നിയമവും ചട്ടവും അട്ടിമറിച്ച് പാട്ടഭൂമിക്ക് പൊന്നുംവില: വി.ഡി സതീശൻ നോക്കുകുത്തിയോ?
text_fieldsകോഴിക്കോട്: നിയമസഭ പാസാക്കിയ നിയമം അട്ടിമറിച്ചും ചട്ടം ലംഘിച്ചും വയനാട്ടിൽ പാട്ടഭൂമിക്ക് പൊന്നുംവില നൽകുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നോക്കുകുത്തിയോ എന്നാണ് നിയമവിദഗ്ധരുടെ ചോദ്യം. സംസ്ഥാനത്ത് നടക്കുന്ന എല്ലാം നിയമലംഘനങ്ങളിലും ശക്തമായി പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ നിശബ്ദനാവുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിൽ 2014 ആഗസ്റ്റ് 19ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ ഉത്തരവ് പോലും വി.ഡി സതീശൻ ചൂണ്ടിക്കാണിച്ചില്ല.
മന്ത്രി കെ. രാജനാകട്ടെ അവസാന മിനിട്ടിലും നിയമവും ചട്ടവും പാലിച്ചു മാത്രമേ വയനാട്ടിലെ പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കാൻ കഴിയികയുള്ളുവെന്ന് വാദിച്ചിരുന്നു. അതിന് പുല്ലുവിലയാണ് സർക്കാർ നൽകിയത്. രാജഭരണ കാലത്തെപ്പോലെ നിയമവും ചട്ടവും അട്ടിമറിക്കാനുള്ള അധികാരം മന്ത്രിമാർക്കും മുഖ്യമന്ത്രിക്കുമില്ലെന്ന കാര്യംപോലും പരിഗണിച്ചില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്.

വയനാട് മേപ്പാടി പഞ്ചായത്തിൽ 2024 ജൂലൈ 30നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. അതിനെ തുടർന്ന് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജ് നെടുംമ്പാല എസ്റ്റേറ്റും കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൻ എസ്റ്റേറ്റും ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനിച്ചത്. 2005ലെ ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിന് തത്വത്തിൽ സർക്കാർ 2024 ഒക്ടോബർ നാലിന് അനുമതി നൽകി.
പാട്ടക്കാരാറിന്റെ അടിസ്ഥാനത്തിൽ കൈവശം വെക്കുന്ന എസ്റ്റേറ്റ് ഭൂമിയുടെ അവകാശവും ഉടമസ്ഥതയും1963 ലെ ഭൂപരിഷ്കരണ നിയമത്തിലെ 72 (ഒന്ന്) പ്രകാരം 1970 ജനുവരി ഒന്നിന് സർക്കാറിൽ നിക്ഷിപ്തമായി. മുഖ്യമന്ത്രിക്ക് പോലും ഈ നിയമത്തെ മറികടക്കാൻ ആകില്ല. നിയമത്തിലെ വകുപ്പ് 112 (അഞ്ച് എ) പ്രകാരം ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നിശ്ചിയിക്കാൻ കഴിയൂ.
അതുപോലെ തോട്ടം ഭൂമിക്ക് നിയമത്തിലെ വകുപ്പ് 81 (ഒന്ന്)( ഇ) പ്രകാരമാണ് ഇളവ് നൽകിയത്. നിയമപരമായി ഭൂപരിധിയിൽ ഇളവ് ലഭിച്ച ഭൂമിക്ക് പൊന്നും വില നൽകി ഏറ്റെടുക്കുമ്പോൾ ഭൂപരിധിയിൽ കവിഞ്ഞുള്ള ഭൂമിക്ക് പൊന്നും വില നഷ്ടപരിഹാരമായി നൽകാനാവില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന അഭിപ്രായം തന്നെയാണ് റവന്യൂമന്ത്രി സ്വീകരിച്ചത്.
