എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കുമെന്ന് വി.ഡി. സതീശൻ
text_fieldsപുതുപ്പള്ളി: പാർട്ടിക്കുള്ളിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അക്കാര്യത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്. പ്രശ്നങ്ങളിൽ ചർച്ചകൾ തുടരുമെന്നും സതീശൻ വ്യക്തമാക്കി. പുതുപ്പള്ളിയിലെ വസതിയിൽ ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നങ്ങളിൽ പരിഹാരം കാണാനുള്ള പൂർണ ചുമതല കെ.പി.സി.സി. അധ്യക്ഷനും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തനിക്കുമുണ്ട്. മുതിർന്ന നേതാക്കളുടെ പ്രയാസങ്ങൾ പരിഹരിക്കപ്പെടും. മുതിർന്ന നേതാവായ ഉമ്മൻചാണ്ടിയുടെ അനുഗ്രഹത്തോടെയും പിന്തുണയോടെയും സംഘടനയിലെ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിക്കണമെന്നാണ് ആഗ്രഹം.
കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ ഉൾപ്പെടുത്തി ഒറ്റക്കും കൂട്ടായും ചർച്ചകൾ നടക്കും. രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തും. സംഘടനാപരമായ കാര്യങ്ങൾ കെ.പി.സി.സി അധ്യക്ഷൻ വിശദീകരിക്കും. കോൺഗ്രസ് തിരിച്ചു വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും സതീശൻ പറഞ്ഞു.
സി.പി.എം, ബി.ജെ.പി അടക്കം എല്ലാ പാർട്ടികളിലും പ്രശ്നങ്ങളുണ്ട്. അതാത് പാർട്ടികളുടെ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാറാണ് പതിവ്. മുഖ്യമന്ത്രിയുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയ ആക്ഷേപങ്ങൾക്കാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ മറുപടി നൽകേണ്ടതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
ഫോണിൽ പോലും നേതാക്കൾ തമ്മിൽ സംസാരിക്കാറില്ലെന്നാണ് ചില പത്രങ്ങളിൽ വാർത്ത വന്നത്. അത് ശരിയല്ലെന്നും ഫോണിൽ സംസാരിക്കാറുണ്ടെന്നും സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.