ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് വി.ഡി. സതീശൻ, ബ്രഹ്മപുരം അഗ്നിബാധ ആവശ്യമെങ്കിൽ കേന്ദ്രസഹായം തേടണം
text_fieldsകൊച്ചി: ബ്രഹ്മപുരം അഗ്നിബാധയെ തുടർന്ന് ആറ് ദിവസമായി കൊച്ചി നഗരത്തെ പുക മൂടി കിടന്നിട്ടും സർക്കാരിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രശ്നം കൈകാര്യം ചെയ്യേണ്ട ആരോഗ്യ, തദ്ദേശവകുപ്പുകൾ നിഷ്ക്രിയരായി നിൽക്കുകയാണ്. ജില്ല ഭരണകൂടവും കാഴ്ചക്കാരാണ്. ഈ സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച് അതീവ ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്നും വേണ്ടി വന്നാൽ കേന്ദ്രസർക്കാരിെൻറ സഹായം തേടണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ബ്രഹ്മപുരത്തിന്റെ യാഥാർത്ഥ്യം മറച്ചു പിടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, ജനത്തിന് നടക്കാൻ പോലും ആകുന്നില്ല. വാസ്തവ വിരുദ്ധമായ കാര്യമാണ് അദ്ദേഹം സഭയിൽ പറഞ്ഞു. രാവിലെ നടക്കാനിറങ്ങിയ ഹൈക്കോടതി ജഡ്ജിക്കു വരെ ശ്വാസം തടസ്സം നേരിട്ടു. അടുത്ത ജില്ലകളിലുള്ള ജനങ്ങളെ ബാധിക്കുന്ന തരത്തിൽ പ്രശ്നം വഷളായി. ആരോഗ്യവകുപ്പും തദ്ദേശഭരണവകുപ്പും അടക്കമുള്ള വകുപ്പുകളെല്ലാം നിഷ്ക്രിയരായി ഇരിക്കുകയാണ്. ഗുരുതര സാഹചര്യം നേരിടാൻ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം.
ബ്രഹ്മപുരത്തെ തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ല. പെട്രോൾ ഒഴിച്ചാണ് തീയിട്ടത്. ആശുപത്രികളിൽ വരെ പുക നിറയുന്ന അവസ്ഥയാണ്. ഇതേക്കുറിച്ചുള്ള അന്വേഷണ പരിധിയിൽ ആരു വന്നാലും പ്രശ്‍നമില്ല. കോൺഗ്രസ്സുകാർക്ക് പങ്കുണ്ടെങ്കിൽ അതും അന്വേഷിക്കാം. കേരളത്തിനാകെ അപമാനകരമാണ് ഈ സംഭവം. അടിയന്തര ഗൗരവത്തോടെ സർക്കാർ ഈ വിഷയം നേരിടണം. മാർച്ച് രണ്ടിന് വൈകിട്ടാണ് ബ്രഹ്മപുരത്ത് അഗ്നിബാധയുണ്ടായത്. ഇത്ര ദിവസമായിട്ടും തീ നിയന്ത്രിക്കാനായിട്ടില്ലെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.