ഗുണ്ടാസംഘങ്ങൾ പൊലീസിനെ വെല്ലുവിളിക്കുന്നു, ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: കണ്ണൂരിൽ സി.പി.എം പ്രവർത്തകനായ ഹരിദാസൻ കൊല്ലപ്പെട്ട സംഭവം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം ആരോപിക്കുന്നത്. ആർ.എസ്.എസ് - സി.പി.എം പോർവിളി കണ്ണൂരിനെ നേരത്തെയും ചോരക്കളമാക്കിയതാണ്. ഈ ചോരക്കളി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാനനില പൂർണമായും തകർന്നു. കൊല്ലും കൊലയും അക്രമസംഭവങ്ങളും സർവസാധാരണമായി. കൊലവിളി മുഴക്കി ഗുണ്ടാ സംഘങ്ങൾ പൊലീസിനെ പോലും വെല്ലുവിളിക്കുകയാണ്. ജനങ്ങളുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ല. പൊലീസും ആഭ്യന്തര വകുപ്പും നിഷ്ക്രിയമാണ്. പൊലീസിനെ ഭരിക്കുന്നത് സി.പി.എമ്മാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. ഇക്കാര്യം പ്രതിപക്ഷം പല തവണ പറഞ്ഞതാണ്. അതിന് അടിവരയിടുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്നത്. സർക്കാറിന് ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. ഒറ്റപ്പെട്ട സംഭവം എന്നത് കേരളത്തിലെ ഏറ്റവും വലിയ തമാശയായി മാറികഴിഞ്ഞെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.