നിയമപ്രകാരം അർഹതയുള്ളവർക്ക് അർഹമായ നഷ്ടപരിഹാരം മാത്രമേ നൽകാൻ കഴിയൂ. ഇതായിരിക്കണം സർക്കാരിൻറെ നിലപാടെന്ന് റവന്യൂ മന്ത്രിക്ക് അറിയാം. ഈ നിയമത്തിനുള്ളിൽ നിന്നുകൊണ്ട് മാത്രമേ ഹൈകോടതി വിധി അനുസരിച്ച് നഷ്ടപരിഹാരം കണക്കാക്കാൻ കഴിയൂ. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള അധികാര കേന്ദ്രം എന്നിവയിലും വ്യക്തത വരുത്തണമെന്ന് അഡ്വക്കേറ്റ് ജനറലിനോട് റവന്യൂ വകുപ്പ് നിയമോപദേശം തേടിയിരുന്നു.
നിയമവും ചട്ടവും അനുസരിച്ച് മാത്രമേ അഡ്വക്കേറ്റ് ജനറലിന് നിയമപദേശവും നൽകാൻ കഴിയൂ. വയനാട്ടിൽ മെഡിക്കൽ കോളജിനും ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിനും കാർബൺ ന്യൂട്രൽ കോഫി പാർക്കിനും ഭൂമി ഏറ്റെടുക്കാൻ സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ മൂന്ന് ഉത്തരവുകളിലും ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 81( ഒന്ന്) (ഇ) പ്രകാരം ഇളവു നേടിയ തോട്ടം ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂമിയുടെ നഷ്ടപരിഹാരമായി പൊന്നുംവില നൽകേണ്ടതില്ലെന്നും ചമയങ്ങൾക്ക് തുക മാത്രം നൽകിയാൽ മതിയെന്നും വ്യക്തമാക്കിയിരുന്നു.
2014 ആഗസ്റ്റ് 19ന് ഉമ്മൻചാണ്ടി സർക്കാരാണ് ആദ്യ ഉത്തരവിറക്കിയത്. 2016 ഫെബ്രുവരി 18, 2019 ആഗസ്റ്റ് 29, 2021 ഫെബ്രുവരി നാല് തീയതികളിൽ സർക്കാർ സമാനമായ ഭൂമി ഏറ്റെടുക്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു കേസിൽ ഗ്ലെൻലവൻ എസ്റ്റേറ്റ് അധികൃത സംസ്ഥാന സർക്കാരിന് അനുകൂലമായ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ അനുകൂല വിധി സമ്പാദിച്ചു. അതിനെതിരെ സംസ്ഥാന സർക്കാർ എസ്.എൽ.പി ഫയൽ ചെയ്തു. സുപ്രീംകോടതിയുടെ പരിഗണനയിലാണ് ഈ കേസ്.
ഈ കേസുകളെല്ലാം തകിടം മറിയുന്ന തരത്തിലാണ് വയനാട്ടിൽ സർക്കാർ നിലപാട് സ്വീകരിച്ചത്. പാട്ടഭൂമി അനധികൃതമായി കൈവശംവെച്ചിരിക്കുന്നവരെന്ന് രാജമാണിക്യം കണ്ടെത്തിയവർക്കെല്ലാം സർക്കാരിന്‍റെ തീരുമാനം അനുഗ്രഹമാവും. നിയമവും ചട്ടവും പാലിക്കണമെന്ന റവന്യൂ വകുപ്പിന് നിർദേശം നൽകിയ മന്ത്രി കെ. രാജനെ നോക്കുത്തിയാക്കിയാണ് അട്ടിമറി നടത്തിയത്.
എസ്റ്റേറ്റ് ഭൂമി പൊന്നുംവിലക്ക് ഏറ്റെടുക്കാനാവില്ലെന്ന് നിയമവിദഗ്ധർ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം റവന്യൂ മന്ത്രിക്ക് മനസിലായി. എന്നാൽ അട്ടിമറിക്കു മുന്നിൽ കെ. രാജൻ റബ്ബർ സ്റ്റാമ്പായി മാറിയോ എന്നാണ് നിയമവിദഗ്ധരുടെ ചോദ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.