ഇ.പിയെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികൾക്കില്ലെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ഇ.പി. ജയരാജനും ബി.ജെ.പിയും തമ്മിലുള്ള ബന്ധം തെളിവുകള്‍ സഹിതം പുറത്തു വന്നിട്ടും അദ്ദേഹത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം മുന്നണിയിലെ ഒരു ഘടകകക്ഷികള്‍ക്കുമില്ലെന്നത് അദ്ഭുതകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കള്‍ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണ്.
കോണ്‍ഗ്രസ് പിന്തുണയില്‍ മറ്റു സംസ്ഥാനങ്ങളില്‍ മത്സരിക്കുമ്പോഴും രാഹുല്‍ ഗാന്ധിയെ പോലും വിമര്‍ശിക്കാന്‍ മടി കാട്ടാത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള ഒരു നേതാക്കള്‍ക്കും കണ്‍വീനറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ ധൈര്യമില്ല. പിണറായി വിജയന് മുന്നില്‍ ഇവരൊക്കെ മുട്ടിലിഴയുകയാണ്. അടിമകളെ പോലെ പിണറായി വിജയനും സി.പി.എമ്മിനും മുന്നില്‍ തലകുനിച്ചു നില്‍ക്കുകയാണ് ഘടകകക്ഷികള്‍.
പിണറായി വിജയനും സി.പി.എമ്മും എന്തു പറയുന്നുവോ അത് കേട്ട് പഞ്ചപുച്ഛമടക്കി നില്‍ക്കുകയെന്നതാണ് എല്‍.ഡി.എഫ് ഘടകകക്ഷികളുടെ വിധി. അഭിപ്രായ സ്വാതന്ത്ര്യമോ ജനാധിപത്യ സംവിധാനമോ എല്‍.ഡി.എഫില്‍ ഇല്ലെന്ന് ഇതോടെ വ്യക്തമായി. കര്‍ണാടകത്തില്‍ ലൈംഗിക ആരോപണത്തില്‍പ്പെട്ട് വഷളായ ജെ.ഡി.എസിനെ കേരളത്തില്‍ ചുമക്കേണ്ട ഗതികേടിലാണ് എല്‍.ഡി.എഫ്. എന്‍.ഡി.എ ഘടകകക്ഷിയായ അതേ ജെ.ഡി.എസിനെയും ഒക്കത്തിരുത്തിയാണ് പിണറായി വിജയന്‍ മോദി വിരുദ്ധത പ്രസംഗിക്കുന്നതെന്ന് യു.ഡി.എഫ് ആരോപണം ഉന്നയിച്ചപ്പോള്‍ മറുപടി നല്‍കാതെ മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചയാളാണ് മുഖ്യമന്ത്രി. മോദി പ്രശംസിച്ച എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിനെ തള്ളിപ്പറയാന്‍ എല്‍.ഡി.എഫ് നേതൃത്വവും ഇതുവരെ തയാറാകാത്തത് എന്തുകൊണ്ടാണ്?
ആര്‍.എസ്.എസ് ഏജന്റുമാരായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പിണറായി വിജയനും ഇ.പി ജയരാജനും സിന്ദാബാദ് വിളിക്കുന്ന ഏറാന്‍മൂളികളുടെ സംഘമായി എല്‍.ഡി.എഫ് അധഃപതിച്ചു. സി.പി.എമ്മിന്റെ ജീര്‍ണത ഘടകകക്ഷികളിലേക്കും വ്യാപിച്ചു. ഏതെങ്കിലും ഘടകകക്ഷികള്‍ക്ക് അല്‍പമെങ്കിലും ആത്മാഭിമാനം ശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തണം. ഇടതുപക്ഷമെന്ന പേരിലുള്ള മോദി-പിണറായി മുന്നണിയില്‍ ആത്മാഭിമാനം പണയം വച്ച് തുടരുന്നത് ശരിയുടെ രാഷ്ട്രീയമല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.