മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വി.ഡി. സതീശൻ; ‘ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയര്‍ക്കും സംഘത്തിനുമെതിരെ കേസെടുക്കണം’
text_fieldsതിരുവനന്തപുരം: മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മേയറുടെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായത്.
ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ തങ്ങളുടെ വാദങ്ങള്‍ പൊളിയുമെന്ന ആശങ്കയില്‍ മെമ്മറി കാര്‍ഡ് ബോധപൂര്‍വം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്. കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്നും പരിശോധിക്കണമെന്നും വി.ഡി. സതീശൻ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
മേയറും എം.എല്‍.എയും സംഘവും നടത്തിയ നിയമ ലംഘനങ്ങളില്‍ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ല. ഒരാളുടെ പരാതിയില്‍ കേസെടുക്കുകയും മറു ഭാഗത്തിന്റെ പരാതി തള്ളിക്കളയുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്. ഈ സംഭവത്തില്‍ പോലീസിനും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനും ഗുരുതരമായ വീഴ്ച പറ്റി.
നഗരമധ്യത്തില്‍ കാര്‍ ബസിന് കുറുകെയിട്ട് പതിനഞ്ചോളം യാത്രക്കാരെ നടുറോഡില്‍ ഇറക്കി വിട്ടിട്ടും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പ്രതികരിച്ചില്ല. യാതക്കാരോട് കെ.എസ്.ആര്‍.ടി.സിക്ക് ഒരു ഉത്തരവാദിത്വവുമില്ലേ? ബസിന്റെ ട്രിപ്പ് മുടക്കിയിട്ടും പൊലീസില്‍ പരാതി നല്‍കിയില്ല. ഒരു സാധാരണക്കാരന്‍ ഇങ്ങനെ ചെയ്താലും ഇതാണോ കെ.എസ്.ആര്‍.ടി.സിയുടെ സമീപനം? അതോ മേയര്‍ക്കും എം.എല്‍.എയ്ക്കും എന്തെങ്കിലും പ്രിവിലേജുണ്ടോ? മേയര്‍ക്കും സംഘത്തിനുമെതിരെ പരാതി നല്‍കാതെ ആരുടെ താല്‍പര്യമാണ് കെ.എസ്.ആര്‍.ടി.സി സംരക്ഷിക്കുന്നത്?
മേയറും സംഘവും ബസ് തടഞ്ഞെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്? ജനകീയ സമരങ്ങളുടെ ഭാഗമായി ബസ് തടഞ്ഞാല്‍ പോലും കേസെടുക്കുന്ന കേരള പൊലീസ് മേയറേയും എം.എല്‍.എയേയും കണ്ട് വിറച്ചിരിക്കുകയാണോ? അതോ കേസ് എടുക്കേണ്ടെന്ന് മുകളില്‍ നിന്നും നിര്‍ദേശമുണ്ടോ?. ഇരു ഭാഗത്തിന്റേയും പരാതികള്‍ അന്വേഷിച്ച് ആര് കുറ്റം ചെയ്താലും ഉചിതമായ നടപടി വേണം. മേയര്‍ക്കും എം.എല്‍.എക്കും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും ഒരേ നിയമമാണെന്ന് മറക്കരുതെന്ന് വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.