ജലീല്‍ സര്‍ക്കാറിന്‍റെ ചാവേർ; ജുഡീഷ്യറിയെ ഭരണകൂടം വെല്ലുവിളിക്കുന്നുവെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: ലോകായുക്തക്കെതിരായ കെ.ടി. ജലീലിന്‍റെ അതിരുവിട്ട വിമര്‍ശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്‍റെ പരസ്യമായ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തക്ക് മുന്നിലിരിക്കുമ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ആ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചത്. അത് പാളിയപ്പോഴാണ് ലോകായുക്തയെ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ സര്‍ക്കാര്‍ ഒരു ചാവേറിനെ ഇറക്കിയിരിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.
ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോള്‍ ചാവേറിന്‍റെ വീര്യം കൂടും. ഇനി മുതല്‍ ഏത് ഇടത് നേതാവിനെതിരെയും കോടതി വിധികളുണ്ടായാല്‍ ഇതേ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയാണ് ജലീല്‍ നല്‍കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അസഹിഷ്ണുതയുടെ കൂടാണ് പിണറായി സര്‍ക്കാര്‍. സില്‍വര്‍ ലൈനിനെ എതിര്‍ത്ത സാംസ്‌കാരിക പ്രവര്‍ത്തകരെ സൈബറിടങ്ങളില്‍ കൊല്ലാക്കൊല ചെയ്യുന്നവര്‍ പ്രതികരിക്കാന്‍ പരിമിതികളുള്ള ജുഡീഷ്യറിയെ നീതിബോധമില്ലാതെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുത്താല്‍ കാണിച്ചുതരാമെന്ന ലോകായുക്തക്കുള്ള ഭീഷണിയാണിത്. ജലീലിന്‍റെ ജല്‍പനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂവെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
ലോകായുക്തക്കെതിരെ രൂക്ഷവിമർശനമാണ് മുൻ മന്ത്രി കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയത്. തക്കതായ പ്രതിഫലം നൽകിയാൽ ലോകായുക്ത എന്തും ചെയ്യുമെന്ന് ജലീൽ ആരോപിച്ചു. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് എം.ജി സർവകലാശാല വി.സി പദവി വിലപേശി വാങ്ങിയെന്നും ജലീൽ പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ സർക്കറിനെ അസ്ഥിരപ്പെടുത്താനാണ് യു.ഡി.എഫ് നേതാക്കളുടെ പടപ്പുറപ്പാട്. ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമം കേരളത്തിൽ മാത്രം വേണമെന്ന വാശിക്ക് പുല്ലുവില പോലും ജനങ്ങൾ കൽപ്പിക്കില്ലെന്നും ജലീൽ പോസ്റ്റിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.