20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷം കെ ഫോണ്‍ പദ്ധതിയെയല്ല, അഴിമതിയെയാണ് വിമര്‍ശിച്ചത്. അഴിമതിയെ കുറിച്ച് മിണ്ടാതെ പദ്ധതിയെ കുറിച്ച് മാത്രമാണ് മുഖ്യമന്ത്രി സംസാരിച്ചത്.
സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കുന്ന പദ്ധതിയെ പ്രതിപക്ഷം വിമര്‍ശിച്ചിട്ടില്ല. 1028 കോടിയുടെ പദ്ധതി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ 500 കോടിയിലധികം ടെന്‍ഡര്‍ എക്‌സസ് നല്‍കി 1,548 കോടിയാക്കി ഉയര്‍ത്തി. പത്ത് ശതമാനത്തില്‍ കൂടുതല്‍ ടെന്‍ഡര്‍ എക്‌സസ് നല്‍കാന്‍ പാടില്ലെന്ന ധനവകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് വെറുമൊരു കത്തിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ എക്‌സസ് 50 ശതമാനമാക്കി ഉയര്‍ത്തിയത്. ഇത് അഴിമതിയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന് കെ ഫോണ്‍ ടെന്‍ഡര്‍ നല്‍കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഭെല്‍ കറക്ക് കമ്പനിയായ എസ്.ആര്‍.ഐ.ടിക്ക് കരാര്‍ മറിച്ചു നല്‍കി. എസ്.ആര്‍.ഐ.ടി അശോക് ബിഡ്‌കോണിന് നൽകി. അശോക് ബിഡ്‌കോണ്‍ മുഖ്യമന്ത്രിക്ക് ബന്ധമുള്ള പ്രസാഡിയോക്കും കരാര്‍ നല്‍കി. അതാണ് അഴിമതി.
20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്ന് പറഞ്ഞിട്ട് 60,000 പേര്‍ക്ക് നല്‍കാനുള്ള ലൈസന്‍സ് മാത്രമാണ് സര്‍ക്കാരിന്റെ പക്കലുള്ളത്. 2.5 ലക്ഷം പേര്‍ക്ക് ഇന്റര്‍നെറ്റ് നല്‍കാനുള്ള ഒരു ടെന്‍ഡര്‍ കൂടി വിളിച്ചപ്പോള്‍ അത് സിറ്റ്‌സ എന്ന കമ്പനിക്ക് കിട്ടി. അപ്പോള്‍ മറ്റ് കറക്ക് കമ്പനികള്‍ ചേര്‍ന്ന് നല്‍കിയ പരാതി അനുസരിച്ച് ഒന്നാം സ്ഥാനത്തെത്തിയ സിറ്റ്‌സയെ പുറത്താക്കി. പിന്നീട് എസ്.ആര്‍.ഐ.ടിയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് ഇതേ ടെന്‍ഡര്‍ കിട്ടുന്നതിന് വേണ്ടി വ്യവസ്ഥകളില്‍ മാറ്റം വരുത്തി.
50 ശതമാനം കേബിള്‍ സ്ഥാപിക്കുന്നത് സ്വകാര്യ ടെലികോം ഓപ്പറേറ്റേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കാമെന്ന വ്യവസ്ഥ എഴുതി വെച്ചിട്ടാണ് മുഖ്യമന്ത്രി ഇന്നലെ കുത്തക മുതലാളിമാര്‍ക്കെതിരെ സംസാരിച്ചത്. കുടില്‍ വ്യവസായം പോലും ഓണ്‍ലൈനായ കാലത്ത് പ്രതിപക്ഷം അപരിഷ്‌കൃത ചിന്തയുമായി നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവാരം കുറഞ്ഞ ഒ.പി.ജി.ഡബ്ല്യു കേബിളുകളാണ് ചൈനയില്‍ നിന്നും വരുത്തിയിരിക്കുന്നത്.
ഒ.പി.ജി.ഡബ്ല്യു കേബിളുകള്‍ ഇന്ത്യയില്‍ മാനുഫാക്ചര്‍ ചെയ്യുന്നവരായിരിക്കണമെന്നും അവര്‍ക്ക് കേബിളുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കണമെന്നും അഞ്ചുവര്‍ഷത്തിനിടെ മിനിമം 250 കിലോമീറ്റര്‍ കേബിള്‍ നിര്‍മ്മിച്ച സ്ഥാപനം ആയിരിക്കണമെന്നും കരാറിന്റെ ടെന്‍ഡറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് ടെന്‍ഡര്‍ നേടിയ എല്‍.എസ് കേബിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചൈനയില്‍ നിന്നും നിലവാരം കുറഞ്ഞ കേബിള്‍ ഇറക്കുമതി ചെയ്തത്. കുടില്‍ വ്യവസായത്തില്‍ ഓണ്‍ലൈനായി സാധനം വാങ്ങുന്നത് പോലെയാണോ 1500 കോടി രൂപയുടെ പദ്ധതിക്ക് ചൈനയില്‍ നിന്നും നിലവാരം കുറഞ്ഞ കേബിള്‍ ഇറക്കുമതി ചെയ്തതെന്നും സതീശൻ ചോദിച്ചു.
............
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.