റസാഖ് പയമ്പ്രോട്ട് തീവ്ര വലതുപക്ഷ വ്യതിയാനത്തിന്‍റെ ഇരയെന്ന് വി.ഡി സതീശൻ; മാലിന്യ പ്ലാന്‍റ് തുറക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല
text_fieldsമലപ്പുറം: ഇടതുപക്ഷ സഹയാത്രികനും ചിന്തകനും പ്രഭാഷകനുമായ റസാഖ് പയമ്പ്രോട്ടിന്റെ വേര്‍പാട് എല്ലാവരെയും വേദനിപ്പിക്കുന്നതും നിരാശയിലാഴ്ത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊണ്ടോട്ടി പുളിക്കല്‍ പഞ്ചായത്ത് ഓഫിസില്‍ ആത്മഹത്യ ചെയ്ത റസാഖ് പയമ്പ്രോട്ടിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണം തന്നെ ഒരു സമരമാണെന്ന് എഴുതിവച്ച ശേഷമാണ് റസാഖ് മരിച്ചത്. മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെതിരായ പോരാട്ടത്തില്‍ സി.പി.എം സ്വീകരിച്ച നിഷേധാത്മക നിലപാടും പാര്‍ട്ടി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടത്. മരണത്തെ സമരത്തിന്റെ അവസാനത്തെ ആയുധമാക്കി വച്ചിട്ടാണ് അദ്ദേഹം പോയത്. സി.പി.എമ്മിനുണ്ടായ തീവ്രവലതുപക്ഷ വ്യതിയാനത്തിന്റെ അവസാനത്തെ ഇരയാണ് റസാഖ് എന്നും വി.ഡി സതീശൻ പറഞ്ഞു.
തീവ്രവലതുപക്ഷ വ്യതിയാനമാണ് ഇടതുപക്ഷ സഹയാത്രികനായ റസാഖിനെ വേദനിപ്പിച്ചത്. ഇതൊരു ഇടതുപക്ഷമല്ല, തീവ്രവലതുപക്ഷമാണ്. ബി.ജെ.പി പോലുള്ള സംഘ്പരിവാര്‍ ശക്തികളോട് വലതുപക്ഷ സമീപനം സ്വീകരിച്ച് മത്സരിക്കാന്‍ ശ്രമിക്കുന്നവരാണ് ഇവര്‍. സി.പി.എമ്മിന്റെ ഈ തീവ്രവലതുപക്ഷ വ്യതിയാനം പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന റസാഖിനെ വേദനിപ്പിച്ചു.
തന്റെ മരണത്തിന് കാരണക്കാരായ ആളുകളെക്കുറിച്ച് അദ്ദേഹം എഴുതി വച്ചിട്ടുണ്ട്. എന്നിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പ്രതിപ്പട്ടികയില്‍ ഉള്ളതുകൊണ്ടാണ് അന്വേഷണം ഇഴയുന്നത്. അന്വേഷണം സുതാര്യമാക്കണം. മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം.
ജനനിബിഡമായ ഈ പ്രദേശത്ത് മാലിന്യപ്ലാന്‍റ് തുറക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. പ്ലാന്റ് തുറക്കാനുള്ള നീക്കത്തെ ശക്തിയായി എതിര്‍ക്കും. പ്ലാന്‍റ് അടച്ചുപൂട്ടണം. റസാഖിന്റെ കുടുംബത്തെ സഹായിക്കാനും സര്‍ക്കാര്‍ തയാറാകണം. ഇത്തൊരമൊരു ദുരന്തം കേരളത്തില്‍ ഒരാള്‍ക്കും ഇനിയുണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.