സംസ്ഥാനത്ത് മരുന്ന്ക്ഷാമം ഇല്ലെന്ന് പറയുന്നത് മന്ത്രി മാത്രമെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന്ക്ഷാമം ഇല്ലെന്ന് പറയുന്നത് മന്ത്രി മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മരുന്ന് ക്ഷാമം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സിസ്റ്റത്തെ കുറിച്ചാണ് മന്ത്രി വിശദീകരിച്ചത്. എന്നാല്‍ ആ സിസ്റ്റം പരാജയപ്പെട്ടതു സംബന്ധിച്ച ചോദ്യങ്ങളാണ് പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചത്.
67 ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ 62826 സന്ദര്‍ഭങ്ങളിലും മരുന്ന് ലഭിച്ചില്ലെന്നാണ് സി.എ.ജി റിപ്പോര്‍ട്ടിലുള്ളത്. ചില അവശ്യമരുന്നുകള്‍ 1745 ദിവസം വരെ ലഭ്യമാകാത്ത സാഹചര്യം ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. 4732 ഇനം മരുന്നുകള്‍ക്ക് ആശുപത്രികള്‍ ഇന്റന്റ് നല്‍കിയെങ്കിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ 536 ഇനങ്ങള്‍ക്ക് മാത്രമാണ് ഓര്‍ഡര്‍ നല്‍കിയത്. 1085 ഇനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയില്ല.
ഓര്‍ഡര്‍ ചെയ്ത മരുന്നുകള്‍ 60 ദിവസത്തിനുള്ള നല്‍കണമെന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ 80 ശതമാനം മരുന്നുകളും ലഭ്യമാക്കില്ല. ചില കമ്പനികള്‍ 988 ദിവസം വരെ കാലതാമസമുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. നിലവിലെ സിസ്റ്റം പരാജയപ്പെട്ടു. കാലാവധി കഴിഞ്ഞ മരുന്നുകള്‍ പോലും വിതരണം ചെയ്‌തെന്നും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.
ആശുപത്രികളില്‍ മരുന്നുകള്‍ ഇല്ലെന്ന് മാധ്യമങ്ങളും രോഗികളും ജനങ്ങളും പറഞ്ഞിട്ടും ആവശ്യമായ മരുന്നുണ്ടെന്ന് പറയുന്നത് ആരോഗ്യമന്ത്രി മാത്രമാണ്. പണം നല്‍കാത്തതിനാല്‍ മരുന്ന് കമ്പനികള്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് മരുന്ന് വിതരണം ചെയ്യുന്നില്ല. അവശ്യ മരുന്നുകള്‍ പോലും ലഭ്യമല്ലാത്ത സ്ഥിതി പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുമെന്നും വി.ഡി സതീശൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.