Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസജി ചെറിയാനെ...

സജി ചെറിയാനെ പിൻവാതിലിലൂടെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്കുള്ള മറുപടി; രാജിവെക്കണമെന്ന് വി.ഡി സതീശൻ

text_fields
bookmark_border
സജി ചെറിയാനെ പിൻവാതിലിലൂടെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്കുള്ള മറുപടി; രാജിവെക്കണമെന്ന് വി.ഡി സതീശൻ
cancel

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ ഇന്ത്യൻ ഭരണഘടന അവഹേളിച്ചെന്ന കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ച ഹൈകോടതി നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സജി ചെറിയാൻ മന്ത്രിസ്ഥാനം ഉടൻ രാജിവെക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ആദ്യം രാജിവെച്ച സജി ചെറിയാനെ പിൻവാതിലിലൂടെ വീണ്ടും മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് കൂടിയുള്ള മറുപടിയാണ് ഹൈകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് തുടരവെ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അപ്പോള്‍ മന്ത്രി സ്ഥാനത്ത് ഇരുന്ന് അദ്ദേഹം അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്. അന്വേഷണം ഇനിയും പ്രഹസനമായി മാറും. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെയും കോടതി വിധിയുടെയും പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കണം. രാജിക്ക് തയാറായില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

സജി ചെറിയാന്‍ മന്ത്രിയായി തുടര്‍ന്നു കൊണ്ട് എങ്ങനെയാണ് സത്യസന്ധവും നിക്ഷ്പക്ഷവുമായ അന്വേഷണം നടക്കുന്നത്? അന്ന് ഭരണഘടനാ വിരുദ്ധ പ്രസ്താവന നടത്തിയപ്പോള്‍ രാജിവച്ചതിനേക്കാള്‍ ഗുരുതര സാഹചര്യമാണ് ഇപ്പോഴുള്ളത്. ഭരണഘടനയെ അപമാനിച്ച സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തതിലൂടെ തെറ്റായ നടപടിയാണ് മുഖ്യമന്ത്രിയും ചെയ്തത്. മന്ത്രിസഭാ പുനഃപ്രവേശം തെറ്റായിരുന്നെന്ന പ്രതിപക്ഷ നിലപാട് ഒന്നുകൂടി അടിവരയിടുന്നതാണ് ഹൈകോടതി വിധി.

ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ വിചാരധാര എന്ന പുസ്തകത്തിലെ ഖണ്ഡിക അതുപോലെ മലായാളത്തിലേക്ക് വിവര്‍ത്തനം ചെയ്താണ് സജി ചെറിയാന്‍ ഭരണഘടന കുന്തമാണെന്നും കൊടച്ചക്രമാണെന്നുമുള്ള പ്രസംഗം നടത്തിയത്. രാജ്യത്ത് സംഘ്പരിവാര്‍ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് സജി ചെറിയാന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി സജി ചെറിയാനെതിരെ സംസ്ഥാന ക്രൈംബ്രാഞ്ചിന്‍റെ പുനരന്വേഷണത്തിനാണ് ഹൈകോടതി ഉത്തരവിട്ടത്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന പൊലീസിന്‍റെ അന്തിമ റിപ്പോർട്ട് റദ്ദാക്കിയ കോടതി, അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിടണമെന്നും നിർദേശിച്ചു.

പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ ഉപയോഗിച്ച കുന്തം, കുടച്ചക്രം എന്നീ വാക്കുകൾ അനാദരവ് ഉള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ നിഗമനം തെറ്റാണ്. മാധ്യമപ്രവർത്തകരുടെ അടക്കം മൊഴി രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ നടപടിയും ജസ്റ്റിസ് ബച്ചു കുര്യന്‍റെ സിംഗ്ൾ ബെഞ്ച് റദ്ദാക്കി.

2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സി.പി.എം പരിപാടിയിൽ പ്രസംഗിച്ചതാണ് വിവാദമായത്. പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം ഏരിയ കമ്മിറ്റി ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പ്രതിവാര രാഷ്ടീയ വിദ്യാഭ്യാസ പരിപാടി 100-ാം വാരം പൂർത്തിയാക്കിയതിന്‍റെ ഭാഗമായ അനുമോദനയോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിവാദ പ്രസംഗം.

ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ ചുവടെ:

''മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഞാൻ പറയുന്നത് ഇന്ത്യയിലെ ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻപറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്.

ബ്രിട്ടീഷുകാരൻ പറഞ്ഞതും തയാറാക്കിക്കൊടുത്തതുമായ ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഫലമായി, രാജ്യത്ത് ഏത് ആള് പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല, ഈ രാജ്യത്തെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. അതിന് കുറച്ച് പ്രമോദ് നാരായണന്‍റെ (വേദിയിലുണ്ടായിരുന്ന എം.എൽ.എ) ഭാഷയിൽ പറഞ്ഞാൽ ഇച്ചിരി മുക്കും മൂലയും അരിച്ചുപെറിച്ച് ഗുണങ്ങൾ ഇട്ടിട്ടുണ്ട്. എന്നുവെച്ചാൽ മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം ഒക്കെ അതിന്‍റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന ചൂഷണം. ഞാൻ ചോദിക്കട്ടെ, തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ.

1957ൽ ഇവിടെ ഗവൺമെൻറ് അധികാരത്തിൽ വന്നപ്പോൾ ആദ്യത്തെ ഗവൺമെൻറ് തീരുമാനിച്ചു തൊഴിൽനിയമങ്ങൾ സംരക്ഷിക്കണമെന്ന്. കൂലി ചോദിക്കാൻ പറ്റില്ലായിരുന്നു. കൂലി ചോദിച്ചാൽ പൊലീസുകാർ നടുവ് ചവിട്ടി ഒടിക്കുമായിരുന്നു. അപ്പോൾ എക്സ്പ്ലോയിറ്റേഷനെ, ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിൽ. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരന്മാരും ഈ രാജ്യത്ത് വളർന്നുവരുന്നത്. ഈ പണമെല്ലാം എവിടെനിന്നാണ്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ചമൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട്, പാവങ്ങളെ ചൂഷണംചെയ്ത്, അവന് ശമ്പളം കൊടുക്കാതെ.

എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം എന്ന് പറഞ്ഞ് സമരം ചെയ്തിട്ട് ഇന്ന് നമ്മുടെ നാട്ടിൽ 12ഉം 16ഉം 20ഉം മണിക്കൂർ ജോലി ചെയ്യുമ്പോൾ ഈ രാജ്യത്തിന്റെ ഭരണഘടന അവർക്ക് പ്രൊട്ടക്ഷൻ കൊടുക്കുന്നുണ്ടോ?''.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VD SatheesanSaji Cheriancontempt of the Constitution
News Summary - VD Satheesan react to High Court verdict in Saji Cherian contempt of the Constitution
Next Story