ബി.ജെ.പിയുമായും സി.പി.എമ്മുമായും ചര്‍ച്ച നടത്തിയ ആളെ യു.ഡി.എഫ് എങ്ങനെ സ്ഥാനാർഥിയാക്കും -വി.ഡി. സതീശൻ
text_fieldsചേലക്കര (തൃശൂർ): സി.പി.എമ്മില്‍ പോകാന്‍ തീരുമാനിച്ച ഒരാള്‍ വാർത്തസമ്മേളനം നടത്തിയാല്‍ എനിക്ക് അനുകൂലമായി സംസാരിക്കില്ലല്ലോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സരിൻ അദ്ദേഹം സി.പി.എമ്മില്‍ പോകാന്‍ തീരുമാനിച്ചതു കൊണ്ടാണ് ഇന്നലെ നടപടി എടുക്കാതിരുന്നത്. നടപടി എടുത്തതു കൊണ്ടാണ് സി.പി.എമ്മില്‍ പോകുന്നതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇന്നലെ നടത്തിയത്. അദ്ദേഹം ആദ്യം ബി.ജെ.പിയുമായി ചര്‍ച്ച നടത്തി. അവരുടെ സ്ഥാനാര്‍ഥി ആകാന്‍ പറ്റുമോയെന്നു ശ്രമിച്ചു. സ്ഥാനാർഥിയാകാന്‍ അവരുടെ നേതൃത്വത്തിലുള്ളവര്‍ ഉണ്ടെന്ന് അവര്‍ അറിയിച്ചു. ബി.ജെ.പി സ്ഥാനാർഥിയാകാന്‍ പറ്റില്ലെന്നു തിരിച്ചറിഞ്ഞാണ് സി.പി.എമ്മിനെ സമീപിച്ചത്. അനുകൂലമായ പ്രതികരണം സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒരു സി.പി.എം നരേറ്റീവാണ് അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞത്. അത് പാലക്കാട് നിന്നുള്ള മന്ത്രി എം.ബി. രാജേഷ് എഴുതിക്കൊടുത്തതാണ് -പ്രതിപക്ഷ നേതാവ് ചേലക്കരയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിയമസഭയില്‍ സി.പി.എം എം.എല്‍.എമാരും മന്ത്രിമാരും എന്നെ കുറിച്ച് പറഞ്ഞ അതേ കാര്യങ്ങളാണത്. അതിന് അപ്പോള്‍ തന്നെ മറുപടിയും നല്‍കി. ഞാന്‍ അഹങ്കാരിയാണ്, ധിക്കാരിയാണ്, ധാര്‍ഷ്ട്യക്കാരനാണ് ആരെയും വകവയ്ക്കാത്തവനാണ് എന്നൊക്കെയാണ് പറഞ്ഞത്. അത് അവര്‍ എന്നെക്കുറിച്ച് പറഞ്ഞതല്ല. അടുത്ത് ചെന്നാല്‍ കടക്ക് പുറത്തെന്നു പറയുകയും കണ്ണുമിഴിച്ച് നോക്കുകയും ചെയ്യുന്ന ഓരു ആളോട് അങ്ങനെയൊക്കെ പറയാന്‍ അവര്‍ക്ക് ആഗ്രഹമുണ്ട്. ഉള്ളില്‍ ആഗ്രഹമുണ്ട്, പക്ഷെ പറയാന്‍ ധൈര്യമില്ല. അതുകൊണ്ടാണ് നിങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞത്. നിങ്ങള്‍ ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് എനിക്ക് നല്ല ബോധ്യമുണ്ടെന്നും ഞാന്‍ നിയമസഭയില്‍ മറുപടി നല്‍കി. അതുതന്നെയാണ് ഒരു മന്ത്രി പറഞ്ഞത് അനുസരിച്ച് സി.പി.എമ്മില്‍ ചേരാന്‍ പോകുന്ന ആളും പറഞ്ഞത്.
മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് കൂട്ടായ ആലോചനയിലൂടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കള്‍ പോലും അതിനെതിരെ എതിര്‍ അഭിപ്രായം പറഞ്ഞിട്ടില്ല. ചേലക്കരയിലെയും പാലക്കാട്ടെയും യോഗങ്ങളില്‍ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും ഒന്നിച്ചാണ് പങ്കെടുക്കുന്നത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിലും ഈ രണ്ടു യോഗങ്ങളില്‍ പങ്കെടുക്കാനാണ് രമേശ് ചെന്നിത്തല എത്തിയത്. ഒരു ടീം ആയാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസില്‍ ആര്‍ക്കും ഒറ്റക്ക് തീരുമാനം എടുക്കാനാകില്ല. ഞാന്‍ ആ തീരുമാനം എടുക്കുന്നതില്‍ ഒരാളാണ്. അതുകൊണ്ടാണ് എനിക്കും കെ.പി.സി.സി അധ്യക്ഷനും ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞത്. മുന്‍ കെ.പി.സി.സി അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചാണ് തീരുമാനം എടുത്തത്.
സി.പി.എമ്മുമായും ബി.ജെ.പിയുമായും ചര്‍ച്ച നടത്തുന്ന ഒരാളെ ഞങ്ങള്‍ എങ്ങനെയാണ് സ്ഥാനാര്‍ത്ഥിയാക്കുന്നത്. ഞാന്‍ ഇന്നലെ അദ്ദേഹത്തോട് ദേഷ്യപ്പെട്ടു എന്നാണ് പരാതി. ദേഷ്യപ്പെട്ടു. കാരണം, ഒരു ദിവസം ചാനലില്‍ കാണുന്നത് അദ്ദേഹം പ്രതിപക്ഷ നേതാവിനെ കാണുമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെടുമെന്നുമാണ്. എന്നിട്ട് എന്നെ കാണാന്‍ വന്നു. സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കണമെന്ന് നേതാക്കളോട് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല, പക്ഷെ രാവിലെ ചാനലില്‍ വാര്‍ത്ത നല്‍കിയിട്ട് കാണാന്‍ വരുന്നത് പാട്ടിയുടെ അച്ചടക്കത്തിന് ചേര്‍ന്നതല്ല. അതിന് ശാസിച്ചിട്ടുണ്ട്. ഞാന്‍ ഉമ്മന്‍ ചാണ്ടിയെ പോലെയോ രമേശ് ചെന്നിത്തലയെ പോലെയോ അല്ലെന്ന് അദ്ദേഹം പറഞ്ഞത് സത്യമാണ്. എന്തു പറഞ്ഞാലും അവര്‍ ദേഷ്യപ്പെടില്ല. അത് അവരുടെ രീതിയാണ്. എന്റെ രീതി അതല്ല. വളരെ കാര്‍ക്കശ്യത്തോടെ സംഘടനാപരമായ കാര്യങ്ങളില്‍ ഇടപെടുന്ന ആളാണ്. പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുകയും ചേര്‍ത്തുപിടിക്കുകയും ശാസിക്കുകയും ചെയ്യും.
സംഘടനാ പ്രവര്‍ത്തനം വീക്കായിക്കൊണ്ടിരിക്കുന്നുവെന്ന് സി.പി.എമ്മില്‍ പോകുന്ന ഒരാള്‍ക്ക് പറയാം. കോണ്‍ഗ്രസില്‍ നില്‍ക്കുന്ന ഒരാളും പറയില്ല. ഞങ്ങള്‍ രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും വിജയിച്ച ഞങ്ങള്‍ എവിടെയാണ് സംഘടനാപരമായി വീക്കായത്. സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളും ലോക്കല്‍ സമ്മേളനങ്ങളും നടത്തുമ്പോള്‍ ഞങ്ങള്‍ സംസ്ഥാന ക്യാമ്പും ജില്ലാ ക്യാമ്പും നിയോജക മണ്ഡലം ക്യാമ്പും മണ്ഡലം സമ്മേളനങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. സി.പി.എമ്മിനെ വെല്ലുവിളിക്കുന്ന സംഘടനാ സംവിധാനം കോണ്‍ഗ്രസില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കെ.പി.സി.സി അധ്യക്ഷന്റെ നേതൃത്വത്തിലാണ് ഇതൊക്കെ ചെയ്യുന്നത്. ഞങ്ങള്‍ എല്ലാം ടീം ആയി അദ്ദേഹത്തെ സഹായിക്കും.
കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ദൂതനായി എ.ഡി.ജി.പി അജിത് കുമാറിനെ വിട്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് ഞാനല്ലേ. എനിക്ക് മൃദു ഹിന്ദു സമീപനമാണോ? അതിന്റെ വിരോധം എന്നോടുണ്ട്. അജിത് കുമാറിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പൂരം കലക്കി ബി.ജെ.പിയെ സഹായിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ചതും പ്രതിപക്ഷമാണ്. കേരളത്തില്‍ ബി.ജെ.പി- സി.പി.എം അവിശുദ്ധ ബാന്ധവമുണ്ടെന്നു പറഞ്ഞതും പ്രതിപക്ഷമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫ് കണ്‍വീനറും ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന് ആരോപിച്ചതും പ്രതിപക്ഷമാണ്. പ്രകാശ് ജാവദേദ്ക്കറെ മുഖ്യമന്ത്രിയും ഇ.പി ജയരാജനും സന്ദര്‍ശിച്ചപ്പോള്‍ വിമര്‍ശിച്ചതും പ്രതിപക്ഷമാണ്. എന്നിട്ടും മൃദുഹിന്ദുത്വമാണെന്ന് സി.പി.എം പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഇദ്ദേഹം പറഞ്ഞത് അവര്‍ എഴുതിക്കൊടുത്തതാണ്. അങ്ങോട്ട് പോകാന്‍ റെഡിയായി നില്‍ക്കുകയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞല്ലോ. അങ്ങോട്ടു ഇങ്ങോട്ടും എത്രയോ പേര്‍ പാര്‍ട്ടി മാറുന്നു. കഴിഞ്ഞ ദിവസം ഉദയംപേരൂരില്‍ കോണ്‍ഗ്രസിലേക്ക് വന്ന 73 സി.പി.എമ്മുകാര്‍ക്ക് ഞാന്‍ മെമ്പര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്. ഇദ്ദേഹം വന്നിട്ട് ഇത്രയും നാളല്ലേ ആയുള്ളൂ. അദ്ദേഹത്തിന് ഇത്രയുമേ കൊടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ.
സി.പി.എം നിയമസഭയില്‍ പറഞ്ഞ അതേ കാര്യമാണ് പറഞ്ഞത്. ഞങ്ങളുടെ പാര്‍ട്ടിയിലെ അവസാന വാക്ക് കെ.പി.സി.സി അധ്യക്ഷനാണ്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയാണ്. പ്രതിപക്ഷ നേതാവുമായും മുന്‍ പ്രതിപക്ഷ നേതാവുമായും മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരുമായും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായും ആലോചിച്ചാണ് കെ.പി.സി.സി അധ്യക്ഷന്‍ തീരുമാനം എടുത്തത്. അവര്‍ക്കൊന്നും ഒരു പരാതിയും ഇല്ലല്ലോ. ഞാന്‍ മാത്രം ഒരു തീരുമാനം എടുത്താല്‍ ഈ നേതാക്കള്‍ ആരെങ്കിലും അംഗീകരിക്കുമോ? അപ്പോള്‍ പോകാന്‍ ഒരു കാരണം വേണം. ആരുടെയെങ്കില്‍ മേല്‍ ചാര്‍ത്തിയിട്ടു വേണം പോകാന്‍. പിണറായി വിജയന്‍ രൂക്ഷമായ പ്രതിപക്ഷ ആക്രമണത്തിന് വിധേയമായപ്പോള്‍ ആ ആക്രമണത്തില്‍ നിന്നും പ്രതിരോധിക്കുന്നതിനു വേണ്ടി പിണറായിയുടെ സ്വഭാവം എനിക്കുണ്ടെന്നു പറഞ്ഞു. അത്രയെയുള്ളൂ.
