പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ മറവില്‍ നിരപരാധികളുടെ സ്വത്ത് കണ്ടുകെട്ടുന്നു -വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ മറവില്‍ നിരപരാധികളായ ആളുകളുടെ സ്വത്ത് കണ്ടുകെട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇതിനെതിരെയാണ് ലീഗ് പറഞ്ഞത്. ഇക്കാര്യം യു.ഡി.എഫ് ഗൗരവമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ മറവില്‍ ലീഗ് നേതാക്കളുടെ വസ്തുവകകൾ കണ്ടുകെട്ടുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് കേരള പൊലീസ് സ്വീകരിക്കുന്നതെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
പോപുലർ ഫ്രണ്ട് നേതാവിന്റെ വീടും ഭൂമിയും ജപ്തി ചെയ്യുന്നതിനു പകരം മുസ്‍ലിം ലീഗ് ജനപ്രതിനിധിയുടെ 16 സെൻറ് ഭൂമിയും ഇതിലുള്ള വീടുമാണ് റവന്യൂ ഉദ്യോഗസ്ഥർ ഇന്നലെ ജപ്തി ചെയ്തത്. മലപ്പുറം എടരിക്കോട് അഞ്ചാം വാർഡ് അംഗം ചെട്ടിയാൻതൊടി മുഹമ്മദിന്റെ മകൻ സി.ടി. അഷ്റഫിന്റെ വീട്ടിലാണ് ഉദ്യോഗസ്ഥർ നോട്ടീസ് പതിപ്പിച്ചത്.
പോപുലർ ഫ്രണ്ട് പ്രവർത്തകനായ ചെട്ടിയാൻതൊടി ബീരാന്റെ മകൻ സി.ടി. അഷ്റഫിനെതിരായ നടപടിയാണ് ആളുമാറിയത്. നേരത്തേ അഞ്ചാം വാർഡിൽ സ്റ്റൂൾ ചിഹ്നത്തിൽ സി.ടി. അഷ്റഫിനെതിരെ അപരനായി മത്സരിക്കുകയും ചെയ്തിരുന്നു. പിതാവിന്റെ പേരുകൾ മാത്രമാണ് ഇരുവരും തമ്മിൽ വ്യത്യാസമുള്ളത്. അഷ്റഫ് പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പാർട്ടി പരിപാടികളിലോ ഒന്നും പങ്കെടുത്തിട്ടില്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അഷ്റഫ് പറയുന്നു.
വെള്ളിയാഴ്ച രാവിലെയാണ് എടരിക്കോട് വില്ലേജ് ഓഫിസറും മറ്റു ഉദ്യോഗസ്ഥരും താണുക്കുണ്ടിലെ വീട്ടിൽ എത്തുന്നത്. തുടർന്ന് ഭൂമിയുടെ രേഖകൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വീട് ജപ്തി ചെയ്യുന്ന നടപടികൾ സ്വീകരിക്കുകയാണെന്ന് അറിയിച്ചു. ആളുമാറിയതാണെന്നറിയിച്ചിട്ടും നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു ഉദ്യോഗസ്ഥർ. ശനിയാഴ്ച രാവിലെ വീണ്ടുമെത്തിയാണ് അധികൃതർ നോട്ടീസ് പതിപ്പിച്ചത്. അങ്ങാടിപ്പുറത്ത് 2021ൽ കൈമാറ്റം ചെയ്ത വസ്തു ജപ്തി ചെയ്തുവെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.