ആനകള്‍ വിരണ്ടോടിയ സംഭവം: മരിച്ചവരുടെ ആശ്രിതർക്ക് ഗുരുവായൂര്‍ ദേവസ്വം ജോലി നൽകണം, പരിക്കേറ്റവരെ സഹായിക്കണം; ദേവസ്വം മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: കൊയിലാണ്ടിയില്‍ ആനകള്‍ ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ ആശ്രിതരെയും പരിക്കേറ്റവരെയും ഗുരുവായൂര്‍ ദേവസ്വം സഹായിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി.
കത്തിന്‍റെ പൂര്‍ണരൂപം:
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് എത്തിച്ച ആനകള്‍ ഇടഞ്ഞ് ക്ഷേത്രം ഓഫിസ് കെട്ടിടം തകര്‍ന്ന് വീണ് മൂന്നു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ.
സംഭവത്തില്‍ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ട നാട്ടാന പരിപാലനച്ചട്ടത്തിന്‍റെ ലംഘനമുണ്ടായെന്ന് വനംവകുപ്പ് കണ്ടെത്തിയതായും വാര്‍ത്തകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങളും നടപടികളും സ്വീകരിക്കുന്നതിനൊപ്പം മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും സഹായിക്കാനുള്ള നടപടി സര്‍ക്കാരിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും ഭാഗത്ത് നിന്നും ഉണ്ടാകണം.
ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള ആനകളെയാണ് മണിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ചിരുന്നത്. ദേവസ്വവുമായി ബന്ധപ്പെട്ട അത്യാഹിതങ്ങളില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷക്ക് പുറമെ ആശ്രിതരെ സഹായിക്കുന്ന കീഴ് വഴക്കം ഗുരൂവായൂര്‍ ദേവസ്വത്തിനുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി കോടതി ഉത്തരവുകളും ഉള്ളതായി അങ്ങേക്ക് അറിയാമല്ലോ.
ഈ സാഹചര്യത്തില്‍ മരിച്ചവരുടെ കുടുംബ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് അവരുടെ ആശ്രിതര്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ജോലി നല്‍കണമെന്നും മരിച്ചവരുടെ കുടുംബങ്ങളെയും പരിക്കേറ്റവരെയും സാമ്പത്തികമായി സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.