ഐ.ജി വിജയന്‍റെ സസ്‌പെന്‍ഷന് പിന്നില്‍ പൊലീസ് ആസ്ഥാനത്തെ ചേരിപ്പോരെന്ന് പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: ഐ.ജി പി. വിജയന്‍റെ സസ്‌പെന്‍ഷന് പിന്നില്‍ പൊലീസ് ആസ്ഥാനത്തെ ചേരിപ്പോരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ട്രെയിന്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആരോപിച്ചതാണ്. തീയിട്ടതിന് ശേഷവും പ്രതി അതേ ട്രെയിനിലാണ് കണ്ണൂരിലെത്തിയത്. ട്രെയിനിലോ റെയില്‍വേ സ്‌റ്റേഷനിലോ യാതൊരു പരിശോധനയും നടത്തിയില്ല. പ്രതിയെ പിടകൂടിയതിലും കേരള പൊലീസിന് യാതൊരു പങ്കുമില്ല. പ്രതിയെ പൊലീസ് കേരളത്തിലെത്തിക്കുക മാത്രമാണ് ചെയ്തത്. കേരളത്തിലേക്ക് എത്തിക്കുന്നതിലും ഗുരുതരമായ വീഴ്ചയുണ്ടായി. ഇപ്പോള്‍ വാര്‍ത്ത ചോര്‍ന്നതിന്റെ പേരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസിനുണ്ടായ അനാസ്ഥയിലല്ല, വാര്‍ത്ത ചോര്‍ന്നതിലാണ് നടപടിയെന്നും സതീശൻ പറഞ്ഞു.
കുറെക്കാലമായി പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ രണ്ടു ചേരിയിലാണ്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍. സുരക്ഷയില്ലാതെയാണ് പ്രതിയെ കേരളത്തില്‍ എത്തിച്ചെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ കടന്നു കയറ്റമാണ്. എന്നിട്ടും ആ വാര്‍ത്ത പോലും റിപ്പോര്‍ട്ട് ചെയ്യാത്തത് അദ്ഭുതകരമാണ്. നേരത്തെ മാധ്യമ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന നടപടി ഏഷ്യാനെറ്റിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. മോദിയുടെ അതേ ശൈലിയാണ് പിണറായി വിജയനും. പൊലീസിന്റെ അനാസ്ഥ പുറത്ത് വന്നതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിയുന്നത് ശരിയല്ല.
ഗുരുതരമായ രണ്ട് അഴിമതി ആരോപണങ്ങളില്‍ മറുപടി പറയാതെ മുഖ്യമന്ത്രി മാധ്യമങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു വിശദീകരണവുമില്ല. വ്യവസായ സെക്രട്ടറി അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് പറഞ്ഞിട്ടും ആഴ്ചകള്‍ കഴിഞ്ഞു. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന് സ്വീകാര്യമല്ല. അഴിമതിയില്‍ മുഖ്യമന്ത്രി പങ്കാളിയാണ്. എല്ലാ രേഖകളും പ്രതിപക്ഷം ഹാജരാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധു ഉള്‍പ്പെടെയുള്ളവര്‍ അഴിമതിയില്‍ പങ്കാളികളാണ്. അന്വേഷണം നടത്തിയാല്‍ തെളിവ് ഹാജരാക്കാന്‍ പ്രതിപക്ഷം തയാറാണ്. പക്ഷെ ഒരു തരത്തിലുള്ള അന്വേഷണത്തിനും സര്‍ക്കാര്‍ തയാറല്ല. അതുകൊണ്ട് യു.ഡി.എഫ് ഹൈകോടതിയെ സമീപിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കും. അഴിമതിയില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ച പ്രസാഡിയോ കമ്പനിയുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കാര്യങ്ങള്‍ കൂടി പുറത്ത് വരും. കമ്പനിയുമായുള്ള ബന്ധം പുറത്ത് വരുമെന്ന് അറിയാമെന്നതിലാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്. പ്രസാഡിയോയുമായി ഒരു ബന്ധവും ഇല്ലെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ?
46 ശതമാനവും 65 ശതമാനവും കമീഷന്‍ വാങ്ങുന്ന അഴിമതി സര്‍ക്കാരിനെതിരായ സമരമാണ് നാളെ നടക്കുന്ന സെക്രട്ടേറിയറ്റ് വളയല്‍. ജനജീവിതം ദുരിത പൂര്‍ണമാക്കിയിരിക്കുകയാണ്. 5000 കോടിയോളം നികുതി വര്‍ധിപ്പിച്ചു. വെള്ളക്കരവും വൈദ്യുതി ചാര്‍ജും വര്‍ധിപ്പിച്ചു. വൈദ്യുതി ചാര്‍ജ് വീണ്ടും കൂട്ടാന്‍ പോകുകയാണ്. ഇവിടെ ജനങ്ങള്‍ ഇരകളും സര്‍ക്കാര്‍ വേട്ടക്കാരുമാണ്. ജനവിരുദ്ധ സര്‍ക്കാരിനെതിരായ സമരമാണ് നാളെ നടക്കുന്നത്. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിനെതിരായ ജനവികാരം സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ പ്രതിഫലിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.