ആരോടും കടക്ക് പുറത്തെന്ന് പറയരുത്; മാധ്യമങ്ങളോട് ഗവർണർ മാപ്പ് പറയണമെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: മാധ്യമങ്ങളെ വിലക്കിയ ഗവർണർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമ വിലക്കിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില മാധ്യമങ്ങളെ മാത്രം പുറത്താക്കുന്ന ഗവർണറുടെ നടപടി ബാലിശമാണ്. മാധ്യമ വിലക്ക് ജനാധിപത്യ ഭാരതത്തിന് അപമാനകരമായ കാര്യമാണ്. ജനങ്ങളെ കാര്യങ്ങൾ അറിയിക്കാനുള്ള വലിയ പങ്ക് മാധ്യമങ്ങൾക്കുണ്ട്. മാധ്യമ സ്വാതന്ത്ര്യം എന്നത് ജനാധിപത്യത്തിൽ പ്രധാനപ്പെട്ടതാണ്. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നിടത്ത് ജനാധിപത്യം നിഷേധിക്കപ്പെടുമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഗവർണർ കുറേ ദിവസങ്ങളായി നടത്തുന്ന പരാമർശങ്ങൾ പദവിക്ക് ചേർന്നതല്ല. പൊളിറ്റിക്കൽ ഇന്‍റഗ്രിറ്റിയില്ലെന്ന് പറഞ്ഞ് ഗവർണർ തന്നെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടുണ്ട്. അഞ്ച് പാർട്ടികൾ മാറിയ ഗവർണർ പൊളിറ്റിക്കൽ ഇന്‍റഗ്രിറ്റി പഠിപ്പിക്കാൻ വരേണ്ടെന്നാണ് അന്ന് താൻ നൽകിയ മറുപടിയെന്നും സതീശൻ ചൂണ്ടിക്കാട്ടി.
മാധ്യമപ്രവർത്തകർക്ക് സെക്രട്ടേറിയറ്റിൽ കയറാനുള്ള അവകാശം ഇപ്പോഴില്ല. നഷ്ടപ്പെട്ട അവകാശം തിരിച്ചുപിടിക്കാനായി പത്രപ്രവർത്തക യൂണിയൻ സമരം ചെയ്യണം. മാധ്യമപ്രവർത്തകർ അകത്തുകയറിയാൽ സെക്രട്ടേറിയറ്റ് ഇടിഞ്ഞുവീഴുമോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
തിരിച്ചറിയൽ കാർഡുള്ള മാധ്യമപ്രവർത്തകർക്ക് സെക്രട്ടേറിയറ്റിനുള്ളിൽ കയറാനുള്ള അവകാശം നിഷേധിക്കപ്പെടരുതെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.