അജിത്കുമാറിനെ ഡി.ജി.പിയാക്കുന്നത് ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണ -വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: ഗുരുതര ആരോപണങ്ങളും അതിന്‍മേല്‍ അന്വേഷണവും നേരിടുന്ന എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് ഇപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് വ്യക്തമായെന്നും സതീശൻ പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനത്തിലുള്ള വിജിലന്‍സ് അന്വേഷണത്തിനു പുറമെ തൃശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയിലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയത്. ക്രമസമാധാന ചുമതലയില്‍ തുടരവെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാതെ അന്വേഷണം പ്രഖ്യാപിച്ചത് സ്ഥാനക്കയറ്റം നല്‍കുന്നതിനു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ കൗശലമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനത്തിനെതിരെ മന്ത്രിമാരുടെ ഭാഗത്ത് നിന്നും എതിര്‍പ്പുയർന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനാണ് അജിത് കുമാറിന് രക്ഷാകവചം ഒരുക്കിയത്. പിണറായിയുടെ ദൂതനായാണ് ആര്‍.എസ്.എസ് നേതാക്കളുമായുള്ള അജിത് കുമാറിന്‍റെ കൂടിക്കാഴ്ചയെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. അജിത് കുമാര്‍ എ.ഡി.ജി.പി പദവിയിലിരുന്ന് ചെയ്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെല്ലാം പിണറായിക്ക് വേണ്ടിയായിരുന്നു എന്നത് അടിവരയിടുന്നതു കൂടിയാണ് ഡി.ജി.പി സ്ഥാനമെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.