Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഫ്ബി: തോമസ്...

കിഫ്ബി: തോമസ് ഐസക്കിന്‍റെ ഏഴ് ചോദ്യങ്ങൾക്ക് പ്രതിപക്ഷ നേതാവിന്‍റെ മറുപടി

text_fields
bookmark_border
VD Satheesan and Thomas Isaac
cancel

കോഴിക്കോട്: കിഫ്ബി വിഷയത്തിൽ മുൻ ധനമന്ത്രി തോമസ് ഐസക്ക് ഉന്നയിച്ച ഏഴ് ചോദ്യങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തോമസ് ഐസക് ഉന്നയിച്ച എല്ലാ വിഷയങ്ങളിൽ മുമ്പ് മറുപടി നൽകിയിട്ടുണ്ടെന്ന് സതീശൻ വ്യക്തമാക്കി. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ ചോദിച്ചിരുന്നുവെന്നും എന്നാൽ, അദ്ദേഹം നാളിതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

വി.ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ചോദിച്ച ഓരോ ചോദ്യങ്ങൾക്കും ഞാന്‍ ഉത്തരം നല്‍കുമ്പോള്‍ പുതിയ വിഷയവുമായാണ് അദ്ദേഹം വീണ്ടും വരുന്നത്. ആദ്യ പോസ്റ്റ് ധനകാര്യ കമ്മീഷന്‍ ഡവല്യൂഷനെ കുറിച്ചും റവന്യു കമ്മി ഗ്രാന്റിനെക്കുറിച്ചുമായിരുന്നു. അതിന് മറുപടി നല്‍കിയപ്പോള്‍ നികുതി പിരിവിലെ പരാജയത്തെകുറിച്ചായി അടുത്ത ചോദ്യം. അതിനും മറുപടി നല്‍കി. ഇപ്പോഴിതാ കിഫ്ബിയെ കുറിച്ചാണ് ചോദ്യം!

ബജറ്റിന് പുറത്തെടുത്ത തുക കടമെടുപ്പിന്റെ പരിധിയില്‍ വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതു തന്നെയാണ് സി.എ.ജി പിന്നീട് ചൂണ്ടിക്കാണിച്ചതെന്നുമുള്ള എന്റെ പ്രസ്താവനയ്‌ക്കെതിരെ, നിങ്ങളാണ് സി.എ.ജിക്ക് ഈ ബുദ്ധി ഉപദേശിച്ചു കൊടുത്തതെന്ന അപഹാസ്യമായ വാദമാണ് ഐസക്ക് ഉയര്‍ത്തിയത്. ഐസക്കിനെ പോലുള്ള ഒരു വ്യക്തിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്തതും ചിരിപ്പിക്കുന്നതുമായ വാദമാണിത്.

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ അനിശ്ചിതമായി നീണ്ടുപോകുന്നെന്നും വന്‍കിട പ്രൊജക്ടുകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണയന്ത്രം പ്രാപ്തമല്ലെന്നും അടുത്തിടെ അങ്ങ് ഉയര്‍ത്തിയ വിമര്‍ശനം വന്‍കിട പദ്ധതികളുടെ നടത്തിപ്പിന് വേണ്ടി ഉണ്ടാക്കിയ കിഫ്ബി പരാജയപ്പെട്ടെന്നതിന്റെ സാക്ഷ്യപത്രമാണ്.

ഡോ. തോമസ് ഐസക്കിന്റെ ഏറ്റവും പുതിയ പോസ്റ്റില്‍ കിഫ്ബി സംബന്ധിച്ച ഏഴു ചോദ്യങ്ങളാണുള്ളത്. ഏതായാലും ചോദ്യങ്ങളുടെ എണ്ണം ഏഴാക്കിയത് നന്നായി. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയോട് ഞാനും ഏഴ് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. പക്ഷെ അദ്ദേഹം നാളിതുവരെ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ മുന്‍ ധനകാര്യ മന്ത്രിയുടെ ഏഴു ചോദ്യങ്ങള്‍ക്കുമുള്ള മറുപടി ചുവടെയുണ്ട്;

I. 2016- ല്‍ കിഫ്ബി നിയമ ഭേദഗതി ചര്‍ച്ചയില്‍ 'കിഫ്ബി വായ്പ കടമെടുപ്പിന്റെ പരിധിയില്‍ വരും' എന്ന് പ്രതിപക്ഷം പറഞ്ഞിട്ടേയില്ലെന്നാണ് ഐസക്കിന്റെ വാദം. ഇതിന്റെ നിയമസഭാ രേഖ സമര്‍പ്പിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുന്നു.

