ആരുമായും വഴക്കിടാൻ താനില്ല; ബ്ലോക്ക് പുനഃസംഘടന നടത്തിയത് ജനാധിപത്യപരമായി -വി.ഡി സതീശൻ
text_fieldsഎറണാകുളം: ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട കോൺഗ്രസിലെ പുതിയ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തന്‍റെ സ്വന്തം പേരിൽ ആരെയും എടുത്തിട്ടില്ലെന്നും ജനാധിപത്യപരമായാണ് ബ്ലോക്ക് പുനഃസംഘടന നടത്തിയതെന്നും സതീശൻ വ്യക്തമാക്കി. പുനഃസംഘടന പട്ടികയിൽ ഉൾപ്പെട്ടവരെല്ലാം തന്‍റെ ആളുകളാണെന്നാണ് കരുതുന്നതെന്നും സതീശൻ പറഞ്ഞു.
ആരുമായും വഴക്കിടാൻ താനില്ല. എല്ലാം നേതാക്കളെയും നേരിൽ കാണാറുണ്ട്. വാർത്താസമ്മേളനങ്ങൾക്ക് മുമ്പും നേതാക്കളുമായി കൂടിയാലോചന നടത്താറുണ്ട്. വ്യക്തിപരമായി പരാതി പറഞ്ഞാൽ വീട്ടിൽ പോയി നേതാക്കളെ കാണും. തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസുകാരായ നേതാക്കളാണെന്നും വി.ഡി സതീശൻ പറഞ്ഞു.
ബ്ലോക്ക് പുനഃസംഘടനക്കായി ജില്ല, സംസ്ഥാന തലങ്ങളിൽ താനൊഴിച്ച് എല്ലാ നേതാക്കളുടെയും പ്രതിനിധികളുമായി ചർച്ചകൾ നടത്തി. ഇതിന് ശേഷം 180 പേരുടെ പട്ടിക ലഭിച്ചു. വിജിലൻസ് കേസ്, പരാതി അടക്കമുള്ള കാരണങ്ങളാൽ നേതാക്കളെ ബോധ്യപ്പെടുത്തി എട്ടു പേരെ പട്ടികയിൽ നിന്ന് മാറ്റി.
നേതാക്കൾ ഒപ്പിട്ട് തന്ന പട്ടികയിൽ നിന്നാണ് 172 പേരെ പട്ടികയിൽ ഉൾപ്പെടുത്തിയത്. പിന്നീട് ബാക്കിയുള്ള 110 പേരെ പട്ടികയിൽ ചേർത്തു. തന്‍റെ പേരിൽ ആരെയും വെച്ചിട്ടില്ല. കെ.പി.സി.സി അധ്യക്ഷൻ 12 പേരെ മാത്രമാണ് സ്വന്തം പേരിൽ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും സതീശൻ വ്യക്തമാക്കി.
കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിൽ തിരികെ എത്തിക്കാനുള്ള ദൗത്യത്തിലാണ്. ഒരാളെ പോലും ഒഴിവാക്കുകയോ ഒരാളുടെ മനസ് വിഷമിപ്പിക്കുകയോ ഇന്നയാളുടെ ആളാണെന്ന് പറഞ്ഞ് വെട്ടിമാറ്റുകയോ ചെയ്തിട്ടില്ല. നേതൃത്വത്തിനുള്ള പ്രിവിലേജ് നീതിപൂർവം ഉപയോഗിച്ചിട്ടുണ്ട്. ഇക്കാര്യം പാർട്ടി പ്രവർത്തകർ മനസിലാക്കിയിട്ടുണ്ടെന്നാണ് വിശ്വാസം.
വിവിധ പരിപാടികൾ നടത്തി പുതിയ മുഖവുമായി പാർട്ടി വരികയാണ്. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്ന ഘട്ടത്തിൽ പ്രത്യേക യോഗം ചേരുന്നത് ശരിയാണോ എന്ന് നേതാക്കൾ ആത്മപരിശോധന നടത്തട്ടെയെന്നും സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.