ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നിശ്ചയിച്ചതു പോലെ കോഴിക്കോട് നടക്കുമെന്ന് വി.ഡി സതീശൻ
text_fieldsകൊച്ചി: ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നിശ്ചയിച്ചതു പോലെ കോഴിക്കോട് നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഫലസ്തീന്‍ റാലിക്ക് വേണ്ടി കോഴിക്കോട് കടപ്പുറത്തെ സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസാണ് ആദ്യം ആവശ്യപ്പെട്ടത്. സ്വാഭാവികമായും തരേണ്ടതായിരുന്നു.
പിന്നീട് സര്‍ക്കാരും ഇതേ സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ ഫലസ്തീന്‍ റാലിക്ക് വേണ്ടി അനുവദിക്കാനാകില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തു. കോണ്‍ഗ്രസിന്റെ പരിപാടി 23 നും സര്‍ക്കാരിന്റേത് 25നുമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പരിപാടിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തില്‍ റാലി നടത്താവുന്നതാണ്.
വൈക്കം സത്യഗ്രഹ വാര്‍ഷിക പരിപാടി കെ.പി.സി.സി നടത്തിയ അതേ പന്തലിലാണ് സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയും നടന്നത്. രണ്ട് കൂട്ടര്‍ക്കും ബുദ്ധമുട്ട് ഇല്ലാത്ത രീതിയില്‍ കോഴിക്കോട്ടെ പരിപാടി നടക്കുന്നതിന് അനുയോജ്യമായ സഹാചര്യമുണ്ടാകുമെന്നാണ് കരുതുന്നത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകും. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടി നടക്കും.
കോണ്‍ഗ്രസ് റാലി തീരുമാനിക്കുന്നത് എ.കെ.ജി സെന്ററിലല്ല. അത് കെ.പി.സി.സി ഓഫീസിലാണ് തീരുമാനിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് സി.പി.എം റാലി നടത്തിയത്. അതിനും എത്രയോ മുന്‍പാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ലീഗ് സംഘടിപ്പിച്ചത്. സി.പി.എം റാലിക്കും മുന്‍പ് കോണ്‍ഗ്രസും മലപ്പുറത്ത് ജില്ലാതല റാലി നടത്തി. ജില്ലാ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോഴിക്കോട്ടെ കോണ്‍ഗ്രസ് റാലി തീരുമാനിച്ചത്.
സര്‍ക്കാരിന് നവകേരള സദസ് പോലൊരു പരിപാടി സംഘടിപ്പാക്കാനുള്ള അവകാശമുണ്ട്. നവകേരള സദസ് രാഷ്ട്രീയ പ്രചരണ പരിപാടിയാണ്. അതുകൊണ്ടു തന്നെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടല്ല മുഖ്യമന്ത്രിയും മന്ത്രിമാരും തെരഞ്ഞെടുപ്പ് പ്രചരണം നടത്തേണ്ടത്. അതിന് വേണ്ടി എല്‍.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും പണം ഉപയോഗിക്കണമെന്നതാണ് യു.ഡി.എഫ് നിലപാട്.
പരിപാടി സംഘടിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും പണം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭീഷണിപ്പെടുത്തി സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിക്കാന്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നിയമവിരുദ്ധമായ പണപ്പിരിവാണ് നവകേരളസദസിന്റെ പേരില്‍ നടക്കുന്നത്. അത് അവസാനിപ്പിക്കണം. നിയമവിരുദ്ധ പരണപ്പിരിവ് അവസാനിപ്പിക്കുന്നതിന് വേണ്ടി യു.ഡി.എഫ് നിയമനടപടി സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.