വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്.എഫ്.ഐ നേതാവിന് എം.എസ്.എം കോളജില്‍ പ്രവേശനം വാങ്ങിക്കൊടുത്തത് സി.പി.എം നേതാക്കളെന്ന് വി.ഡി സതീശൻ
text_fieldsകൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്.എഫ്.ഐ നേതാവിന് എം.എസ്.എം കോളജില്‍ പ്രവേശനം വാങ്ങിക്കൊടുത്തത് സി.പി.എം നേതാക്കളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി സംഘടനയും അവര്‍ക്ക് എല്ലാ വൃത്തികേടുകളും നടത്താന്‍ കുടപിടിച്ച് നല്‍കുന്ന സി.പി.എമ്മും ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരായി നില്‍ക്കുകയാണ്.
മഹാരാജാസിലെയും കാലടി സംസ്‌കൃത സര്‍വകലാശാലയിലെയും തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ കായംകുളം എം.എസ്.എം കോളജിലും എസ്.എഫ്.ഐ നേതാവ് ബി.കോം പാസാകാതെ എം.കോമിന് ചേര്‍ന്ന കഥ കൂടി പുറത്ത് വന്നിരിക്കുകയാണ്. ഇതിനെയും നായീകരിക്കാന്‍ ചില നേതാക്കള്‍ രംഗത്തിറങ്ങി. 2017-20 കാലഘട്ടത്തില്‍ ബി.കോമിന് പഠിച്ചിരുന്ന ഈ നേതാവ് 2018-19 ല്‍ യൂനിയന്‍ കൗണ്‍സിലറും 2019-20-ല്‍ കേരള യൂനിവേഴ്‌സിറ്റി യൂനിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. അങ്ങനെയുള്ള ആളാണ് 2018-21 ല്‍ കലിംഗ യൂനിവേഴ്‌സിറ്റിയില്‍ നന്നും ബി.കോം പാസായെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എം.കോം പ്രവേശനം നേടിയത്.
കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളജില്‍ മൂന്ന് വര്‍ഷത്തെ ബിരുദത്തിന് പഠിക്കുന്ന കാലയളവിലെ രണ്ട് വര്‍ഷമാണ് കലിംഗ യൂനിവേഴ്‌സിറ്റിയില്‍ പഠിച്ചെന്ന് അവകാശപ്പെട്ട് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. സി.പി.എം നേതാക്കള്‍ പറഞ്ഞിട്ടാണ് ഇയാള്‍ക്ക് എം.കോമിന് പ്രവേശനം നല്‍കിയതെന്നാണ് കേളജ് മാനേജ്‌മെന്റ് പറയുന്നത്. പാസാകാത്തവര്‍ക്ക് കള്ളസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് കൊടുക്കുകയും പ്രവേശനം തരപ്പെടുത്തിക്കൊടുക്കുകയുമെന്നതാണോ സി.പി.എം നേതാക്കളുടെ പണി.
മഹാരാജാസില്‍ ഗസ്റ്റ് ലക്ചറര്‍ ആണെന്ന വ്യാജ രേഖയുണ്ടാക്കിക്കൊടുത്തതും സി.പി.എം നേതാക്കളാണ്. കായംകുളത്തെ എസ്.എഫ്.ഐ നേതാവ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനെ കുറിച്ച് അന്വേഷിക്കുന്നത് മഹാരാജാസിലെ ആരോപണവിധേയനായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണ്. എഴുതാത്ത പരീക്ഷ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പാസായത് സംബന്ധിച്ച് മെയ് 22 -ന് കോളജിലെ ഒരു അധ്യാപകന്‍ അധ്യാപകരുടെ ഗ്രൂപ്പില്‍ മെസേജിട്ടിരുന്നു.
കെ.എസ്.യു പ്രവര്‍ത്തകര്‍ വിവരാവകാശ നിയമ പ്രകാരം പരാതി നല്‍കിയിട്ടും ഇയാളുടെ റിസള്‍ട്ട് മാറ്റിയില്ല. ജൂണ്‍ അഞ്ചിന് കെ.എസ്.യു ഈ വിവരം പുറത്ത് കൊണ്ടുവന്ന് വാര്‍ത്തായാക്കിയപ്പോഴാണ് തെറ്റ് പറ്റിയെന്ന് പറയുന്നത്. അങ്ങനെയൊരു വാര്‍ത്ത വന്നില്ലായിരുന്നെങ്കില്‍ എസ്.എഫ്.ഐ സെക്രട്ടറി എഴുതാത്ത പരീക്ഷയില്‍ വിജയിക്കുമായിരുന്നു. തട്ടിപ്പിന് കൂട്ട് നില്‍ക്കാത്ത അധ്യാപകനെതിരെ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ നേതാക്കള്‍ സൈബര്‍ ആക്രമണം നടത്തുകയാണ്. അധ്യാപകന്റെ വീട് കത്തിക്കണമെന്നു വരെ സൈബര്‍ വെട്ടുക്കിളി സംഘങ്ങള്‍ ആഹ്വാനം ചെയ്യുകയാണ്.
കായംകുളം എം.എസ്.എം കേളജിലെ കോമേഴ്‌സ് വകുപ്പ് തലവന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ വിദ്യാർഥി നേതാവിനെ നന്നായി അറിയാം. എന്നിട്ടാണ് കലിംഗ സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള്‍ എം. കോമിന് പ്രവേശനം നല്‍കിത്. അറിയാതെയാണ് പ്രവേശനം നല്‍കിയതെന്ന് പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് വിശ്വസിക്കാനാകില്ല. സി.പി.എം അനുകൂല അധ്യാപക സംഘടനകള്‍ കൂടി പരീക്ഷ എഴുതാതെ മാര്‍ക്ക് നല്‍കാനും മാര്‍ക്ക് കൂട്ടി നല്‍കാനുമൊക്കെ കൂട്ട് നില്‍ക്കുകയാണ്. തട്ടിപ്പിന് എല്ലാ സംവിധാനവും പാര്‍ട്ടി ചെയ്തു കൊടുക്കുകയാണ്. കായംകുളം എം.എസ്.എം കോളജ് മാനേജരെ വിളിച്ച് പ്രവേശനം തരപ്പെടുത്തിക്കൊടുത്തത് സി.പി.എം നേതാക്കളാണെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.