ഉമ്മൻചാണ്ടിയുടെ മകനല്ലായിരുന്നെങ്കിൽ ചാണ്ടി ഉമ്മൻ മുൻപേ സ്ഥാനാർഥിയായേനെ -വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ മകനല്ലായിരുന്നെങ്കിൽ മുൻ തെരഞ്ഞെടുപ്പുകളിൽ പരിഗണിക്കേണ്ട ആളായിരുന്നു ചാണ്ടി ഉമ്മനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉമ്മൻചാണ്ടിയുടെ സഹാനുഭൂതി കിട്ടാൻ വേണ്ടി ആകാശത്ത് നിന്ന് സ്വർണനൂലിൽ കെട്ടിയിറക്കിയ രാജകുമാരനല്ല അദ്ദേഹം. ഊർജസ്വലനായ യുവജന പ്രവർത്തകനാണെന്ന് സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയും 53 വർഷം എം.എൽ.എയുമായ ഉമ്മൻചാണ്ടി പ്രതാപശാലിയായിരുന്നു. അദ്ദേഹത്തിന്‍റെ മകനായ ചാണ്ടി ഉമ്മന് ഒരു ധൂർത്തനോ ഉഴപ്പനോ ആകാമായിരുന്നു. എന്നാൽ, ലാളിത്യത്തോടെ ജീവിക്കുന്ന ഒരാളാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
ചാണ്ടി ഉമ്മനല്ലാതെ മറ്റൊരാൾ മത്സരിച്ചാലും ഉമ്മൻചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹം പ്രതിഫലിക്കും. സഹതാപ വോട്ട് കിട്ടാനല്ല ചാണ്ടിയെ സ്ഥാനാർഥിയാക്കിയത്. പൊതുസമൂഹം പോലും ചാണ്ടി ഉമ്മൻ സ്ഥാനാർഥിയായാൽ മതിയെന്ന് തന്നോട് പറഞ്ഞിട്ടുണ്ട്. ചാണ്ടി ഉമ്മനെ ജനങ്ങൾക്ക് ഇഷ്ടമാണ്. തെരഞ്ഞെടുപ്പുകളിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കൂടുകയും കുറയുകയും ചെയ്തിട്ടുണ്ട്. അത് സ്വഭാവികമാണ്. ഒരോ തവണത്തെയും തെരഞ്ഞെടുപ്പ് രീതി അനുസരിച്ച് ഉമ്മൻചാണ്ടിക്ക് ഭൂരിപക്ഷം കൂടുകയും കുറയുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കൊലയാളികൾക്ക് കുടപിടിച്ചു കൊടുത്ത ആൾ, കൊള്ളരുതാത്തവൻ, എന്തിനാണ് വിശുദ്ധനാക്കുന്നത് എന്നിങ്ങനെ ഉമ്മൻചാണ്ടിക്കെതിരെ സി.പി.എം പ്രചാരണം തുടങ്ങിയിട്ടുണ്ട്. ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയേക്കാൾ അപകടകാരിയാണ് മരിച്ച ഉമ്മൻചാണ്ടിയെന്ന് സി.പി.എം മനസിലാക്കി കഴിഞ്ഞുവെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.