നിയമസഭാ രേഖകള്‍ പ്രകാരം 2016 നവംബര്‍ രണ്ടിന് കിഫ്ബി നിയമ ഭേദഗതി ചര്‍ച്ചയില്‍ ഞാന്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.

'അങ്ങ് എങ്ങിനെയെല്ലാം ബൈപാസ് ചെയ്യാന്‍ ശ്രമിച്ചാലും അവസാനം എഫ്.ആര്‍.ബി.എം ആക്ട് ഇതിനെ അട്രാക്ട് ചെയ്യും. കാരണം ഫൈനലായി ഗവണ്‍ന്മെന്റിന്റെ burden വര്‍ധിക്കുന്നതാണ്. ഗവണ്‍ന്മെന്റിന്റെ fiscal deficit ഫൈനലായി കൂടുകയാണ്. കാരണം Government has to pay the money'

എന്റെ ഈ പ്രസംഗം മറന്നു പോയെങ്കില്‍ അങ്ങേക്ക് രേഖകള്‍ പരിശോധിക്കാം.

II. കിഫ്ബിക്കെതിരെ ഞങ്ങള്‍ മുന്നേ മുന്നറിയിപ്പു തന്നിരുന്നതാണെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷനേതാവ് ശ്രീ. ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച 2016-ലെ ബജറ്റ് വേളയില്‍ എന്തുകൊണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല എന്നതാണ് ഐസക്കിന്റെ അടുത്ത ചോദ്യം.

അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ എടുക്കുന്നതിന് ഞങ്ങള്‍ അന്നും ഇന്നും എതിരല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ വായ്പയെടുത്തുകൊണ്ടാണ് നടപ്പാക്കിയത്. അതെല്ലാം വായ്പ തിരിച്ചടക്കാന്‍ സാധിക്കുന്ന Self Sustaining പദ്ധതികളായിരുന്നു. എന്നാല്‍ കിഫ്ബി അത്തരത്തിലുള്ള മോഡലല്ല പിന്തുടരുന്നത്. നേരത്തെ ബജറ്റിലൂടെ നടത്തിവന്നിരുന്ന പദ്ധതികളും ഇപ്പോള്‍ കിഫ്ബി വഴിയാണ് നടപ്പാക്കുന്നത്. അതുകൊണ്ടു തന്നെയാണ് എല്ലാ ബാധ്യതയും സഞ്ചിത നിധിയിലേക്ക് വരുന്നതും. കിഫ്ബി ഭേദഗതി ബില്‍ ചര്‍ച്ച പരിശോധിച്ചാല്‍ അങ്ങേക്ക് അത് ബോധ്യമാകും.

III. ശിവദാസമേനോന്റെ കാലത്തും തുടര്‍ന്നു വന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും കിഫ്ബി വായ്പയെടുത്തിട്ടുണ്ടെന്ന വാദമാണ് മുന്‍ ധനമന്ത്രി ഉയര്‍ത്തുന്നത്.

വായ്പയെടുക്കാതെ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ യു.ഡി.എഫ് കാലത്തെടുത്ത വായ്പകളുടെ പ്രത്യേകതകളെ കുറിച്ച് തൊട്ടുമുകളിലുള്ള ഉത്തരത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. യു.ഡി.എഫ് പിന്‍തുടര്‍ന്ന മാതൃകയില്‍ നിന്നും വ്യത്യസ്തമാണ് കിഫ്ബി മോഡല്‍. യാതൊരു അവധാനവും ഇല്ലാതെ മസാല ബോണ്ടുകളിറക്കി 9.723 ശതമാനം പലിശക്ക് സമാഹരിച്ച 2150 കോടി രൂപ കുറഞ്ഞ പലിശക്ക് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചത് കിഫ്ബിയുടെ സാമ്പത്തിക മോഡല്‍ പരാജയമാണെന്നതിന്റെ നേര്‍ചിത്രമാണ്.

IV. കേന്ദ്ര സര്‍ക്കാര്‍ 'ഓഫ് ബജറ്റ്', 'എക്സ്ട്രാ ബജറ്റ്' വായ്പകള്‍ എടുക്കാറുണ്ടല്ലോ? എന്നെങ്കിലും അവ കേന്ദ്ര സര്‍ക്കാര്‍ കടത്തിലോ കടമെടുപ്പു പരിധിയിലോ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോയെന്നതാണ് ഐസക്കിന്റെ അടുത്ത ചോദ്യം.

