രാഷ്ട്രീയ ദുരാരോപണ ചോദ്യം വന്നത് സ്പീക്കറുടെ റൂളിങ് മറികടന്ന് -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: സ്പീക്കറുടെ റൂളിങ് മറികടന്നാണ് രാഷ്ട്രീയ ദുരാരോപണങ്ങൾ കലർത്തുന്ന ചോദ്യങ്ങൾ നിയമസഭയിൽ വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തു കൊണ്ടാണ് ഇത്തരം ചോദ്യങ്ങൾക്ക് നിയമസഭ സെക്രട്ടറിയേറ്റ് അനുമതി നൽകുന്നത്. സ്പീക്കറുടെ റൂളിങ്ങിന് വിരുദ്ധമായ ചോദ്യമാണ് സഭയിൽ വന്നത്. വിഷയം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തുകയാണെന്നും ഇക്കാര്യം ശ്രദ്ധിക്കണമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
മുസ് ലിം ലീഗ് വിദ്യാർഥിനി സംഘടനയായ ഹരിതയിലെ പ്രശ്നങ്ങൾ ഭരണപക്ഷ അംഗമായ പി.പി. ചിത്തരഞ്ജൻ ചോദ്യോത്തരവേളയിൽ ഉന്നയിച്ചതാണ് നിയമസഭക്കുള്ളിൽ പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവെച്ചത്. ഹരിതയുടെ പേരെടുത്ത് പറയാതെയാണ് വിഷയം സി.പി.എം അംഗം ഉന്നയിച്ചത്.
വിഷയത്തിൽ ഇടപെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. വിഷയം ഒരു പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. അത്തരം കാര്യങ്ങൾ സഭയിൽ ചോദ്യോത്തരമാക്കി മാറ്റി രാഷ്ട്രീയ ചേരിപ്പോര് നടത്തരുത്. ദുരുദ്ദേശപരമായ ചോദ്യങ്ങൾ പാടില്ലെന്ന് സഭാചട്ടത്തിൽ പറയുന്നുണ്ട്. അത് ലംഘിക്കുകയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തി അതിൽ പരിഹാരം കാണാനുള്ള വേദിയാണ് ചോദ്യോത്തരവേളയെന്നും സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.