പ്രഥമ പരിഗണന കേരളത്തിൽ വർഗീയത കുഴിച്ചുമൂടാൻ; ദൈവത്തെപ്പോലെ ജനങ്ങളെയും ഭയക്കണം -സതീശൻ
text_fieldsകൊച്ചി: പ്രതിപക്ഷ നേതാവുസ്ഥാനം പുഷ്പകിരീടമല്ലെന്ന ബോധ്യമുണ്ടെന്നും കഠിനാധ്വാനത്തിലൂടെ വെല്ലുവിളികളെ അതിജീവിച്ച് കോൺഗ്രസിെനയും യു.ഡി.എഫിെനയും തിരിച്ചുകൊണ്ടുവരുമെന്നും നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പിൽ ജയിക്കുകയെന്നതായിരിക്കില്ല, വർഗീയതയെ കുഴിച്ചുമൂടുകയായിരിക്കും പ്രഥമലക്ഷ്യമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്രിയാത്മക പിന്തുണയും ക്രിയാത്മക വിമര്‍ശനവും ഉന്നയിക്കുന്ന നല്ല പ്രതിപക്ഷമായി വർത്തിക്കും. സർക്കാറിനെ വെല്ലുവിളിക്കാനില്ല. കോവിഡ് പ്രതിരോധത്തിന് സർക്കാറിനൊപ്പമുണ്ടാകും. നല്ലതിനെ പിന്തുണക്കും. എതിര്‍ക്കേണ്ടിടത്തെല്ലാം എതിര്‍ക്കും.
കെ.പി.സി.സിയിലും തലമുറമാറ്റം അനിവാര്യമാണ്. എല്ലാ രാഷ്ട്രീയപാർട്ടികളിലും നിർബന്ധമായും സംഭവിക്കേണ്ട പ്രവർത്തനമാണത്. 1970ലെ കോൺഗ്രസിലെ തലമുറമാറ്റത്തിനായുള്ള പോരാട്ടം ശ്രദ്ധേയമാണ്. എന്നാൽ, അക്കാരണംകൊണ്ട് മുതിർന്ന േനതാക്കളെയോ അവർ തിരിച്ചോ പിൽക്കാലത്ത് അവഗണിക്കുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവെരയും ഒരുമിച്ചുനിര്‍ത്താനും മുന്നോട്ടുനയിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവർത്തകരും കേരള സമൂഹവും ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
യു.ഡി.എഫ് പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന് കോൺഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകും. പ്രവർത്തകർ ആഗ്രഹിക്കുന്നതും അതാണ്. പൊതുജനങ്ങളുടെ വിശ്വാസ്യത ആർജിക്കുക എന്നതിനാണ് മുഖ്യപരിഗണന. തലമുറമാറ്റം എന്നാൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നിർേദശം അവഗണിച്ച് പോകുക എന്നതല്ല. ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ച പ്രതിപക്ഷ നേതാവായിരുന്നു ചെന്നിത്തല. അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾ പുതുതലമുറക്ക് മാതൃകയാണ്. ഗ്രൂപ്പുകൾക്ക് അതീതമായ പ്രവർത്തനമാണ് ഇനിയുണ്ടാകുക. താൻ ഗ്രൂപ്പിന് അതീതനാണെന്ന് വാദിക്കുന്നില്ല. എന്നാൽ, സംഘടനാപരമായ കാര്യങ്ങളിൽ മാറ്റം ആഗ്രഹിക്കുമ്പോൾ ഗ്രൂപ് ആയിരിക്കില്ല, മെറിറ്റായിരിക്കും മാനദണ്ഡം.
കെ. കരുണാകരൻ, എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥന്മാര് ഇരുന്ന കസേരയാണിത്. ക്രിയാത്മക പ്രതിപക്ഷം വേണമെന്ന് സി.പി.എംപോലും ആഗ്രഹിക്കുന്നു.
ഏകാധിപത്യത്തിലേക്ക് െവച്ചിരിക്കുന്ന കോണികൾ മറിച്ചിടുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.