ആയിരം പിണറായി വിജയന്മാർ ഒരുമിച്ചാലും പ്രതിപക്ഷത്തിന്‍റെ തലയിൽ സംഘിപ്പട്ടം ചാർത്താനാവില്ല -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസിൽ പിണറായി സർക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബി.ജെ.പി നേതാക്കൾ പ്രതികളാകില്ലെന്ന് ഉറപ്പാക്കിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. കള്ളപ്പണ കേസ് ഒതുക്കി തീർക്കാൻ സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കൊടകരയിലേത് കവർച്ചാ കേസ് മാത്രമാക്കി ഒതുക്കിതീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി. പ്രതികളാകേണ്ടവർ സാക്ഷികളായ പിണറായി ഇന്ദ്രജാലമാണ് കള്ളപ്പണ കേസിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആയിരം പിണറായി വിജയന്മാർ ഒരുമിച്ച് വന്നാലും പ്രതിപക്ഷത്തിന്‍റെ തലയിൽ സംഘിപ്പട്ടം ചാർത്താനാവില്ല. പശുവിനെ കുറിച്ച് ചോദിച്ചാല്‍ മുഖ്യമന്ത്രി പശുവിനെ കെട്ടിയിട്ട തെങ്ങിനെക്കുറിച്ച് പറയുമെന്ന് വി.ഡി. സതീശൻ പരിഹസിച്ചു.
ബി.ജെ.പിക്ക് വേണ്ടിയാണ് നിയമസഭയിൽ പ്രതിപക്ഷം സംസാരിക്കുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചിരുന്നു. ബി.ജെ.പി കൊണ്ടുവന്ന പണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ എന്താണ് സംഭവിക്കുക എന്ന് യു.ഡി.എഫിന് നന്നായി അറിയാം. ബി.ജെ.പിയോട് അത്രമാത്രം വിശ്വാസമാണ് യു.ഡി.എഫിനെന്നും പിണറായി പറഞ്ഞു.
പിണറായി വിജയന്‍റെ സഭയിലെ പരാമർശങ്ങൾക്കാണ് പ്രതിപക്ഷ നേതാവ് ശക്തമായ ഭാഷയിൽ മറുപടി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.