കരുവന്നൂര്‍ ബാങ്കിലെ ഇ.ഡി അന്വേഷണത്തില്‍ പ്രതിപക്ഷത്തിന് വിശ്വാസമില്ലെന്ന് വി.ഡി സതീശൻ
text_fieldsആലുവ: കരുവന്നൂര്‍ ബാങ്കിലെ ഇ.ഡി അന്വേഷണത്തില്‍ പ്രതിപക്ഷത്തിന് വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അന്വേഷണങ്ങള്‍ പോലെ കരുവന്നൂരിലെ ഇ.ഡി. അന്വേഷണവും മുട്ടില്‍ ഇഴയുകയാണ്. കരുവന്നൂരിലെയും മാസപ്പടിയിലേയും അന്വേഷണങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് സി.പി.എമ്മും സംഘപരിവാറും തമ്മില്‍ അവിഹിത ബാന്ധവമുണ്ടാക്കുന്നതിന് വേണ്ടിയുള്ളതാണ്.
സംഘപരിവാര്‍ സഹായത്തിന് പകരമായി കുഴല്‍പ്പണകേസില്‍ സുരേന്ദ്രനെ സി.പി.എമ്മും സഹായിച്ചു. ബി.ജെ.പി കേരളത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നുവെങ്കില്‍ ഈ കേസുകളുമായി മുന്നോട്ട് പോയേനെ. ഇപ്പോള്‍ കേസുകളുമായി മുന്നോട്ട് പോയാല്‍ അതിന്റെ ഗുണം യു.ഡി.എഫിന് കിട്ടും. അതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വരേണ്ടന്ന നിലപാട് ബി.ജെ.പി സ്വീകരിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് എം.പിമാരുടെ എണ്ണം കുറക്കുകയെന്നതാണ് ബി.ജെ.പി ലക്ഷ്യം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കിയത് സി.പി.എമ്മുകാരാണ്. വ്യാജ ഐ.ഡി കാര്‍ഡുമായി ഏറ്റവും കൂടുതല്‍ വോട്ട് ചെയ്തത് ഡി.വൈ.എഫ്.ഐക്കാരാണ്. പത്തനംതിട്ടയില്‍ 18 സഹകരണ ബാങ്കുകളാണ് വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് പിടിച്ചെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസില്‍ ഒരു തെളിവുമില്ല.
പൊലീസ് വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. കണ്ണൂരില്‍ പെണ്‍കുട്ടിയുടെ മുടിയില്‍ ചവുട്ടിയാണ് പൊലീസ് നിന്നത്. ലാത്തി ഉപയോഗിച്ച് കണ്ണില്‍ കുത്തുകയാണ്. ഫോട്ടോഗ്രാഫറുടെ കഴുത്തിന് പിടിച്ച് മാറ്റിയതു പോലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കഴുത്തിന് പിടിക്കുന്നത്.
രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പൊലീസ് കാട്ടുന്നത്. ഞങ്ങളുടെ കുട്ടികളെ നിയമവിരുദ്ധമായി ഉപദ്രവിച്ച ഒരു ഉദ്യോഗസ്ഥനെയും വെറുതെ വിടില്ല. നിയമ നടപടികളുമായി അവര്‍ക്ക് പിന്നാലെയുണ്ടാകും. യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈതന്യം പകരുന്ന സംഘടനകളായി മാറിയിരിക്കുകയാണ്. അതിന് പിണറായി വിജയനോടാണ് നന്ദി പറയേണ്ടതെന്നും സതീശൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.