‘സുരേഷ് ഗോപിക്ക് സി.പി.എമ്മിന്റെ നേതാക്കൾ പോയിട്ട് ഒരു പ്രവർത്തകൻ പോലും മറുപടി പറഞ്ഞില്ല’
text_fieldsപാലക്കാട്: പൂരം അട്ടിമറി വിഷയം സി.ബി.ഐക്ക് വിടാനുള്ള സുരേഷ്ഗോപിയുടെ വെല്ലുവിളിക്ക് മറുപടി പറയാൻ സി.പി.എമ്മിന് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എമ്മിന്റെ നേതാക്കൾ പോയിട്ട് ഒരു പ്രവർത്തകൻ പോലും മറുപടി പറഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.എമ്മിന് മറുപടി പറയാൽ ധൈര്യമില്ല. സുരേഷ്ഗോപി പറഞ്ഞത് ധിക്കാരമാണെന്ന് കോൺഗ്രസ് പറയുന്നുവെന്ന് വി.ഡി. സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സുരേഷ് ഗോപിയുടെ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട പ്രസ്‌താവനകൾക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന് മറുപടിയില്ലേയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ചോദിച്ചു. ഇത്ര പ്രകോപനപരവും അപകീർത്തികരവുമായ പ്രസ്‌താവന ഒരു കേന്ദ്രമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിട്ടും ഒരക്ഷരം മിണ്ടാത്തത് പേടിച്ചിട്ടാണോ അതോ ഒത്തുതീർപ്പിന്റെ ഭാഗമായാണോ? ഇത്തരമൊരു പ്രസ്താവന കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
പൂരം കലക്കലുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കും സി.പി.എമ്മിനും ഒരു ഉത്കണ്ഠയുമില്ല. അവർ വിഷയം മാറ്റി ജനശ്രദ്ധ തിരിക്കുകയാണ്. വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിച്ച ഈ സംഭവത്തിന്റെ ഗുണഭോക്താവ് ബി.ജെ.പിയുടെ എം.പിയാണ്. ഈ നേട്ടമുണ്ടാക്കിക്കൊടുത്തത് മുഖ്യമന്ത്രിയുമാണ്. പൊലീസ് തലത്തിൽ നടക്കുന്ന ത്രിതല അന്വേഷണം നേരായ വഴിക്കല്ല. എല്ലാറ്റിനും അടിസ്ഥാനം ബി.ജെ.പിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഒത്തുതീർപ്പാണ്.
കോൺഗ്രസിൽ എല്ലാവർക്കും സ്ഥാനാർഥികളെ നിർദേശിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, പാർട്ടിയൊരു തീരുമാനം എടുത്താൽ അതിനൊപ്പം ഒറ്റക്കെട്ടായി നീങ്ങും. കോൺഗ്രസിനെക്കുറിച്ച് ആരും വേവലാതിപ്പെടേണ്ടതില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കെ.സി. വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.