കുടുംബശ്രീ വഴി കൈതേപ്പാലം മൃഗാശുപത്രിയിൽ 8000 രൂപ മാസ വേതനത്തിന് ജോലിയിൽ കയറി. എൽ.ഡി.എഫ് ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന് കീഴിലാണ് കൈതേപ്പാലം മൃഗാശുപത്രി.

തടിപ്പണിക്കാരനായിരുന്ന രാധാകൃഷ്ണൻ അസുഖത്തെ തുടർന്ന് ജോലിക്ക് പോകുന്നില്ല. അതിനാൽ കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു സതിയമ്മക്ക് ലഭിക്കുന്ന വരുമാനം. എന്നാൽ, പിരിച്ചുവിടൽ വാർത്തയായതിന് പിന്നാലെ വിശദീകരണവുമായി ജില്ല ഡെപ്യൂട്ടി ഡയറക്ടർ രംഗത്തെത്തി. സതിയമ്മയുടെ ഊഴം കഴിഞ്ഞതിനാലാണ് പിരിച്ചുവിട്ടതെന്നാണ് വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandysathiyama
News Summary - VD Satheesan is react about the dismissal of the sathiyama
Next Story