എഫ്.ആര്‍.ബി.എം നിയമത്തിന് അനുസൃതമായി മാത്രമേ സംസ്ഥാനങ്ങളും കേന്ദ്രവും പ്രവര്‍ത്തിക്കാന്‍ പാടുള്ളു. കേന്ദ്രം പാസാക്കിയ എഫ്.ആര്‍.ബി.എം നിയമത്തിനെതിരെ കേന്ദ്രവും സംസ്ഥാനവും പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാരും പ്രവര്‍ത്തിച്ചാല്‍ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന തെറ്റായ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ എതിര്‍ക്കുക തന്നെ ചെയ്യും. അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.

V. സംസ്ഥാനങ്ങളുടെ മേല്‍ എന്തു വായ്പാ നിബന്ധനയും അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട് എന്നാണ് യു.ഡി.എഫിന്റെ അഭിപ്രായമെന്നതാണ് മുന്‍ ധനമന്ത്രിയുടെ അടുത്ത ആരോപണം.

ഇത് തികച്ചും അവാസ്തവമാണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധിക്കുന്നത് കോണ്‍ഗ്രസാണ്. നോട്ടു നിരോധനത്തിലും ജി.എസ്.ടിയിലും സംസ്ഥാനങ്ങളോട് കാട്ടുന്ന അവഗണനയിലും ഉള്‍പ്പെടെ രൂക്ഷമായ പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസും യു.ഡി.എഫും നടത്തിയിട്ടുണ്ട്. ജി.എസ്.ടി കോണ്‍ഗ്രസിന്റെ ആശയമാണെങ്കിലും മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികലമായ ജി.എസ്.ടി നിയമത്തിന്റെ വക്താക്കളായി ഞങ്ങള്‍ നിന്നിട്ടില്ല. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ജി.എസ്.ടിയുടെ വക്താവായി നടന്നത് താങ്കളാണെന്ന കാര്യം കേരളം മറന്നിട്ടില്ല.

VI. കിഫ്ബിക്ക് യു.ഡി.എഫിന്റെ ബദല്‍ മാര്‍ഗമുണ്ടോ എന്നതാണ് അടുത്ത ചോദ്യം.

ഈ ചോദ്യം തികച്ചും സാങ്കല്‍പികമാണ്. കേരളത്തില്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായ എല്ലാ വികസന പ്രവര്‍ത്തനങ്ങളും കിഫ്ബിയിലൂടെയാണ് നടപ്പാക്കിയതെന്നേ ഈ ചോദ്യം കേട്ടാല്‍ തോന്നൂ.

യു.ഡി.എഫ് കാലത്തടക്കം കേരളത്തില്‍ ഉണ്ടായ കൊച്ചിന്‍ മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ നടപ്പിലാക്കിയത് കിഫ്ബിയിലൂടെ അല്ലല്ലോ? കിഫ്ബിയിലൂടെ പൂര്‍ത്തിയാക്കിയ ഏതെങ്കിലും ഒരു വന്‍കിട പദ്ധതിയുടെ പേര് ഐസക്കിന് പറയാമോ? വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ വായ്പകള്‍ സ്വീകരിച്ച് കൊച്ചി മെട്രോ അടക്കമുള്ള വന്‍കിട പദ്ധതികള്‍ നടപ്പിലാക്കിയ രീതി തന്നെയായാണ് യു.ഡി.എഫ് ഇപ്പോഴും മുന്നോട്ടു വെക്കുന്ന മാതൃക.

VII. യു.ഡി.എഫിന്റെ ബദലായി പറഞ്ഞു കേട്ടിട്ടുള്ള ആന്വിറ്റി മാതൃക തന്നെയാണ് കിഫ്ബി പിന്തുടരുന്നതെന്ന വിചിത്ര വാദമാണ് ഐസക്ക് ഉയര്‍ത്തുന്നത്.

അങ്ങനെയെങ്കില്‍ കിഫ്ബി പുതിയ സാമ്പത്തിക മാതൃകയാണെന്ന് അങ്ങ് വാദിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

കരാറുകാര്‍ വായ്പയെടുത്തു നടത്തുന്ന ആന്വിറ്റി മാതൃക കിഫ്ബി പിന്തുടരുന്നെങ്കില്‍ 9.723 ശതമാനം പലിശക്ക് മസാല ബോണ്ടുകളിലൂടെ സമാഹരിച്ച 2150 കോടി രൂപ കുറഞ്ഞ പലിശക്ക് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചത് എന്തിന് വേണ്ടിയായിരുന്നെന്ന് വ്യക്തമാക്കാമോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas IsaacKIIFB
News Summary - VD Satheesan replies to Thomas Isaac over his questions on KIIFB
Next Story