മുഖ്യമന്ത്രി തൊടുന്നതെല്ലാം അക്ഷരാർഥത്തിൽ പൊന്നാക്കുകയാണെന്ന് വി.ഡി. സതീശൻ
text_fieldsകൊച്ചി: മുഖ്യമന്ത്രി തൊടുന്നതെല്ലാം അക്ഷരാർഥത്തിൽ പൊന്നാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്കെതിരെ തെളിവ് നൽകാതിരിക്കാനാണ് കേസ് എടുക്കുന്നതെന്നും സതീശൻ ആരോപിച്ചു. കൊച്ചിയിൽ കോൺഗ്രസ് സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടതിയിൽ മൊഴി നൽകിയതിന് പ്രതിയെ സർക്കാർ വിരട്ടുകയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് മൊഴിയിലുള്ളത്. ഇനി ആരും മൊഴി നൽകാതിരിക്കാനാണ് സർക്കാർ പൊലീസിനെ ഉപയോഗിക്കുന്നത്. സത്യസന്ധനെങ്കിൽ മുഖ്യമന്ത്രി ഇതാണോ ചെയ്യേണ്ടത്. മൊഴിക്കെതിരെ മുഖ്യമന്ത്രി നിയമമാർഗം ഉപയോഗിക്കാത്തത് അതിശയകരമാണെന്നും സതീശൻ പറഞ്ഞു.
രണ്ടുതവണ സ്വർണക്കടത്ത് കേസ് നിയമസഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സർക്കാർ അനുവദിച്ചില്ല. തുടർന്നാണ് പി.ടി തോമസ് നിയമസഭക്ക് മുമ്പിൽ പ്രതീകാത്മക അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷം വിശ്വസിക്കുന്നില്ല. സംസ്ഥാന ഏജൻസിക്ക് ഈ കേസ് അന്വേഷിക്കാൻ കഴിയില്ല.
ഹൈകോടതിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷണം നടക്കണം. അതുവരെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനിൽക്കണം. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമയതിനാലാണ് 164 പ്രകാരം മൊഴി നൽകാൻ കോടതി സ്വപ്നക്ക് അനുമതി നൽകിയതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.