മഴക്കാല പൂര്‍വ ശുചീകരണം ദയനീയമായി പരാജയപ്പെട്ടുവെന്ന വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം : മഴക്കാല പൂര്‍വ ശുചീകരണം ദയനീയമായി പരാജയപ്പെട്ടുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം തദ്ദേശ മന്ത്രി തന്നെ സമ്മതിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിട്ട് എത്ര നാളായി? തിരഞ്ഞെടുപ്പ് കാലത്ത് ഇതൊന്നും നടക്കില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇതൊക്കെ മുന്‍കൂട്ടിക്കണ്ട് ചെയ്യേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ? മന്ത്രിയും എം.എല്‍.എയും യോഗം ചേര്‍ന്നിട്ടാണോ മഴക്കാല പൂര്‍വശുചീകരണം നടത്തുന്നത്? ഇതൊക്കെ ചെയ്യാന്‍ സര്‍ക്കാരിന് സംവിധാനം ഇല്ലേ?
യോഗം ചേരുന്നതിന് മാത്രമായിരുന്നു വിലക്ക്. അല്ലാതെ മഴക്കാലപൂര്‍വ ശുചീകരണത്തിന് തിരഞ്ഞെടുപ്പ് കമീഷന്റെ ഒരു വിലക്കുമില്ലായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് യോഗം ചേര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട നിങ്ങള്‍ അത് ചെയ്തില്ല. ദിവസങ്ങളോളം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നാണ് രോഗങ്ങള്‍ പകരുന്നത്. രോഗം പകര്‍ന്നില്ലെങ്കിലെ ആത്ഭുതമുള്ളൂ.
മാലിന്യനീക്കവും കുടിവെള്ള വിതരണവുമാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ രണ്ട് ബിസിനസുകള്‍. കണക്ക് പോലും ആര്‍ക്കും അറിയില്ല. കുടിവെള്ള വിതരണം നടത്തുന്നവര്‍ എവിടുന്നാണ് വെള്ളം കൊണ്ടു വരുന്നതെന്ന് എവിടെ നിന്നാണ്? ആരാണ് ഇത് പരിശോധിക്കുന്നത്? എന്തെങ്കിലും ഒരു പരിശോധന സംസ്ഥാനത്ത് നടക്കുന്നുണ്ടോ? എന്ത് വിശ്വസിച്ചാണ് പാവങ്ങള്‍ ബക്കറ്റുമായി പോയി നിന്ന് ലോറിയില്‍ കൊണ്ടു വരുന്ന വെള്ളം വാങ്ങുന്നത്.
കുടിവെള്ള വിതരണത്തിലുണ്ടായ പാകപ്പിഴയെ തുടര്‍ന്ന് തൃക്കാക്കര ഡി.എല്‍.എഫ് ഫ്‌ളാറ്റിലെ ആയിരത്തിലധികം പേരാണ് ആശുപത്രിയിലായത്. ഇതൊക്കെ പൊതുജനാരോഗ്യത്തിന്റെ ഭാഗമാണ്. ആരോഗ്യ വകുപ്പിന് മാത്രമല്ല ഉത്തരവാദിത്തം. ഇതിനാണ് സര്‍ക്കാര്‍. ആസുഖം വരുമ്പോള്‍ ആശാ വര്‍ക്കര്‍ വീട്ടില്‍ പോയി കണക്കെടുക്കുന്നതു മാത്രമല്ല പൊതുജനാരോഗ്യം. സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരുമൊക്കെ പണിയെടുക്കുന്നുണ്ട്. അവര്‍ പണിയെടുക്കുന്നില്ല എന്നതല്ല പരാതി. 1900 പേര്‍ കിടക്കേണ്ട സ്ഥലത്ത് 3000 പേര്‍ വന്നാല്‍ എങ്ങനെ നോക്കും? ഇത് ആശുപത്രിയില്‍ നിന്നു തന്നെ രോഗം വരുന്ന സ്ഥിതിയുണ്ടാക്കും.
സാധാരണക്കാര്‍ക്ക് ആശുപത്രി ബില്‍ ഉണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാനാണ് കാരുണ്യ പദ്ധതി കൊണ്ടുവന്നത്. ഒരു സര്‍ജറി നടത്തുന്നതിനുള്ള തുക 2015-ല്‍ കാരുണ്യ പദ്ധതിയില്‍ നിന്നും കിട്ടുമായിരുന്നു. നിലവില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 1255 കോടിയാണ് കുടിശിക, ആരോഗ്യ കിരണത്തിന് 4 കോടിയും കാരുണ്യ ബെനെവെലെന്റ് ഫണ്ടിന് 217 കോടിയും ഹൃദ്യം പദ്ധതിക്ക് -10.38 കോടിയും ജെ.എസ്.എസ്‌കെയ്ക്ക് 34.87 കോടിയുമാണ് നല്‍കാനുള്ളത്. ഇത് പഴയതൊന്നുമല്ല, ജൂണ്‍ 28 ന് നിയമസഭയില്‍ വച്ച കണക്കാണ്. ഈ പദ്ധതികളൊക്കെ കേന്ദ്ര പദ്ധതികളാണോ? പണം നല്‍കാത്തതിനാല്‍ സ്വകാര്യ ആശുപത്രികള്‍ കാരുണ്യ കാര്‍ഡ് സ്വീകരിക്കുന്നില്ല.
'എന്‍വിസ്റ്റാറ്റ്‌സ് ഇന്ത്യ 2024' റിപ്പോര്‍ട്ട് അനുസരിച്ച് 2023ല്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകളായും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2023 ല്‍ കേരളത്തില്‍ 565 മലേറിയ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വന്ന കാലത്തും കേരളമാണ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെന്ന് നിങ്ങള്‍ പറഞ്ഞു. പിന്നീട് ലോകത്ത് ഒന്നാം സ്ഥാനത്തെന്നും. അവസാനം യഥാർഥ കണക്ക് പുറത്ത് വന്നപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുണ്ടായ രണ്ടാമത്തെ സംസ്ഥാനമായി കേരളം.
സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ 12 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചത്. എന്നിട്ട് ഇന്നുവരെ ചെലവഴിച്ചത് .08 ശതമാനം മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്. ഇതൊന്നും ഈ സര്‍ക്കാരിന്റെ മുന്‍ഗണനകളിലില്ല. സംസ്ഥാന, ജില്ലാ, താലൂക്ക്തലങ്ങളില്‍ യോഗം ചേരുന്നതല്ലാതെ പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതിലും അതിനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതിലും വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടാക്കി ശാശ്വത പരിഹാരം കാണുന്നതിലും ഈ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും നിയമസഭയിലെ വാക്കൗട്ട് പ്രസംഗത്തിൽ വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.