കർമ ന്യൂസിൽ ഷെയർ ഉണ്ടെന്ന് പി.വി അൻവർ; ചുട്ട മറുപടിയുമായി വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: കർമ ന്യൂസിൽ ഷെയറുണ്ടെന്ന പി.വി അൻവർ എം.എൽ.എയുടെ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏതെങ്കിലും സ്ഥാപനത്തിൽ തനിക്ക് ഷെയർ ഉണ്ടെങ്കിൽ സി.പി.എമ്മിന് കൈമാറാൻ തയാറാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചെസ്റ്റ് നമ്പറിൽപ്പെട്ട ആളാണ് താൻ. അൻവർ ചെസ്റ്റ് നമ്പർ ഇടട്ടേ എന്നും സതീശൻ വ്യക്തമാക്കി.
മാധ്യമങ്ങള്‍ക്കെതിരെ പി.വി അന്‍വര്‍ എം.എൽ.എ ഉയർത്തുന്ന ഭീഷണിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മാധ്യമങ്ങള്‍ക്കെതിരെയും തുടര്‍ച്ചയായ ആക്രമണമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ആരാണ് ഈ പി.വി അന്‍വര്‍? സമൂഹമാധ്യമങ്ങളിലൂടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ചെസ്റ്റ് നമ്പര്‍ നല്‍കി പൂട്ടിക്കുമെന്ന് പറയാന്‍ അന്‍വറിന് ആരാണ് അവകാശം നല്‍കിയിരിക്കുന്നത്? കേരളത്തിലെ പൊലീസും മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണോ ഇത് ചെയ്യുന്നത്? സി.പി.എം എം.എല്‍.എ നല്‍കുന്ന ചെസ്റ്റ് നമ്പറിന് പിന്നാലെ പൊലീസ് പോകുകയാണ്.
അന്‍വറും പിറകെ പോകുന്ന പൊലീസും തമ്മില്‍ എന്ത് ബന്ധമാണുള്ളത്? സി.പി.എം അറിഞ്ഞുകൊണ്ടാണോ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ അന്‍വര്‍ വെല്ലുവിളി മുഴക്കുന്നത്? വേണ്ടി വന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഗുണ്ടായിസം കാട്ടുമെന്നാണ് പറയുന്നത്. സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ വാര്‍ത്ത എഴുതിയാല്‍ നിങ്ങളെ കൈകാര്യം ചെയ്യുമെന്ന് സി.പി.എമ്മിന്റെ ഒരു എം.എല്‍.എ പരസ്യമായി പറയുകയാണ്. ഇതിന് ധൈര്യം നല്‍കിയത് സര്‍ക്കാരും സി.പി.എമ്മുമാണോ? ഇക്കാര്യം മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കണം.
അന്‍വര്‍ പറയുന്നത് അനുസരിച്ചാണ് മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്നതും റെയ്ഡുകള്‍ നടത്തുന്നതും. ഒരു എം.എല്‍.എയുടെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് വന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങും. മൂന്നു തലമുറകളെയാണ് ആക്രമിക്കുന്നത്. എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.