തൃക്കാക്കരയിലും പുതുപ്പള്ളിയിലും അസ്വാരസ്യങ്ങളുണ്ടായിരുന്നു. അതൊന്നും ഒരു പോറല്‍ പോലും സംഘടനാ സംവിധാനത്തിലുണ്ടാക്കിയില്ല. തൃക്കാക്കര തിരഞ്ഞെടുപ്പ് കാലത്ത് ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി ഭാരവാഹിയും കേന്ദ്ര സംസ്ഥാന മന്ത്രിയുമായിരുന്ന സാക്ഷാല്‍ കെ.വി തോമസ് എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുത്തു. അത്രയും വലിയ ആളൊന്നുമല്ലല്ലോ ഇത്. എന്നിട്ടും ഞങ്ങള്‍ അതിനെ നേരിട്ടു. പി.ടി തോമസ് വിജയിച്ചതിന്റെ ഇരട്ടി ഭൂരിപക്ഷത്തിനാണ് തൃക്കാക്കരയില്‍ ഉമ തോമസ് വിജയിച്ചത്. പുതുപ്പള്ളിയിലും ഇതുപോലെ ഒരാള്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ പോയില്ലേ. അയാള്‍ അവിടെ എത്തിയുമില്ല ഇവിടെ നിന്ന് പോകുകയും ചെയ്തു. ഇവിടെ എന്ത് സംഭവിക്കുമെന്ന് അറിയില്ല.
എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണുന്നുണ്ട്. ജയിക്കാന്‍ വേണ്ടിയുള്ള നല്ല തീരുമാനം എടുത്തു. സീറ്റ് കിട്ടിയില്ല എന്ന് പറഞ്ഞ് പോകുന്നവര്‍ക്ക് പാര്‍ട്ടിയോട് അത്രയെ ആത്മാര്‍ത്ഥതയുള്ളൂ. എനിക്ക് 1996 ല്‍ സീറ്റ് തന്നു. 1016 വോട്ടിന് തോറ്റു പോയി. അഞ്ച് വര്‍ഷവും അവിടെ നിന്ന് കഠിനാധ്വാനം ചെയ്ത് 2001ല്‍ വിജയിച്ചു. ആയിരത്തോളം വോട്ടിന് പരാജയപ്പെട്ട മഹേഷ് കരുനാഗപ്പള്ളിയില്‍ നിന്നും വിജയിച്ചു. ഇദ്ദേഹത്തിനും സീറ്റ് നല്‍കി. അവിടെ തന്നെ നിന്ന് വിജയിക്കാമായിരുന്നു. ഇനി ഒന്നര വര്‍ഷമല്ലെ തിരഞ്ഞെടുപ്പിനുള്ളൂ. ബി.ജെ.പിയുമായും സി.പി.എമ്മുമായും ചര്‍ച്ച നടത്തുന്ന ആളെ ഞങ്ങള്‍ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കും. അദ്ദേഹത്തിന്റെ ഇന്നലത്തെയും ഇന്നത്തെയും പത്രസമ്മേളനം കണ്ടപ്പോള്‍ നിങ്ങള്‍ക്ക് തന്നെ മനസിലായില്ലേ. മാധ്യമ പ്രവര്‍ത്തകരോട് ഇന്നലെ അദ്ദേഹം എന്തൊക്കെയാണ് പറഞ്ഞത്? ചോദിച്ചവര്‍ക്കൊക്കെ കിട്ടിയില്ലേ. എന്തുകൊണ്ടാണ് ഞങ്ങള്‍ അദ്ദേഹത്തെ പാലക്കാട് സീറ്റിലേക്ക് ആലോചിക്കുക പോലും ചെയ്യാതിരുന്നതെന്ന് ഇന്നലത്തെ വാര്‍ത്താസമ്മേളനം കണ്ട മാധ്യമ പ്രവര്‍ത്തകര്‍ക്കും കേരളത്തിനും മനസിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.