ബോംബ് നിര്‍മ്മാണം പരാജയഭീതിയില്‍; തെരഞ്ഞെടുപ്പ് കാലത്ത് കലാപമുണ്ടാക്കാന്‍ സി.പി.എമ്മിന്റെ ഗൂഢ നീക്കമെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സി.പി.എം മാറിക്കഴിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരാജയ ഭീതിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അണികള്‍ക്ക് ബോംബ് നിര്‍മ്മണ പരിശീലനം നല്‍കുന്ന സി.പി.എമ്മും തീവ്രവാദ സംഘടനകളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
പാനൂരിലെ ബോംബ് നിര്‍മ്മാണവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞതിന് പിന്നാലെയാണ് സി.പി.എം പ്രാദേശിക നേതാക്കള്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തിയത്. ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലും സി.പി.എം ഇതുതന്നെയാണ് ചെയ്തത്. കൊലപാതകത്തില്‍ ഒരു ബന്ധവുമില്ലെന്ന് പറയുമ്പോഴാണ് മുഖ്യമന്ത്രിയും സംസ്ഥാന നേതാക്കളും കൊലയാളികള്‍ക്ക് രക്ഷാകവചമൊരുക്കിയത്.
ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഒരാള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കാന്‍ സി.പി.എം തയാറാകണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒപ്പിട്ട ആര്‍.എസ്.എസ്- സി.പി.എം കരാര്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യു.ഡി.എഫ്, കോണ്‍ഗ്രസ് നേതാക്കളാകാനാണ് സാധ്യതയെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത, ബോംബ് നിര്‍മ്മിച്ചയാള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് ആയതുകൊണ്ട് മാത്രമാണ് ബോംബ് നിര്‍മ്മിച്ചവരെ സി.പി.എം തള്ളിപ്പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൊല്ലപ്പെട്ടയാള്‍ പാര്‍ട്ടിയുടെ രക്തസാക്ഷിയാകും. മുന്‍കാല അനുഭവങ്ങളും അങ്ങനെയാണ്.
തിരഞ്ഞെടുപ്പ് കാലത്ത് നാട്ടില്‍ കലാപ അന്തരീക്ഷം സൃഷ്ടിച്ച് വോട്ടര്‍മാരെ ഭയപ്പെടുത്തി പോളിംഗ് ബൂത്തില്‍ എത്തിക്കാരിക്കാനുള്ള ഗൂഢനീക്കമാണ് സി.പി.എം നടത്തുന്നത്. ഇതുകൊണ്ടാന്നും ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ട. ഭരണത്തുടര്‍ച്ചയുടെ ധാര്‍ഷ്ട്യത്തിന് തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.