സ്വർണകള്ളക്കടത്തുകാരെയും സ്ത്രീപീഡകരെയും സംരക്ഷിക്കുന്ന പാർട്ടിയായി സി.പി.എം മാറി -വി.ഡി. സതീശൻ
text_fieldsതൃശൂർ: ക്രിമിനൽ സംഘങ്ങളെയും സ്വർണകള്ളക്കടത്തുകാരെയും സ്ത്രീപീഡകരെയും സംരക്ഷിക്കുന്ന പാർട്ടിയായി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.എം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സൈബറിടങ്ങളിൽ സി.പി.എം ഗുണ്ടായിസത്തിന് നേതൃത്വം നൽകുന്നവർ തന്നെയാണ് ഓരോ ക്രിമിനൽ കേസുകൾ പുറത്തുവരുമ്പോഴും പ്രതികളാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ.
രാമനാട്ടുകരയിലെ സ്വർണകള്ളക്കടത്ത് പ്രതികൾക്ക് ഏതെല്ലാം നേതാക്കളുമായി ബന്ധമുണ്ട്, ഏതെല്ലാം നേതാക്കളാണ് അവരെ സംരക്ഷിക്കുന്നത് എന്നതിലേക്ക് കൂടി അന്വേഷണം പോകണം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ അവലംബിക്കുന്ന മൗനം ഉപേക്ഷിച്ച് നിലപാട് വ്യക്തമാക്കണം.
ഒരുപരിധി കഴിഞ്ഞാൽ അന്വേഷണം മരവിപ്പിക്കുന്ന സമീപനമാണ് പാർട്ടി സ്വീകരിക്കുന്നത്. രാഷ്ട്രീയകൊലപാതകം ചെയ്യുന്നവർക്കും, സ്വർണകള്ളക്കടത്തുകാർക്കും, സ്ത്രീപീഡകർക്കുമെല്ലാം സംരക്ഷണം നൽകുകയാണ് പാർട്ടി ചെയ്യുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.
കാസർകോട് ജില്ലാ ആശുപത്രിയിലേക്ക് 450 അപേക്ഷകരുണ്ടായപ്പോൾ 100 പേരെ അഭിമുഖത്തിന് വിളിച്ചു. പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്കും, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടും, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നും റാങ്കുകൾ നൽകി ആ നിയമനത്തെ മുഴുവൻ അട്ടിമറിച്ചു. കൊലപാതകങ്ങളെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.