കേരള സ്റ്റോറി പ്രദർശനം തടയണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: 'കേരള സ്റ്റോറി' സിനിമ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കത്ത് നൽകി. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാർ താൽപര്യമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിൽ. സിനിമ സംപ്രേഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സിനിമ ഇന്ന് സംപ്രേഷണം ചെയ്യുമെന്നാണ് ദൂരദർശൻ അറിയിച്ചിരുന്നത്. രാജ്യത്തെ വർഗീയമായി വിഭജിക്കാനുള്ള സംഘപരിവാറിന്റെ വിഷലിപ്തമായ അജണ്ടയുടെ ഭാഗമായി തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രൊപഗൻഡ ചിത്രമാണിതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ദൂരദർശന്റെ തീരുമാനം കേരളത്തിലെ ജനങ്ങളെ നേരിട്ട് അപമാനിക്കുന്നതാണിതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ച 'കേരള സ്‌റ്റോറി' എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സതീശൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അസത്യങ്ങളുടെ കെട്ടുകാഴ്ചയായ 'കേരള സ്‌റ്റോറി' പ്രദര്‍ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം നടപ്പക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ലെന്നു ബോധ്യമായ സംഘ്പരിവാര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദൂരദര്‍ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായി ലംഘനമാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.