കെ.കെ ശൈലജക്ക് എതിരെ കോവിഡ് കാല കൊള്ളയെന്ന ആരോപണം ഉന്നയിച്ചത് കൃത്യമായ തെളിവുകളോടെയെന്ന് വി.ഡി സതീശൻ
text_fieldsആലപ്പുഴ: കെ.കെ ശൈലജക്ക് എതിരെ കോവിഡ് കാല കൊള്ളയെന്ന ആരോപണം ഉന്നയിച്ചത് കൃത്യമായ തെളിവുകളോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോവിഡ് കാലത്തെ അഴിമതി മരണ വീട്ടിലെ പോക്കറ്റടി പോലെയായിരുന്നു. ആരോഗ്യമന്ത്രിക്കെതിരെ ലോകായുക്തയെ സമീപിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍ പോയി. ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള പര്‍ച്ചേസ് ആയതിനാല്‍ മന്ത്രിയെ പ്രതിയാക്കരുതെന്ന് ആവശ്യപ്പെട്ടു.
അടിയന്തിര സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിയമങ്ങള്‍ പാലിക്കേണ്ടതില്ല എന്ന വാദം തള്ളിക്കൊണ്ടാണ് ലോകയുക്ത അന്വേഷവുമായി മുന്നോട്ടു പോകാന്‍ ഹൈക്കോാടതി ഉത്തരവ് നല്‍കി. പി.പി.ഇ കിറ്റ് അഴിമതി സംബന്ധിച്ചു ശൈലജ പറയുന്ന വാദങ്ങള്‍ തികച്ചും വസ്തുതാവിരുദ്ധമാണ് എന്ന് ഇപ്പോഴത്തെ മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ ഉത്തരം നല്‍കിയിട്ടുണ്ട്.
അടിയന്തര സാഹചര്യത്തില്‍ പി.പി.ഇ കിറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് മഹാരാഷ്ട്ര ആസ്ഥാനമായ സാന്‍ ഫാര്‍മ എന്ന സ്ഥാപനത്തില്‍ നിന്നും 2020 മാര്‍ച്ച് 29 ന് 1550 രൂപ നിരക്കില്‍ പി.പി.ഇ കിറ്റ് വാങ്ങിയത് എന്നാണ് ശൈലജ ടീച്ചര്‍ പറയുന്നത്. സാന്‍ഫാര്‍മയില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ച അതേദിവസം കേറോന്‍( 456 രൂപ), ന്യൂ കെയര്‍ ഹൈജീന്‍ പ്രോഡക്ട് (472.50 രൂപ ), ബയോമെഡിക്സ് (483 രൂപ ) എന്നീ സ്ഥപനങ്ങളില്‍ നിന്നും പി.പി.ഇ കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചു.
ഇതെല്ലം 500 രൂപയില്‍ താഴെയായിരുന്നു. എന്നിട്ടാണ് സാന്‍ഫാര്‍മയില്‍ നിന്നും 1550 രൂപ നിരക്കില്‍ വാങ്ങിയത്. ഇതാണ് അഴിമതി. ഏഴ് രൂപയ്ക്ക് കിട്ടുന്ന ഗ്ലൗസ് 14 രൂപയ്ക്ക് കഴക്കൂട്ടത്തെ പച്ചക്കറി കമ്പനിയില്‍ നിന്നും വാങ്ങി. പച്ചയ്ക്കുള്ള അഴിമതിയാണ് നടത്തിയത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. 1032 കോടിയുടെ അഴിമതിയാണ് നടത്തിയത്. മരണവീട്ടില്‍ നിന്നും പോക്കറ്റടിക്കുന്നതു പോലെയാണ് കോവിഡ് കാലത്ത് പോക്കറ്റടിച്ചത്.
28000 കോവിഡ് മരണങ്ങളാണ് ഒളിപ്പിച്ചുവച്ചത്. എന്നിട്ടാണ് ലോകത്ത് ഒന്നാം സ്ഥാനത്താണെന്ന് പറഞ്ഞത്. ഇത് ചോദ്യം ചെയ്ത മനോരമയിലെ മാധ്യമ പ്രവര്‍ത്തക നിഷ പുരുഷോത്തമനെതിരെ സൈബര്‍ ആക്രമണം നടത്തി. അവരുടെ മൂന്ന് തലമുറകളെയാണ് ആക്ഷേപിച്ചത്. എന്നിട്ടും ഇവരാരും ഒന്നും മിണ്ടിയില്ലെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.