Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബഫര്‍ സോൺ: കൃത്യമായ...

ബഫര്‍ സോൺ: കൃത്യമായ സര്‍വേ നമ്പര്‍ ഇല്ലാതെ എങ്ങനെയാണ് പരാതി നല്‍കുന്നതെന്ന് വി.ഡി സതീശൻ

text_fields
bookmark_border
VD Satheesan
cancel

കോട്ടയം: ബഫര്‍ സോണ്‍ വിഷയത്തില്‍ സാധരണക്കാരായ ജനങ്ങളെയും കര്‍ഷകരെയും സര്‍ക്കാര്‍ നിരന്തരമായി കബളിപ്പിക്കുകയയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സര്‍ക്കാര്‍ ഇറക്കിയ മൂന്ന് ഭൂപടങ്ങളും അബദ്ധ പഞ്ചാംഗങ്ങളായിരുന്നു. കൃത്യമായ സര്‍വേ നമ്പരുകള്‍ പോലും രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടാണ് പരാതി നല്‍കണമെന്ന് പറയുന്നത്. കൃത്യമായ സര്‍വെ നമ്പര്‍ ഇല്ലാതെ എങ്ങനെയാണ് പരാതി നല്‍കുന്നത്? പഞ്ചായത്തുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞിട്ടും 30 ശതമാനം സ്ഥലങ്ങളില്‍ പോലും യാഥാർഥ്യമായില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

സുപ്രീംകോടതി ഉത്തരവ് ജൂണ്‍ മൂന്നിന് പുറത്ത് വന്നിട്ടും ഒന്നും ചെയ്യാതെ ഏഴ് മാസവും സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നു. മൂന്ന് മാസത്തെ കാലാവധിയില്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടും രണ്ടര മാസം കഴിഞ്ഞാണ് വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചതും ജീവനക്കാരെ നല്‍കിയതും. കമ്മിറ്റിയാകട്ടെ മൂന്ന് തവണ ഗൂഗിള്‍ മീറ്റ് നടത്തുക മാത്രമാണ് ചെയ്തത്. ഉത്തരവാദിത്ത ബോധമില്ലാതെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്.

2019ല്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു കിലേമീറ്റര്‍ ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്? സുപ്രീംകോടതി വിധി പുറത്ത് വന്നപ്പോള്‍ 2019ലെ ഉത്തരവ് റദ്ദാക്കണമെന്ന് പ്രതിപക്ഷം നിയമസഭയിലും പുറത്തും ആവശ്യപ്പെട്ടതാണ്. റദ്ദാക്കാമെന്ന ഉറപ്പ് നല്‍കിയെങ്കിലും അത് ചെയ്യാതെ അവ്യക്തമായ പുതിയ ഉത്തരവിറക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

റവന്യൂ- തദ്ദേശ വകുപ്പുകളെ സഹകരിപ്പിച്ച് 15 ദിവസം കൊണ്ട് സര്‍ക്കാരിന് ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കാമായിരുന്നു. ബഫര്‍ സോണ്‍ മേഖലയില്‍ കൃഷിയിടങ്ങളും ആരാധനാലയങ്ങളും വീടുകളും സര്‍ക്കാര്‍ ഓഫീസുകളും ഉണ്ടെന്നാണ് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ ഏഴ് മാസമായി ഇതിന് വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ജനങ്ങളെ പരിഭ്രാന്തിയിലും ഭയപ്പാടിലുമാക്കിയിരിക്കുകയാണ്.

ചന്ദനക്കുറിയിടുന്നവരും കാവി മുണ്ട് ഉടുക്കുന്നവരുമെല്ലാം ബി.ജെ.പിക്കാരല്ല. അത്തരക്കാരെ സംഘ്പരിവാറാക്കി ചിത്രീകരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാന്‍ മാത്രമെ പ്രയോജനപ്പെടൂ. എ.കെ ആന്റണിയുടെ പ്രസ്താവനയെ നൂറ് ശതമാനവും പിന്തുണക്കുന്നു. യഥാർഥ രാഷ്ട്രീയമാണ് അദ്ദേഹം പറഞ്ഞത്. എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്കാരാണെന്ന് പറയുന്നത് ശരിയല്ല. മഹാഭൂരിപക്ഷവും വര്‍ഗീയതക്കും സംഘ്പരിവാര്‍ ശക്തികള്‍ക്കും എതിരാണ്. പള്ളികളില്‍ പോകുന്നത് പോലെ തന്നെയാണ് അമ്പലത്തിലും പോകുന്നത്.

ഇ.പി ജയരാജന് എതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടേത് അമ്പരിപ്പിക്കുന്ന മൗനമാണ്. ജയരാജനെതിരായ ആരോപണം 2019-ല്‍ അറിഞ്ഞിട്ടും മുഖ്യമന്ത്രി ഒളിപ്പിച്ച് വച്ചു. ഇപ്പോള്‍ എല്ലാ പുറത്ത് വന്നിരിക്കുകയാണ്. തുടര്‍ ഭരണം കിട്ടിയതിന്റെ ജീര്‍ണത പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ബാധിച്ചിരിക്കുകയാണ്. സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ നേതാവിനാണ് ഡി.വൈ.എഫ്.ഐ നേതാവ് ട്രോഫി നല്‍കിയത്. ഇനി മുതല്‍ ഏറ്റവും നല്ല സ്വര്‍ണ കള്ളക്കടത്ത് സംഘത്തിനും മയക്ക് മരുന്ന് ലോബിക്കുമാണ് ഡി.വൈ.എഫ്.ഐ സമ്മാനം നല്‍കേണ്ടത്.

സംവരണം പിന്‍വലിക്കാനുള്ള സമയമായെന്ന് കോണ്‍ഗ്രസ് കരുതുന്നില്ല. അതേസമയം, സമ്പത്തിക സംവരണത്തെയും കോണ്‍ഗ്രസ് പിന്തുണച്ചിട്ടുണ്ട്. നിലവിലെ ജാതി സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ കിട്ടുന്നവര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ വേണം സാമ്പത്തിക സംവരണം നടപ്പാക്കേണ്ടതെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ എന്‍.എസ്.എസിന് അവരുടേതായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.

പി.കെ കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട പ്രസ്താവന. ഇത്തരമൊരു പ്രസ്താവന നടത്താന്‍ ഹരീന്ദ്രന്‍ എന്ന അഭിഭാഷകനെ പ്രേരിപ്പിച്ചത് എന്താണെന്ന് അറിയില്ല. ഷുക്കൂര്‍ വധം നടന്നിട്ട് വര്‍ഷങ്ങളായി. എന്നിട്ട് ഇപ്പോഴാണോ ഇത്തരമൊരു പ്രസ്താവന നടത്താന്‍ തോന്നിയത്. ഷുക്കൂര്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏറ്റവുമധികം പ്രയത്‌നിച്ചതും കുഞ്ഞാലിക്കുട്ടിയാണ്. സി.പി.എമ്മിനെതിരെ ഗൗരവതരമായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ മറുഭാഗത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മനഃപൂര്‍വമായി ഉണ്ടാക്കിയ ആരോപണമാണിത്.

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങള്‍ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, മറുപടി തൃപ്തികരമായിരുന്നില്ല. കെ.ആര്‍ നാരായണനെ പോലെ സമുന്നതനായൊരു വ്യക്തിയുടെ പേരിലുള്ള സ്ഥാപനത്തില്‍ നിന്നും അപകടകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഈ വിഷയം യു.ഡി.എഫ് ഗൗരവത്തോടെയാണ് കാണുന്നതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Buffer zone
News Summary - VD Satheesan react to Buffer zone issues
Next Story