ന്യൂനപക്ഷ വോട്ടുകള്‍ കിട്ടുന്നതിന് വേണ്ടി പൗരത്വ നിയമ പ്രശ്‌നത്തെ മുഖ്യമന്ത്രി ഉപയോഗിക്കുന്നുവെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ വോട്ടുകള്‍ കിട്ടുന്നതിന് വേണ്ടി പൗരത്വ നിയമ പ്രശ്‌നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പിണറായി വിജയന് ഒരു ആത്മാര്‍ത്ഥതയുമില്ല. 2019 ല്‍ 835 കേസെടുത്തിട്ട് 65 കേസ് മാത്രം പിന്‍വലിച്ച് മറ്റു കേസുകള്‍ പിന്‍വലിക്കാതെ ബി.ജെ.പിയെ സന്തോഷിപ്പിച്ച ആളാണ് പിണറായി വിജയന്‍.
പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് കോണ്‍ഗ്രസിനും യു.ഡി.എഫിനും ആവശ്യമില്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് നട്ടാല്‍ കുരുക്കാത്ത നുണയാണ് പിണറായി പ്രസംഗിക്കുന്നത്. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പൗരത്വ നിയമത്തിന് എതിരെ വോട്ട് ചെയ്തില്ലെന്നാണ് പിണറായി ആദ്യം പറഞ്ഞത്. രാഹുല്‍ ഗാന്ധി പൗരത്വ നിയമത്തിന് എതിരെ വോട്ട് ചെയ്തതിന്റെ രേഖകള്‍ ഞങ്ങള്‍ സമര്‍പ്പിച്ചു. കോണ്‍ഗ്രസ് എം.പിമാര്‍ സംസാരിച്ചില്ലെന്നും പറഞ്ഞു. ഇതിന് മറുപടിയായി യു.ഡി.എഫ് എം.പിമാരുടെ പ്രസംഗം മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തു. പൗരത്വ നിയമത്തിന് എതിരെ ശശി തരൂരും എന്‍.കെ പ്രേമചന്ദ്രനും ഇ.ടി മുഹമ്മദ് ബഷീറും നടത്തിയ പ്രസംഗങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. എന്നിട്ടാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് നുണ പറയുന്നത്.
തിരഞ്ഞെടുപ്പിലെ അജണ്ട പൗരത്വ നിയമ പ്രശ്‌നം മാത്രമാകണമെന്നാണ് പിണറായി വിജയന്‍ ആഗ്രഹിക്കുന്നത്. സി.പി.എം നടത്തിയതിനേക്കാള്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. എല്ലായിടത്തും നൈറ്റ് മാര്‍ച്ചുകള്‍ നടത്തുകയും രാജ് ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ഇതൊന്നും പിണറായി വിജയനെ ബോധിപ്പേക്കണ്ട കാര്യമില്ല. വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടി ബി.ജെ.പി കൊണ്ടു വന്ന ചട്ടം രാഷ്ട്രീയ ലാഭത്തിന് വേണ്ടി പിണറായി ഉപയോഗിക്കുകയാണ്.
വോട്ട് കിട്ടുകയെന്നതാണ് ബി.ജെ.പിയുടെയും പിണറായിയുടെയും ലക്ഷ്യം. പൗരത്വ നിയമത്തെ വോട്ട് കിട്ടുന്നതിന് വേണ്ടിയുള്ള ആയുധമാക്കി കോണ്‍ഗ്രസ് മാറ്റില്ല. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ എന്താണ് പ്രസംഗിക്കുന്നതെന്ന് നോക്കാന്‍ സി.പി.എം ആരെയെങ്കിലും ഏര്‍പ്പെടുത്തിയിരുന്നോ? മുഖ്യമന്ത്രി ദേശാഭിമാനി മാത്രം വായിക്കുന്നതു കൊണ്ടാണ് രാഹുല്‍ ഗാന്ധി പൗരത്വ നിയമത്തെ കുറിച്ച് പ്രസംഗിച്ചത് അറിയാതെ പോയത്.
ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്നു പോകുന്നത്. ലോകത്ത് ഒരിക്കലും നടക്കാത്ത രീതിയില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ച ഫാഷിസ്റ്റ് ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത്. ഇതൊക്കെ ജനങ്ങള്‍ക്ക് അറിയാം. അവര്‍ ഞങ്ങളെ വോട്ട് ചെയ്തും സാമ്പത്തികം നല്‍കിയും സഹായിക്കും. ക്രൗഡ് ഫണ്ടിങ് വേണ്ടി വന്നാല്‍ അപ്പോള്‍ ആലോചിക്കും. ഇപ്പോള്‍ തന്നെ ജനങ്ങള്‍ പണം തരാന്‍ തയാറാണ്. സി.പി.എമ്മും ബി.ജെ.പിയും ഇറക്കുന്നതു പോലെ പണം ഇറക്കാന്‍ കോണ്‍ഗ്രസിനില്ല. കൊടുംവെയിലത്തും ഞങ്ങളുടെ പ്രവര്‍ത്തകര്‍ പ്രചരണം നടത്തുകയാണ്.
ജനങ്ങള്‍ക്ക് അത് ബോധ്യമാകും. പ്രചരണങ്ങള്‍ക്കും പണത്തിനും അപ്പുറം ജനാധിപത്യത്തിനാണ് വിലയെന്ന് മതേതര കേരളവും ഭാരതവും സംഘപരിവാര്‍ ശക്തികളെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബോധ്യപ്പെടുത്തും. ബി.ജെ.പി ജനാധിപത്യത്തെ കുഴിച്ചു മൂടുകയാണ്. ബി.ജെ.പിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാനാണ് ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. അല്ലാതെ മരപ്പട്ടി ചിഹ്നത്തിലും നീരാളി ചിഹ്നത്തിലും മത്സരിക്കാതിരിക്കാനും പാര്‍ട്ടിയുടെ അംഗീകാരം നഷ്ടപ്പെടാതിരിക്കാനുമല്ലെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.